ഇലക്ട്രിക്ക് കരുത്തില്‍ ചേതക്ക് സ്‌കൂട്ടറുകൾ; ഉപഭോക്താക്കള്‍ക്ക് ബജാജ് കൈമാറാൻ തുടങ്ങി

ഇലക്ട്രിക്ക് കരുത്തില്‍ മടങ്ങി വന്ന ചേതക്ക് സ്‌കൂട്ടറുകളെ ഉപഭോക്താക്കള്‍ക്ക് ബജാജ് കൈമാറാൻ തുടങ്ങി. ആദ്യ ബാച്ച് സ്‌കൂട്ടറുകള്‍ പുണെയിലെയും ബെംഗളൂരുവിലെയും ഉപയോക്താക്കള്‍ക്കാണ് നല്‍കിയത്. തല്‍ക്കാലം ഈ രണ്ട് നഗരങ്ങളിലാണ് ഇ-സ്‌കൂട്ടര്‍ വില്‍ക്കുന്നത്. കെടിഎം ഔട്ട്‌ലെറ്റുകളിലൂടെയാണ് വില്‍പ്പന നടക്കുന്നത് . മൂന്ന് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി ലഭിക്കുന്നുണ്ട്. ഘട്ടംഘട്ടമായി രാജ്യത്തെ മറ്റ് നഗരങ്ങളിലും ബജാജ് ചേതക് ഇ-സ്‌കൂട്ടര്‍ കിട്ടി തുടങ്ങും..
കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടാണ് ചേതക്കിന്‍റെ മടങ്ങിവരവ് നടക്കുന്നത് . ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ അര്‍ബണൈറ്റ് ആണ് ഇലക്ട്രിക് ക രുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിക്കുന്നതിൽ മുൻകൈ എടുത്തിരിക്കുന്നത്. 2019 ഒക്ടോബര്‍ 17നായിരുന്നു വാഹനത്തിന്‍റെ അവതരണം നടന്നത്. അർബൻ, പ്രീമിയം എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലായിട്ടാണ് വാഹനം എത്തുക. അർബൻ വേരിയന്റിന് ഒരു ലക്ഷം രൂപയും പ്രീമിയം വേരിയന്റിന് 1.15 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിന്‍റെ പ്രധാന ഭാഗം.
https://www.facebook.com/Malayalivartha


























