ടെലികോം കമ്പനികൾക്ക് ആശ്വാസമേകി കേന്ദ്ര സർക്കാർ; കുടിശ്ശിക അടച്ചുതീർക്കാൻ ടെലികോം കമ്പനികൾക്ക് 20 വർഷത്തെ സാവകാശം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു

എജിആർ (അഗ്രിഗേറ്റ് ഗ്രോസ് റവന്യു) കുടിശ്ശിക അടച്ച് തീർക്കാൻ ടെലികോം കമ്പനികൾക്ക് 20 വർഷത്തെ സാവകാശം നൽകണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സാമ്പത്തിക ഞെരുക്കത്തിൽ പെട്ട് ഉലയുന്ന ടെലിക്കോം കമ്പനികൾക്ക് ആശ്വാസകരമാകുന്ന നിലപാടാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ നല്‍കാനുള്ള കുടിശ്ശിക എത്രയും പെട്ടെന്ന് അടച്ചു തീര്‍ക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ കമ്പനികള്‍ കുടിശ്ശിക നൽകാൻ തുടങ്ങിയിരുന്നു. എയർടെൽ 10000 കോടിയും വോഡഫോൺ ഐഡിയ 2500 കോടിയും കുടിശ്ശിക ഇനത്തില്‍ നല്കിയിട്ടുണ്ട്. ആകെ 147000 കോടി രൂപ വിവിധ കമ്പനികൾ സർക്കാരിന് അടയ്‍ക്കേണ്ടതുണ്ട്.
അതിരൂക്ഷ വിമര്‍ശനമാണ് ടെലികോ കമ്പനികള്‍ക്കെതിരെ കേസ് പരിഗണിക്കവേ സുപ്രീകോടതി ഉന്നയിച്ചത്. കുടിശ്ശിക തീര്‍ക്കണമെന്ന സുപ്രീംകോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച മൊബൈല്‍ കമ്പനികള്‍ക്കെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചിരുന്നു . എജിആര്‍ കുടിശ്ശിക തീര്‍ക്കാത്ത ടെലികോം കമ്പനികളുടെ മേധാവിമാര്‍ക്ക് നോട്ടീസ് അയച്ച കോടതി, കമ്പനി മേധാവിമാരോട് നേരിട്ട് കോടതിയില്‍ ഹാജരാകാൻ നിർദേശം നൽകി. കുടിശ്ശിക അടയ്ക്കാന്‍ കമ്പനികള്‍ക്ക് സാവകാശം നല്‍കിയ ഉദ്യോഗസ്ഥനും കോടതി നോട്ടീസ് അയച്ചിരുന്നു. മൊബൈല്‍ സര്‍വ്വീസ് സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍,വോഡാഫോണ്‍, ബിഎസ്എന്‍എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ടാറ്റാ ടെലികമ്മ്യൂണിക്കേഷന്‍ എന്നീ കമ്പനികളുടെ മേധാവിമാരോട് മാര്‍ച്ച് 17-ന് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























