പൗരന്മാരുടെ എല്ലാ വിവരങ്ങളും ഇനി മോദിക്കു മുന്നിലെത്തും; രാജ്യത്തെ ഓരോ പൗരന്‍മാരെയും നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സംവിധാനം തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്; 2019 ഒക്ടോബര്‍ നാലിന് ആധാര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ആധാര്‍ ആക്ടില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായും രേഖകള്‍

രാജ്യത്തെ ഓരോ പൗരന്‍മാരെയും നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സംവിധാനം തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഓരോ പൗരന്മാരുടെയും യാത്ര, ജോലി മാറ്റം, വസ്തു വാങ്ങല്‍, പുതിയ ജനന മരണങ്ങള്‍, വിവാഹം, ഭാര്യ/ഭര്‍തൃ ഗൃഹങ്ങളിലേക്കുള്ള താമസം മാറല്‍ തുടങ്ങി ഓരോ വ്യക്തിയുടെയും സമസ്ത മേഖലകളും ഇനി സര്‍ക്കാര്‍ നിരീക്ഷണത്തിന് കിഴിലാക്കുന്നതാണ് പുതിയ സംവിധാനം. 'നാഷണല്‍ സോഷ്യല്‍ രജിസ്റ്ററി' എന്‍എസ്ആര്‍ എന്ന പേരിലാണ് പുതിയ നിരീക്ഷണ സംവിധാനം ഒരുങ്ങുന്നത്. ഇതിനായുള്ള ഡാറ്റാബേസ് നിര്‍മാണത്തിന്റെ അന്തിമ ഘട്ടത്തിലാണെന്നും ദേശീയ മാധ്യമമായ 'ഹഫിങ്ടണ്‍' പോസ്റ്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് വിവരങ്ങള്‍ കാലാനുസൃതമായി സ്വമേധയാ അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനമാണ് 'നാഷണല്‍ സോഷ്യല്‍ രജിസ്റ്ററി' എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, വിവരാവകാശ രേഖകള്‍ വഴി ഇപ്പോള്‍ പുറത്തായ വിവരങ്ങള്‍ വ്യക്തമാക്കുന്നത് ഓരോ പൗരനെയും എല്ലാ അര്‍ത്ഥത്തിലും നിരീക്ഷണ വിധേയമാക്കുന്ന ആധാര്‍ ആധാരമാക്കിയുള്ള സര്‍ക്കാര്‍ സംവിധാനമാണ് 'നാഷണല്‍ സോഷ്യല്‍ രജിസ്റ്ററി' എന്ന പേരില്‍ തയാറാക്കപ്പെടുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട് പ്രകാരം മനസിലാകുന്നത്. നിലവില്‍ പൗരന്മാരുടെ ആധാര്‍ സംവിധാനത്തില്‍ മാറ്റം വരുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി സര്‍ക്കാരിനോട് പുതിയ സംവിധാനത്തിനായി നിയോഗിച്ച വിദഗ്ദ്ധസമിതി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
2018 മാര്‍ച്ച് അഞ്ചിന്, സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പുതുക്കാനുള്ള ഒരു നിര്‍ദേശത്തിന്മേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവച്ചിരുന്നു. സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ വിശദാംശങ്ങളും സുരക്ഷാവ്യവസ്ഥകളും അപ്പോഴും പൂര്‍ണരൂപത്തിലായിരുന്നില്ല. എന്നാല്‍ നിലവിലെ ഈ ഡാറ്റാബേസ് പ്രകാരം ചില വിപത്തുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നിരീക്ഷണ സംവിധാനത്തിന് അധുനിക വിവരാടിത്തറ സംവിധാനങ്ങളുടെ പരസ്പരപ്രവര്‍ത്തനത്തിലൂടെ ശേഖരിക്കാവുന്നതായ വിവരങ്ങളുടെ അളവിന് ഒരു സാങ്കേതിക പരിധിയുമില്ലെന്നതാണ് പ്രധാന കാര്യം.
2019 ഒക്ടോബര്‍ നാലിന് ആധാര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ആധാര്‍ ആക്ടില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇത് നിലവില്‍ വരികയാണെങ്കില്‍ ആധാര്‍ നിയമത്തിലെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യമായ ഭാഗങ്ങള്‍ക്കായിരിക്കും മാറ്റം വരിക. രാജ്യത്തെ ഓരോ കുടുംബങ്ങളെയും 'ജിയോടാഗ്' ചെയ്യണമെന്നും അതിനെ ഐ.എസ്.ആര്‍.ഒ വികസിപ്പിച്ച 'ഭുവന്‍' സംവിധാനവുമായി ബന്ധിപ്പിക്കണമെന്നും 2019 ഒക്ടോബര്‍ 19 ന് നടന്ന സര്‍ക്കാര്‍ യോഗത്തില്‍ നീതി ആയോഗ് സ്പെഷ്യല്‍ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു എന്നും വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























