പതഞ്ജലിയുടെ ലാഭക്കൊതിയില്‍ പിടിവീണു; യോഗ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ എഫ്.എം.സി.ജി. കമ്പനിയായ പതഞ്ജലിക്ക് വമ്പന്‍ പിഴയിട്ട് ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റി

യോഗ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ എഫ്.എം.സി.ജി. കമ്പനിയായ പതഞ്ജലിക്ക് വമ്പന്‍ പിഴയിട്ട് ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റി. ജി.എസ്.ടി. നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാത്തതിനാണ് ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റിയായ എന്‍എഎ പതഞ്ജലി ആയുര്‍വേദയ്ക്ക് വമ്പന്‍ തുക പിഴ ചുമത്തിയിരിക്കുന്നത്. 75 കോടി രൂപയോളമാണ് അമിതലാഭ വിരുദ്ധ അതോറിറ്റി പതജ്ഞലിക്കെതിരേ പിഴയിനത്തില്‍ ചുമത്തിയിരിക്കുന്നത്.
ജി.എസ്.ടി. നിരക്ക് കുറച്ചിട്ടും കമ്പനി പുറത്തിറക്കിയ വാഷിങ് പൗഡര്‍ വില വര്‍ധിപ്പിച്ച് വില്‍പ്പന നടത്തിയെന്നാണ് അതോറിറ്റിയുടെ കണ്ടെത്തല്‍. ജി.എസ്.ടി. 28 ശതമാനത്തില്‍നിന്ന് 18 ആയി കുറച്ചിട്ടും, 18 ഉള്ളത് 12 ആയി കുറച്ചിട്ടും ഇതിന്റെ ഗുണം ഉപഭോക്താവിന് ലഭിച്ചില്ലെന്നും അതോറിറ്റി വിലയിരുത്തി. മൂന്നുമാസത്തിനകം സംസ്ഥാനങ്ങളുടെയും, കേന്ദ്രത്തിന്റെ ഉപഭോക്തൃക്ഷേമ ഫണ്ടുകളില്‍ പിഴ തുക നിക്ഷേപിക്കണമെന്നാണ് നിര്‍ദേശം. ഇതിന് 18 ശതമാനം ജി.എസ്.ടിയും നല്‍കണം.
അതേസമയം, ജി.എസ്.ടി. നിരക്കുകളില്‍ നല്‍കിയ ഇളവുകളുടെ ആനുകൂല്യം ഉപഭോക്താവിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റി രൂപവത്കരിച്ചത്. ഉത്പാദകര്‍ കൊള്ളലാഭം എടുക്കുന്നില്ലന്ന് ഉറപ്പുവരുത്തലാണ് നാഷണല്‍ ആന്റി പ്രൊഫിറ്ററിങ് അതോറിറ്റിയുടെ ലക്ഷ്യം. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനൊപ്പം 4 കേന്ദ്ര സംസ്ഥാന സര്‍ക്കുകളുടെ പ്രതിനിധികളും ചേരുന്നതാകും സമിതി. ജിഎസ്ടി യുടെ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയുള്ള ഉപഭോക്താക്കള്‍ക്ക് സമിതിയെ സമീപിക്കാം. പരാതിയില്‍ പ്രാഥമിക പരിശോധന നടത്തുന്നതിനായി പ്രത്യേകം സ്‌ക്രീനിങ് കമ്മിറ്റികളും ഉണ്ടാകും. അന്വേഷണത്തിനൊടുവില്‍ ഉത്പാദകര്‍ക്കെതിരെ കടുത്ത പിഴയീടാക്കാനും വേണമെങ്കില്‍ സ്ഥാപനത്തിന്റെ ജിഎസ്ടി രജിസ്‌ട്രേഷന്‍ തന്നെ റദ്ദാക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാകും.
അതേസമയം, ഇന്ത്യന്‍ വിപണിയില്‍ സ്വദേശി ആയുര്‍വേദ ഉല്‍പ്പന്നമെന്ന പ്രഖ്യാപനത്തോടെ കടന്നുവന്നതാണ് പതഞ്ജലി ആയൂര്‍വേദ. ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം വിപണിയിലെ വിദേശ കമ്പനികളോട് കിടപിടിക്കുന്ന തരത്തില്‍ വളര്‍ന്നിരുന്നു. പ്രമുഖ എഫ്എംസിജി കമ്പനികളായ ഹിന്ദുസ്ഥാന്‍ ലിവര്‍, പി ആന്‍ഡ് ജി തുടങ്ങിയവയെപ്പോലും വിറപ്പിക്കാന്‍ ബാബ രാംദേവിനു കഴിഞ്ഞിരുന്നു. എന്നാല്‍, സമീപകാലത്ത് പതഞ്ജലിക്ക് തങ്ങളുടെ വിപണിയിലെ സ്വാധീനത്തില്‍ ഇടിവുണ്ടായി. ഇതോടെ, വിദേശ വ്യവസായികളോടും ഉത്പന്നങ്ങളോടുമുള്ള വിരോധമൊക്കെ മാറ്റിവച്ച് വിദേശ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പതഞ്ജലി ആയുര്‍വേദ് നീക്കമാരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha



























