അയൽരാജ്യമായ ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ഒരിക്കലും ഇന്ത്യയിലേക്ക് എത്തില്ലെന്ന ആശ്വാസത്തിലായിരുന്നു ഇന്ത്യക്കാർ... എന്നാൽ ഇപ്പോൾ വൈറസ് തൊട്ടു മുൻപിൽ എത്തിയിട്ടും വേണ്ടത്ര ജാഗ്രത കൊടുക്കാൻ നമ്മൾ തയ്യാറാകുന്നുണ്ടോ?

അയൽരാജ്യമായ ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ഒരിക്കലും ഇന്ത്യയിലേക്ക് എത്തില്ലെന്ന ആശ്വാസത്തിലായിരുന്നു ഇന്ത്യക്കാർ... എന്നാൽ ഇപ്പോൾ വൈറസ് തൊട്ടു മുൻപിൽ എത്തിയിട്ടും വേണ്ടത്ര ജാഗ്രത കൊടുക്കാൻ നമ്മൾ തയ്യാറാകുന്നുണ്ടോ എന്ന കാര്യം സംശയമാണ്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ രോഗത്തിന്റെ വ്യാപനവും മരണ സംഖ്യയും താരതമ്യേന കുറവാണ് ഇന്ത്യയിൽ. അതുകൊണ്ടുതന്നെ വേണ്ടത്ര മുൻകരുതലുകൾ എടുക്കുന്ന കാര്യത്തിൽ ജനങ്ങൾ അത്ര ബോധവാൻമാരാകുന്നില്ല എന്നതാണ് ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം . എന്നാൽ വിചാരിക്കുന്ന പോലെ അത്ര ലളിതമല്ല കാര്യങ്ങൾ
മാർച്ച് ആറിന് വെറും 30 പേരിൽ മാത്രമാണ് ഇന്ത്യയിൽ കൊവിഡ് 19 സ്ഥിരീകരിച്ചതെങ്കിൽ മാർച്ച് 17 ആകുമ്പോഴേക്കും രോഗികളുടെ എണ്ണം 126 ൽ എത്തിയിരിക്കുകയാണ്. സർക്കാർ സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകരും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ വൈറസ് വ്യാപനത്തെ നമുക്ക് തടയാൻ കഴിയും. പക്ഷേ ജാഗ്രതയോടെയുള്ള പ്രവർത്തനം ഉണ്ടാകുന്നില്ലെങ്കിൽ വിദേശ രാജ്യങ്ങൾക്ക് സമാനമായ രീതിയിലാകും ഇന്ത്യയിലും വൈറസ് പടർന്ന് പിടിക്കുക.
സർക്കാർ അധികൃതർ പുറത്തുവിടുന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ നിലക്ക് പോകുകയാണെങ്കിൽ ഇന്ത്യയിൽ 5-6 ദിവസത്തിനുള്ളിൽ കൊറോണ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് കരുതുന്നത് . ഉദാഹരണത്തിന് മാർച്ച് 6 ന് ഇന്ത്യയിൽ 30 ഓളം കൊറോണ ബാധിതർ മാത്രമേ ഉണ്ടായിരുന്നുള്ളു.
എന്നാൽ പിന്നീട് എണ്ണത്തിൽ ക്രമാതീതമായ വർധനവ് ഉണ്ടാവുകയായിരുന്നു. വെറും അഞ്ച് ദിവസത്തിനുള്ളിൽ വൈറസ് ബാധിതരുടെ എണ്ണം ആറുപതായി ഉയരുകയായിരുന്നു. പിന്നീട് മാർച്ച് 17 ആകുമ്പോഴേക്ക് ഇത് 126 ആയി ഉയരുകയും ചെയ്തു.
66 പേരിൽ രോഗം സ്ഥിരീകരിച്ചത് വെറും ആറ് ദിവസത്തിനുള്ളിലായിരുന്നു. ഇത് തള്ളിക്കളയാവുന്ന സംഗതി അല്ല.. ഇന്ത്യയിൽ ഇതുവരെ രോഗം ബാധിച്ച് മൂന്ന് മരണം സ്ഥിരീകരിക്കുകയും ചെയ്തു. ആദ്യം കൽബുർഗിയിലും പിന്നീട് ഡൽഹിയിലും ഏറ്റവുമൊടുവിൽ മുംബൈയിലുമാണ് മരണം സ്ഥിരീകരിച്ചത്.
ഇതേ രീതിയിൽ മുന്നോട്ട് പോയാൽ അടുത്ത ആറ് ദിവസത്തിനുള്ളിൽ രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം ഒരു പക്ഷെ 252 ആയി ഉയർന്നേക്കാം എന്നാണു റിപ്പോർട്ടുകൾ . ഇത് തീർച്ചയായും ഭയപ്പെടുത്തുന്നത് തന്നെയാണ് .
റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം വർധിക്കുമ്പോൾ തന്നെ രോഗലക്ഷണങ്ങുള്ള പലരുടെയും പരിശോധന നടത്തിയിട്ടില്ലെന്നതും റിപ്പോർട്ടുകൾ വരാനുണ്ട് എന്നതും ഈ ആശങ്ക വർധിപ്പിക്കുന്നതാണ്. ഇന്ത്യയിൽ രോഗികളുടെ എണ്ണം 100 കടന്നപ്പോൾ തന്നെ ഇന്ത്യയും കൊവിഡ് 19 ബാധിതരായ മറ്റ് രാജ്യങ്ങളെ പോലെ നിർണ്ണായക ഘട്ടത്തിലേക്ക് കടന്നതായി വിദഗ്ദർ വിലയിരുത്തിയിരുന്നു.
ചൈനയ്ക്ക് പുറത്ത് കൂടുതൽ രോഗം വ്യാപിക്കുകയും മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത രാജ്യം ഇറ്റലിയാണ്. നിലവിൽ രാജ്യത്ത് 27,980 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2,158 ആണ്.
അവിടെ 1851 പേർ ഇപ്പോൾ ഗുരുതരാവസ്ഥയിലാണെന്നതും പ്രത്യേകം ഓർക്കേണ്ടതുണ്ട്. ഇറ്റലിയിൽ 322 രോഗികളിൽ നിന്ന് 10,000 പേരിലേക്ക് വൈറസ് എത്തിയത് വെറും രണ്ടാഴ്ചക്കുള്ളിലാണ്. അത്രയേറെ വ്യാപന ശേഷി ഉള്ള വൈറസ് ആയതിനാൽ കൃത്യമായ പ്രതിരോധമാർഗ്ഗങ്ങൾ എടുക്കേണ്ടതുണ്ട് എന്ന സത്യം മറന്നുകൂടാ.
ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ മാത്രമാണ് കൊവിഡ് 19നെ പ്രതിരോധിക്കാൻ നമുക്ക് മുന്നിലുള്ള ഏക വഴി. ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് ആളുകൾ കൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കേണ്ടത് വരുന്ന ആഴ്ചകളിൽ നിർബന്ധമാണ്. കേരള ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച് ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിലും മറ്റും പറയുന്നതുപോലെ വൈറസ് വ്യാപനം തടയാനായി ഒരേ മനസോടെ മുന്നോട്ട് പോകാൻ ഓരോരുത്തരും തയ്യാറാകണം...
https://www.facebook.com/Malayalivartha



























