മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതിനെതിരെ മുന്‍ സുപ്രീംകോടതി ജഡ്ജിമാരും പ്രതിപക്ഷവും രൂക്ഷവിമര്‍ശവുമായി രംഗത്ത്

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതിനെതിരെ മുന്‍ സുപ്രീംകോടതി ജഡ്ജിമാരും പ്രതിപക്ഷവും രൂക്ഷവിമര്‍ശവുമായി രംഗത്ത്. കേന്ദ്ര സര്‍ക്കാറിന് അനുകൂലമായി പുറപ്പെടുവിച്ച നിര്‍ണായക വിധികളുടെ പ്രതിഫലമാണ് രാജ്യസഭാംഗത്വമെന്ന വിമര്‍ശനമാണുയര്‍ന്നിരിക്കുന്നത്. ബാബരി ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുത്തതും റഫാല്‍ അഴിമതി ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റമുക്തനാക്കിയതും കേന്ദ്ര ആഭ്യന്തര മന്ത്രി ആരോപണ വിധേയനായ ജഡ്ജി ലോയയുടെ ദുരൂഹ മരണ കേസ് അടച്ചതും ജമ്മു-കശ്മീരിന്റെ 370 റദ്ദാക്കാനുള്ള സാവകാശം നല്‍കിയതും കനയ്യ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഒഴിവാക്കിയതും ഗൊഗോയി ആയിരുന്നു.
അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്ന തീരുമാനമാണിതെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനുമായ ദുഷ്യന്ത് ദവെ പ്രതികരിച്ചു. സ്വതന്ത്ര കോടതികള്‍ എന്നത് ഔദ്യോഗികമായി മരിച്ചുപോയെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ ഗൗതം ഭാട്യ പ്രതികരിച്ചു. സ്വന്തം ആത്മാവുകള്‍ വില്‍പനക്ക് വെച്ചവര്‍ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്ക് വ്യാപാരം തുടങ്ങിയെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍കൂടിയായ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പരിഹസിച്ചു.
വിരമിച്ചശേഷം ന്യായാധിപന്മാരെ മറ്റു പദവികളില്‍ നിയമിക്കുന്നത് കോടതികളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള പാടാണെന്ന് രഞ്ജന്‍ ഗൊഗോയിതന്നെ മുമ്പ് പറഞ്ഞതാണെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഒന്നിന് പകരം മറ്റൊന്നാണ് ഇതെങ്കില്‍ എങ്ങനെയാണ് ജനങ്ങള്‍ക്ക് കോടതികളില്‍ വിശ്വാസമുണ്ടാവുകയെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പി ചോദിച്ചു. ഗൊഗോയി രാജ്യസഭാംഗത്വം സ്വീകരിക്കരുതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജിമാരായ മദന്‍ ബി ലോകുറും കുര്യന്‍ ജോസഫും ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha



























