കൊവിഡ് 19; രോഗബാധിതരെന്ന് സംശയിക്കുന്ന 167 പേരെ ലുധിയാനയിൽ നിന്നും കാണാതായി, ആശങ്കയിൽ ആരോഗ്യവകുപ്പ്

കൊവിഡ് 19 ബാധിതരെന്ന് സംശയിക്കുന്ന 167 പേരെ പഞ്ചാബിലെ ലുധിയാനയില്‍നിന്ന് കാണാതായി. വിദേശത്ത് നിന്ന് എത്തിയവരെയാണ് കാണാതായത് എന്ന് സിറ്റി സിവില്‍ സര്‍ജന്‍ രാജേഷ് ബഗ്ഗ മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 200 പേരാണ് വിദേശത്ത് നിന്ന് എത്തിയത്. ഇവരെ കണ്ടെത്താന്‍ രണ്ട് സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്.
എന്നാല്‍, ഇതുവരെ 12 പേരെ മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. 119 പേരെ കണ്ടെത്താനുള്ള ചുമതല പൊലീസിനാണ്. ആരോഗ്യ വിഭാഗം ഇതുവരെ 17 പേരെ കണ്ടെത്തിയെന്നും മറ്റ് 167 പേരെക്കുറിച്ച് വിവരമില്ലെന്നും അധികൃതര്‍ അറിയിച്ചു. പാസ്‌പോര്‍ട്ട്, ഫോണ്‍ നമ്പര്‍ വിവരങ്ങള്‍ വെച്ച് ഇവരെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും പലരും തെറ്റായ ഫോണ്‍ നമ്പറാണ് നല്‍കിയിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. പലരും പാസ്‌പോര്‍ട്ടില്‍ നല്‍കിയ വിലാസത്തിൽ അല്ല ഇപ്പോൾ താമസിക്കുന്നത് . പ്രതിസന്ധികളുണ്ടെങ്കിലും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ലുധിയാന റെയില്‍വേ സ്‌റ്റേഷനില്‍ രോഗ വ്യാപനം തടയുന്നതിനായി സാനിറ്റേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്ത് നിന്ന് എത്തിയവര്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് സഹകരിക്കാത്തത് പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. പലരും ആരോഗ്യവകുപ്പിന്റെ പരിശോധനക്ക് വിധേയമാകാതെ രക്ഷപ്പെടുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. വിദേശത്ത് നിന്ന് എത്തിയവര്‍ പരമാവധി സ്വയം ഐസൊലേഷനില്‍ കുറഞ്ഞത് 14 ദിവസമെങ്കിലും കഴിയണമെന്നാണ് സര്‍ക്കാറുകള്‍ നല്‍കുന്ന നിര്‍ദേശം.
https://www.facebook.com/Malayalivartha
























