കൊവിഡ് 19; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 42 ആയി; കനത്ത ജാഗ്രതയിൽ സംസ്ഥാനം

രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് സ്ഥിതീകരിച്ചത് മഹാരാഷ്ട്രയിലാണ്. കനത്ത ജാഗ്രതയിലാണ് സംസ്ഥാനം ഇപ്പോൾ . പൂനെയിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 42 ആയി ഉയർന്നു. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ ദില്ലിയിലേക്ക് പോകാൻ ശ്രമിച്ച നാലംഗ കുടുംബത്തെ കൈയിൽ പതിച്ച മുദ്ര കണ്ട് സഹയാത്രക്കാർ തടഞ്ഞുവെച്ചു.
എല്ലാ ദിവസവും പുതിയ കൊവിഡ് 19 കേസുകൾ മഹാരാഷ്ട്രയിൽ സ്ഥിരീകരിക്കുകയാണ്. കഴിഞ്ഞ ദിവസം രോഗി മരണമടഞ്ഞതോടുകൂടി പൊതുജനം വലിയ ആശങ്കയിലുമാണ്. 18 പേർക്ക് രോഗം സ്ഥിരീകരിച്ച പൂനെയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. പുതുതായി രോഗം സ്ഥിരീകരിച്ച രോഗി ഫ്രാൻസിലും നെതർലൻഡിലും പോയി തിരിച്ചുവന്നയാളാണ്.
ബാന്ദ്രയിൽ നിന്ന് ദില്ലിയിലേക്ക് പോകുന്ന ഗരീബ് രഥ് എക്സ്പ്രസിൽ നിന്നാണ് കൊവിഡ് നിരീക്ഷണത്തിലുള്ള നാലംഗ കുടുംബത്തെ ആളുകള്‍ തടഞ്ഞുവെച്ചത് . വീട്ടിൽ നിരീക്ഷണത്തിലുള്ളവരെന്ന് മഹാരാഷ്ട്രാ സർക്കാർ പതിച്ച മുദ്ര ഇവരുടെ കൈകളിലുണ്ടായിരുന്നു. ഇതുകണ്ട യാത്രക്കാർ ബഹളം വച്ചതോടെ ടിടിആർ ഇവരെ പാൽഖർ സ്റ്റേഷനിൽ ഇറക്കുകയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയുമായിരുന്നു . തുടർന്ന് ഇവർ സഞ്ചരിച്ച ബോഗി സൂറത്തിൽ വച്ച് അണുവിമുക്തമാക്കി.
ഓഫീസുകളിൽ 50 ശതമാനത്തിൽ താഴെ ഹാജർനില മതിയെന്ന നിബന്ധന വന്നതോടെ നഗരത്തിൽ തിരക്ക് കുറഞ്ഞു . രോഗ വ്യാപനത്തിന് സാധ്യതയുള്ള സബർബൻ ട്രെയിനുകൾ നിർത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രെയിനിലും തിരക്ക് കുറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha
























