അനിയന്‍ ഗൊഗോയി ചേട്ടന്‍ ഗൊഗോയി ;മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി, രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതിന് രണ്ടുമാസം മുമ്പ് അദ്ദേഹത്തിന്റെ സഹോദരനും ഉന്നത പദവി ലഭിച്ചു;സര്‍ക്കാരിനെ കുപ്പിയിലാക്കി സ്ഥാനങ്ങള്‍ അടിച്ചെടുക്കുന്നതിങ്ങനെ

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി, രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതിന് രണ്ടുമാസം മുമ്പ് അദ്ദേഹത്തിന്റെ സഹോദരനും ഉന്നത പദവി ലഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രഞ്ജന്‍ ഗൊഗോയിയുടെ മൂത്ത സഹോദരന്‍ റിട്ട. എയര്‍ മാര്‍ഷല്‍ അഞ്ജന്‍ ഗൊഗോയിയെ ആണ് രാഷ്ട്രപതി ഭവന്‍, സഹമന്ത്രിക്ക് സമാനമായ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ദി വൈറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുള്ള നോഡല്‍ ഏജന്‍സിയായ വടക്കു കിഴക്കന്‍ വികസന കൗണ്‍സിലിലെ മുഴുവന്‍ സമയ അംഗമായാണ് അഞ്ജന്‍ ഗൊഗോയിയെ നിയോഗിച്ചത്. ഇതു സംസ്ഥാന മന്ത്രിയുടെതിന് തുല്യമായ പദവിയാണ്. സംസ്ഥാന ഗവര്‍ണമാരും മുഖ്യമന്ത്രിമാരുമാണ് മറ്റ് അംഗങ്ങള്‍. കൗണ്‍സില്‍ അംഗമായി മൂന്നു വര്‍ഷത്തേക്കാണ് അദ്ദേഹത്തെ നിയമച്ചിരിക്കുന്നതെന്ന് ജനുവരി 24ന് ഇറങ്ങിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
മേഖലാതല ഉപദേശക സംവിധാനമായതിനാല്‍, ഇവിടുത്തെ സാമൂഹിക- സാമ്പത്തിക നയരൂപവത്കരണത്തില്‍ ഇടപെടുന്ന ആളെയാണ് കൗണ്‍സില്‍ അംഗമായി പ്രതീക്ഷിക്കുന്നത് എങ്കിലും എന്‍.ഇ.സിയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് വിരമിച്ച ഒരു പ്രതിരോധ ഉദ്യോഗസ്ഥനെ രാഷ്ട്രപതിയുടെ നാമനിര്‍ദേശത്തില്‍ അംഗമാക്കുന്നത്. 2013 ഫെബ്രുവരി 28ന് ദക്ഷിണ പടിഞ്ഞാറന്‍ കമാന്‍ഡിന്റെ കമാന്‍ഡിങ് ഇന്‍ ചീഫ് എയര്‍ ഓഫിസറായി വിരമിച്ച അഞ്ജന്‍ ഗൊഗോയ് ഔദ്യോഗിക ജീവിതത്തിലേറെയും വടക്കു കിഴക്കന്‍ മേഖലക്കു പുറത്തായിരുന്നു. 1972ലാണ് വടക്കു കിഴക്കന്‍ വികസന കൗണ്‍സില്‍ നിലവില്‍ വന്നത്. ചെയര്‍മാന്റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതിക്ക് രണ്ട് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാം.
കൗണ്‍സില്‍ അംഗത്വം ലഭിച്ചവരില്‍ ബി.ജെ.പിക്കാര്‍ക്കായിരുന്നു മുന്‍തൂക്കം. വിരമിച്ച ഐ.എ.എസ് ഓഫിസര്‍ ചന്ദ്രകാന്ത ദാസിനെയും ഗംഗമുമീ കാമീയെയുമാണ് 2015ല്‍ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്. ദാസ് അസമില്‍ ബി.ജെ.പി ഭാരവാഹിയായിരുന്നു. കാമീയും പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇവരെ നിയമിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്, രണ്ടാം യു.പി.എ സര്‍ക്കാര്‍ നിയമിച്ച മുന്‍ കേന്ദ്ര ടൂറിസം സെക്രട്ടറി എം.പി. ബെസ്ബറുവ അംഗത്വമൊഴിയുകയായിരുന്നു. 2017ല്‍ ഗംഗമുമീ കാമീ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കും മുമ്പേ മരിച്ചു. 2018 ആഗസ്റ്റില്‍ അസം സര്‍വകലാശാല ഡീനായ ബിമന്‍കുമാര്‍ ദത്തയെ അംഗമായി നിയമിച്ചു. ചന്ദ്രകാന്ത ദാസിന്റെ ഒഴിവിലാണ് അഞ്ജന്‍ ഗൊഗോയിയെ നിയമിച്ചത്.
അതേസമയം, വിവാദങ്ങള്‍ക്കിടെ സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്കായിരുന്നു സത്യപ്രതിഞ്ജ. ഗോഗോയിയെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യസഭാംഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശം ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ കെടിഎസ് തുള്‍സിയുടെ ഒഴിവിലാണ് രാഷ്ട്രപതി മുന്‍ ചീഫ് ജസ്റ്റിസിനെ നാമനിര്‍ദേശം ചെയ്തത്. രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ സ്ഥാനം സ്വീകരിച്ചതിനെതിരെ മുന്‍ സുപ്രിംകോടതി ജഡ്ജിമാരും രാഷ്ട്രീയ നേതാക്കളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിരുന്നു.
അയോധ്യ, റഫാല്‍, ശബരിമലയിലെ സ്ത്രീ പ്രവേശനം എന്നിവ അടക്കമുള്ള സുപ്രധാന കേസുകളില്‍ വിധി പ്രസ്താവിച്ചത് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു. കഴിഞ്ഞവര്‍ഷം നവംബറിലാണ് അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിമരിച്ചത്.
https://www.facebook.com/Malayalivartha
























