രാജ്യം കാത്തിരുന്ന വിധി; നിർഭയ കേസ് പ്രതികളെ നാളെ തൂക്കിലേറ്റും; മരണവാറണ്ട് സ്റ്റേ ആവശ്യപ്പെട്ട് നിര്‍ഭയകേസ് പ്രതികള്‍ നല്‍കിയ ഹരജി ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി; നാളെ വെളുപ്പിനെ 5.30ന് തൂക്കിലേറ്റുമെന്ന് തിഹാർ ജയിൽ അധികൃതർ അറിയിച്ചു

നിർഭയ കേസ് പ്രതികളെ നാളെ തൂക്കിലേറ്റും. മരണവാറണ്ട് സ്റ്റേ ആവശ്യപ്പെട്ട് നിര്‍ഭയകേസ് പ്രതികള്‍ നല്‍കിയ ഹരജി ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. നാളെ വെളുപ്പിനെ 5.30ന് തൂക്കിലേറ്റുമെന്ന് തിഹാർ ജയിൽ അധികൃതർ അറിയിച്ചു.
നിർഭയക്കേസിലെ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ ശേഷിക്കേ വിചാരണ അസാധുവാക്കണമെന്ന പ്രതി മുകേഷ് സിങ്ങിന്റെ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. സംഭവം നടന്ന ദിവസം ഡൽഹിയിൽ ഇല്ലായിരുന്നു എന്നാണ് മുകേഷ് സിങ് ഹർജിയിൽ വാദിച്ചത്. ഇനി പാട്യാലാ ഹൗസ് കോടതിയിൽ ഒരു ഹർജി കൂടി പരിഗണനയിലുണ്ട്. പുതിയ റിട്ട് ഹർജി നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പുനഃപരിശോധനാ ഹർജിയും തിരുത്തൽ ഹർജിയും താനല്ല നൽകിയതെന്ന വാദവും കോടതി തള്ളി.
നേരത്തെ, അക്ഷയ് സിങ്ങിന്റെയും പവൻ ഗുപ്തയുടെയും രണ്ടാം ദയാഹർജിയും രാഷ്ട്രപതി തള്ളിയതിനാൽ പ്രതികൾക്ക് നിയമപരമായ അവകാശങ്ങൾ ഒന്നും ബാക്കിയില്ലെന്നും വധശിക്ഷ വെള്ളിയാഴ്ച തന്നെ നടപ്പാക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.
ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 എന്നീ തീയതികളിൽ വധശിക്ഷ നടപ്പാക്കാൻ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹർജികൾ നിലനിന്ന സാഹചര്യത്തിൽ ഇതെല്ലാം റദ്ദാക്കി. തുടർന്നാണ് മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെ 20നു രാവിലെ 5.30നു തൂക്കിലേറ്റാൻ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചത്.
2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.
തിഹാർ ജയിലിൽ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകൾ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ആരാച്ചാർ പവൻ കുമാറിനെ തിഹാർ ജയിലിൽ നേരെത്തെ തന്നെ എത്തിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് നാല് കുറ്റവാളികൾക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha

























