ഇത്തവണത്തെ ഐപിഎല്‍ ഉപേക്ഷിക്കുമോ? കുടുങ്ങുന്നത് സഞ്ജുവും ധോണിയും!

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ രാജ്യാന്തര കരിയറിനു മേല്‍ ഭീഷണി ഉയര്‍ത്തി കൊവിഡ് 19. മഹമാരിയായ കൊറോണ വൈറസ് വ്യാപനത്തില്‍ ലോകം മുഴുവന്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍, ഈമാസം 29ന് ആരംഭിക്കേണ്ടിയിരുന്ന ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഏപ്രില്‍ 15ലേക്ക് മാറ്റിയിരുന്നു. പക്ഷെ കൊറോണ വൈറസ് ബാധ ഇനിയും നിയന്ത്രണവിധേയമായിട്ടില്ല. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15ന് കളി നടക്കുമോയെന്ന കാര്യം സംശയത്തിലാണ്. അതുപോലെ കൊറോണ ഭീതി കെട്ടടങ്ങിയിട്ട, ജൂലൈ സെപ്റ്റംബര്‍ മാസങ്ങളില്‍ ഐപിഎല്‍ സംഘടിപ്പിക്കാന്‍ കഴിയുമോ എന്നും ബിസിസിഐ നേതൃത്വം ആലോചിക്കുന്നുണ്ട്. എങ്കിലും അക്കാര്യത്തിലും അന്തിമ തീരുമാനം ആയിട്ടില്ല. അതിനാല്‍ ഐപിഎല്‍ ഉപേക്ഷിച്ചാല്‍ ധോണിക്ക് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക പ്രയാസമായിരിക്കും. ട്വന്റി 20 ലോകകപ്പ് ടീമിലെത്താന്‍ ധോണിക്ക് മുന്നിലുള്ള ഏക വഴിയാണ് ഐപിഎല്‍ എന്നതാണ് കാരണം. ഐപിഎല്ലിലെ മികവ് നോക്കിയാവും ധോണിയെ ടീമിലേക്ക് പരിഗണിക്കുകയെന്ന് ടീം കോച്ച് രവി ശാസ്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
മുന്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദിനെപ്പോലെ ഇപ്പോഴത്തെ ചീഫ് സെലക്ടര്‍ സുനില്‍ ജോഷിയും ധോണി ഐപിഎല്ലില്‍ മികവ് തെളിയിക്കണം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡ് പര്യടനത്തില്‍ കെഎല്‍ രാഹുല്‍ ബാറ്റിംഗിലും കീപ്പിംഗിലും മികവ് തെളിയിച്ചതും ധോണിക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷം ധോണി ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം പരിശീലനം പുനരാരംഭിച്ചെങ്കിലും കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ധോണി നാട്ടിലേക്ക് മടങ്ങിയിരുന്നു.
അതുപോലെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ കിട്ടിയ രണ്ട് അവസരത്തിലും നിരാശപ്പെടുത്തിയ മലയാളിതാരം സഞ്ജു സാംസണും ലോകകപ്പ് ടീമില്‍ സ്ഥാനം നേടാന്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാണ്. ഐപിഎല്‍ ഉപേക്ഷിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താല്‍ ധോണിക്കൊപ്പം സഞ്ജുവിനും ഇത് വലിയ തിരിച്ചടിയായേക്കും. അതേസമയം, എം എസ് ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യത കുറവാണെന്ന് മുന്‍താരം വിരേന്ദര്‍ സെവാഗ് വ്യക്തമാക്കി. കെ എല്‍ രാഹുലും റിഷഭ് പന്തും ടീമിലുള്ളപ്പോള്‍ ടീമിന് ധോണിയുടെ ആവശ്യമില്ലെന്നും സെവാഗ് പറയുന്നു. ഐപിഎല്ലില്‍ കളിച്ച് മികവ് തെളിയിക്കാമെന്ന ധോണിയുടെ സാധ്യത മങ്ങുന്നതിനിടെയാണ് സെവാഗിന്റെ വാക്കുകള്‍.
എന്നാല്‍, ഐപിഎല്‍ നടത്തിയില്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ഭീമന്‍ നഷ്ടം ബിസിസിഐയുടെ മുന്നിലുള്ളതിനാല്‍, ജൂലായ് സെപ്തംബര്‍ മാസം ഐപിഎല്‍ നടത്തുന്നതിനെ കുറിച്ച് ബിസിസിഐ ഭാരവാഹികള്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞതായാ്ണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചില്‍ ഐപിഎല്‍ ആരംഭിക്കുന്നത് പ്രമാണിച്ച് പരസ്യ കരാറുകളെല്ലാം ബോര്‍ഡ് മുന്‍പേ പറഞ്ഞുറപ്പിച്ചിരുന്നു. പക്ഷെ, ഏപ്രില്‍ 15നും സീസണ്‍ തുടങ്ങിയില്ലെങ്കില്‍ പരസ്യം നല്‍കിയ കമ്പനികള്‍ കരാറില്‍ ഭേദഗതി ആവശ്യപ്പെടും. ആളൊഴിഞ്ഞ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടത്തുന്നതെങ്കിലും ചിത്രമിതുതന്നെ. പുതിയ സാഹചര്യത്തില്‍ ഐപിഎല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏകദേശം 1,200 കോടിയോളം രൂപ ബിസിസിഐക്ക് നഷ്ടം സംഭവിക്കുമെന്നാണ് പുതിയ വിവരം. അതേസമയം, ഐ.പി.എല്‍ ഉപേക്ഷിച്ചാല്‍ ബി.സി.സി.ഐക്കുണ്ടായേക്കാവുന്ന നഷ്ടം 3,800 കോടിയില് അധികാമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുപോലെ, മറ്റൊരു തീയതിയിലേക്ക് മത്സരം വീണ്ടും നീട്ടുകയാണെങ്കില്‍ മത്സരക്രമം ബോര്‍ഡ് കാര്യമായി വെട്ടിച്ചുരുക്കും. നേരത്തെ, 2009 ഐപിഎല്‍ സീസണ്‍ അഞ്ചാഴ്ച്ച കൊണ്ടാണ് ബിസിസിഐ പൂര്‍ത്തിയാക്കിയത്. അന്ന് ദക്ഷിണാഫ്രിക്കയായിരുന്നു വേദി. സമാനമായ മത്സരക്രമമായിരിക്കും ഈ വര്‍ഷവും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് കൈക്കൊള്ളുക.
https://www.facebook.com/Malayalivartha

























