വീണ്ടും കാവി പുതച്ച് മധ്യപ്രദേശ് ; 15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യംകുറിച്ച് അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ 15 മാസത്തിനു ശേഷം താഴെയിറങ്ങി ; അവസാന വാതിലും അടഞ്ഞത് സുപ്രീംകോടതി ഉത്തരവിനു തൊട്ടുപിന്നാലെ 16 വിമത എംഎല്‍എമാരുടെ രാജി സ്പീക്കര്‍ എന്‍.പ്രജാപതി സ്വീകരിച്ചതോടെ

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു. ഇതോടെ, 15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യംകുറിച്ച് അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ 15 മാസത്തിനു ശേഷം താഴെയിറങ്ങി നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ, ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് കമല്‍നാഥ് രാജി പ്രഖ്യാപിച്ചത്. ഒരു മണിക്ക് ഗവര്‍ണര്‍ക്ക് കമല്‍നാഥ് രാജിക്കത്ത് നല്‍കും. ഇതോടെ സംസ്ഥാനം വീണ്ടും ബിജെപി ഭരണത്തിലേക്ക് പോകുമെന്ന് ഉറപ്പായി.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. സുപ്രീംകോടതി ഉത്തരവിനു തൊട്ടുപിന്നാലെ 16 വിമത എംഎല്‍എമാരുടെ രാജി സ്പീക്കര്‍ എന്‍.പ്രജാപതി സ്വീകരിച്ചതോടെയാണ് അവസാന വാതിലും അടഞ്ഞത്. തുടര്‍ന്ന് ഒരു രാഷ്ട്രീയ അട്ടിമറിയിലൂടെയല്ലാതെ കമല്‍നാഥിന് വിശ്വാസ വോട്ടെടുപ്പില്‍ അതിജീവിക്കാനാകുമായിരുന്നില്ല. അതിനുള്ള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് കമല്‍നാഥ് രാജി പ്രഖ്യാപിക്കേണ്ടി വന്നത്.
ഏതാനും ദിവസങ്ങള്‍ കൂടി ലഭിച്ചാല്‍ 22 വിമത എംഎല്‍എമാരില്‍ ചിലരെയെങ്കിലും തിരികെക്കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു പാര്‍ട്ടി. എന്നാല്‍ മധ്യപ്രദേശ് നിയമസഭ ഇന്ന് വോട്ടെടുപ്പു നടപടികള്‍ക്കു മാത്രമായി ചേരണമെന്നും വൈകിട്ട് അഞ്ചിനു മുന്‍പായി വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടതോടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാന്‍ കമല്‍നാഥ് സര്‍ക്കാരിന് കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ഇന്നു രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു. വിമത എംഎല്‍എമാരെ തിരികെയെത്തിക്കാനും ബിജെപിയില്‍ നിന്ന് ഏതാനും പേരുടെ പിന്തുണ ഉറപ്പാക്കാനുമുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ശ്രമം പരാജയപ്പെടുകായയിരുന്നു.
ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. രാജിവെച്ച 22 എംഎല്‍എമാരില്‍ 16 പേരുടെ രാജി വ്യാഴാഴ്ച രാത്രി സ്പീക്കര്‍ എന്‍.പി. പ്രജാപതി സ്വീകരിച്ചിരുന്നു. ആറ് പേരുടെ രാജി നേരത്തേ സ്വീകരിച്ചതോടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 98 ആയി ചുരുങ്ങി. ബിജെപിക്ക് 107 അംഗങ്ങളുണ്ട്. ഇതോടെ ബിജെപിക്ക് സ്വാഭാവികമായി സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ബെംഗളൂരുവിലുള്ള വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് എത്തുമോ എന്നതില്‍ വ്യക്തതയില്ല. ഇവര്‍ മധ്യപ്രദേശില്‍ എത്തിയാല്‍ സുരക്ഷയൊരുക്കാന്‍ മധ്യപ്രദേശ് ഡിജിപിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി ഓഫിസ് പരിസരം ഉള്‍പ്പെടെ നഗരത്തില്‍ പലയിടത്തും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























