നിര്‍ഭയ കേസ് പ്രതി അക്ഷയ് സിംഗ് മകനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു; തൂക്കിലേറ്റിയ വാര്‍ത്ത കേള്‍ക്കാന്‍ കോവിഡിലും തടിച്ചുകൂടി ജനം

ഇന്നു പുലര്‍ച്ചെ 5.30-ന് നിര്‍ഭയ കേസിലെ നാലു പ്രതികളെ തിഹാര്‍ ജയിലില്‍ ഒരുമിച്ചു തൂക്കിലേറ്റിയപ്പോള്‍ രാജ്യം കാത്തിരുന്ന നീതി നിറവേറി. മകനെ കാണണമെന്നു പ്രതി അക്ഷയ് സിങ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ജയില്‍ മാന്വല്‍ പ്രകാരം അനുവദിച്ചില്ല. നാലു കുറ്റവാളികളെയും ശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് പ്രത്യേകം സെല്ലുകളിലായിരുന്നു പാര്‍പ്പിച്ചത്.
രാത്രി മുഴുവന്‍ ഉറങ്ങിയില്ലെന്നും നാലുപേരും ഭക്ഷണം കഴിക്കാന്‍ താല്‍പര്യം കാണിച്ചില്ലെന്നുമാണ് ജയിലില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടെന്നു പോലും നാലുപേരും അറിയിച്ചില്ല. രാവിലെ കുളിക്കാനും തയാറായില്ല. ശിക്ഷ നടപ്പാക്കുന്നതിനു തൊട്ടുമുന്‍പുള്ള മണിക്കൂറുകളില്‍ പ്രതികള്‍ കരഞ്ഞിരുന്നുവെന്നും മുകേഷ് സിങ് മാത്രം മാപ്പു ചോദിച്ചെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ പറഞ്ഞു.
വധശിക്ഷ നടപ്പാക്കി മൃതദേഹം പുറത്തേക്ക് കൊണ്ടുവരുന്ന സമയമത്രയും കനത്ത സുരക്ഷാ വലയത്തിലായിരുന്നു ജയിലും പരിസരവും. ജയിലിലെ എല്ലാ തടവുകാരെയും സെല്ലില്‍ പൂട്ടിയിട്ടിരിക്കയായിരുന്നു.
മരണവാറന്റ് അനുസരിച്ച് പുലര്‍ച്ചെ കൃത്യം 5.30-ന് നാലുപേരെയും തൂക്കിലേറ്റി. ആരാച്ചാര്‍ പവന്‍ ജല്ലാദാണ് പ്രതികളെ തൂക്കിലേറ്റിയത്. കുറ്റം നടന്ന് ഏഴു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞാണു ശിക്ഷ നടപ്പാക്കിയത്. നീതി ലഭിച്ചതായി നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.
അരമണിക്കൂറിനുശേഷം മൃതദേഹങ്ങള്‍ കഴുമരത്തില്‍നിന്നു താഴെയിറക്കി. ഡോക്ടര്‍ പരിശോധിച്ചു മരണം ഉറപ്പാക്കി. മരണവാറന്റയച്ച കോടതിയെ ശിക്ഷ നടപ്പാക്കിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു. രാവിലെ എട്ടോടെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു.
പൊതുദര്‍ശനത്തിനു വയ്ക്കരുതെന്നു രേഖാമൂലം ഉറപ്പു വാങ്ങിയ ശേഷം പത്തേമുക്കാലോടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്‌കാര ച്ചടങ്ങുകളുടെ മുഴുവന്‍ ചെലവും ജയില്‍ വകുപ്പ് വഹിക്കും. രാത്രി മുതല്‍ തിഹാര്‍ ജയിലിനു മുന്നില്‍ കോവിഡ് നിയന്ത്രണങ്ങളെ മറികടന്നു ജനങ്ങള്‍ തടിച്ചു കൂടിയിരുന്നു. ശിക്ഷ നടപ്പായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ദേശീയപതാക വീശിയ ആള്‍ക്കൂട്ടം ജയിലിനു പുറത്ത് മധുരം വിതരണം ചെയ്തു. ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ ഹര്‍ജികള്‍ നല്‍കിയതിനാല്‍ റദ്ദാക്കിയിരുന്നു.
2012-ല്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു റോഡിലെറിഞ്ഞ സംഭവത്തില്‍ ആറു പ്രതികളാണു പിടിയിലായിരുന്നത്. ചികില്‍സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു. പ്രതികളില്‍ ഒരാളായ രാംസിങ് ജയില്‍വാസത്തിനിടെ ജീവനൊടുക്കി. മറ്റൊരു പ്രതിക്കു പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ മൂന്നു വര്‍ഷത്തെ തടവിനു ശേഷം ജയില്‍മോചിതനായി. മറ്റു നാലു പ്രതികള്‍ക്കാണു വധശിക്ഷ ലഭിച്ചത്. 2012 ഡിസംബര്‍ 16-നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. സംഭവത്തില്‍ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമുയര്‍ന്നു. പ്രതികള്‍ക്കു വധശിക്ഷ നല്‍കണമെന്നായിരുന്നു ജനങ്ങളുടെ പൊതുവികാരം.
https://www.facebook.com/Malayalivartha

























