മകന്റെ വിദേശ യാത്രവിവരം മറച്ചുവെച്ച റെയില്‍വെ ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍; കോവിഡ്19 രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ജര്‍മനിയില്‍നിന്നും സ്‌പെയിന്‍ വഴി ബംഗളൂരുവില്‍ എത്തിയ മകന്റെ യാത്രവിവരം സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതരില്‍നിന്നും റെയില്‍വെ ഉദ്യോഗസ്ഥരില്‍നിന്നും മറച്ചുവെച്ചതിന് റെയില്‍വെ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തതായി റെയില്‍വെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കോവിഡ്19 സ്ഥിരീകരിച്ച 25 വയസുകാരനായ മകനെ റെയില്‍വെ ഗസ്റ്റ് ഹൗസില്‍ താമസിപ്പിക്കുകയും ചെയ്തു. ദക്ഷിണ പശ്ചിമ റെയില്‍വെ അസി. പേഴ്‌സണല്‍ ഓഫീസര്‍ (ട്രാഫിക്) നാഗലതാ ഗുരുപ്രസാദിനെയാണ് മാര്‍ച്ച് 19ന് സസ്‌പെന്‍ഡ് ചെയ്തത്.
മാര്‍ച്ച് 13നാണ് ഇവരുടെ മകന്‍ ജര്‍മനയില്‍നിന്നും ബംഗളൂരുവിലെത്തിയത്. തുടര്‍ന്ന് മാര്‍ച്ച് 17വരെ റെയില്‍വെ ഗസ്റ്റ് ഹൗസില്‍ താമസിച്ചു. നാലു ദിവസം ഇവിടെ താമസിച്ച യുവാവ് പുറത്തേക്ക് പോകാതെ മുറിയില്‍ തന്നെ കഴിഞ്ഞു. മകനെ പരിചരിക്കുന്നതിനായി നാഗലത മാര്‍ച്ച് 16,17 ദിവസങ്ങളില്‍ അവധിയെടുത്തിരുന്നു. 18ന് കോവിഡ്19 രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. മകനെ സ്വദേശമായ ഹുബ്ബള്ളിയിലേക്ക് ഒറ്റക്ക് അയക്കുന്നത് അപകടമായതിനാലാണ് ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചതെന്നും ഓഫീസിലെ മറ്റു ജീവനക്കാരുമായി താന്‍ ഇടപ്പെട്ടില്ലെന്നുമാണ് നാഗലതയുടെ വിശദീകരണം. എന്നാല്‍, ഇവര്‍ മാര്‍ച്ച് 14ന് ഓഫീസിലെത്തിയിരുന്നു. യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ ഗസ്റ്റ് ഗൗസ് അടച്ചശേഷം അണുവിമുക്തമാക്കി. മുന്‍കരുതലായി ബുധനാഴ്ച മുതല്‍ ഗസ്റ്റ് ഹൗസില്‍ മുറികള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു. കര്‍ണാടക സര്‍ക്കാര്‍ അടുത്തിടെ ഭേദഗതി ചെയ്ത പകര്‍ച്ച വ്യാധി നിരോധിത നിയമപ്രകാരം കോവിഡ്19 റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്നും വരുന്നവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. യാത്രാവിവരങ്ങള്‍ മറച്ചവെക്കുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ഭേദഗതിയിലുണ്ട്. ഇതും ഇവര്‍ക്കെതിരായ നടപടിക്ക് കാരണമായി.
https://www.facebook.com/Malayalivartha
























