കര്‍ണാടക അതിര്‍ത്തി അടച്ചു.... വിദഗ്ധ ചികിത്സക്ക് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയയാള്‍ക്ക് ചികിത്സ കിട്ടാതെ യാത്രാമധ്യേ മരിച്ചു
വിദഗ്ധ ചികിത്സക്ക് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയയാളെ അതിര്‍ത്തി അടച്ചതിനാല്‍ പൊലീസുകാര്‍ തിരിച്ചയച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇദ്ദേഹം മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ജി.വി.എച്ച്.എസ്.എസിന് സമീപത്തെ തൂമിനാട് ലക്ഷംവീട് കോളനിയിലെ അബ്ദുല്‍ ഹമീദാണ് (60) വെള്ളിയാഴ്ച രാവിലെ മരിച്ചത്.ആസ്ത്മ രോഗിയായ ഇയാളെ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ദേര്‍ലക്കട്ട യേനപ്പോയ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ കാറില്‍ കൊണ്ടുപോകുമ്പോള്‍ തലപ്പാടി ടോള്‍ ബൂത്തിന് സമീപം കര്‍ണാടക പൊലീസ് തടയുകയായിരുന്നു.
പിന്നീട് ഇയാളെ മംഗല്പാടി സി.എച്ച് സി.യിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായാണ് കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാടക സര്‍ക്കാര്‍ റോഡ് അടച്ചത്. ഭാര്യ: റുഖിയ: മക്കള്‍: അഷറഫ്, ഫാത്തിമ, സുനൈന, മുഹമ്മദ്.
"
https://www.facebook.com/Malayalivartha