യുപി സര്‍ക്കാര്‍, നാട്ടില്‍ മടങ്ങിയെത്തിയ തൊഴിലാളികള്‍ക്കുമേല്‍ അണുനാശിനി തളിച്ച സംഭവം വിവാദമുയര്‍ത്തുന്നു

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ വച്ച്, അന്യസംസ്ഥാനങ്ങളില്‍നിന്ന് സ്വന്തം നാട്ടില്‍ മടങ്ങിയെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘത്തെ റോഡില്‍ നിരത്തിയിരുത്തിയശേഷം അണുനാശിനി തളിച്ച ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെ നടപടി വിവാദമാകുന്നു.
തൊഴിലാളികള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍നിന്നും യുപിയിലേക്ക് വരുന്നതിനായി ബസ് സൗകര്യം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നു. ഈ ബസിലെത്തിയ സംഘത്തിനുനേരെ ആയിരുന്നു ഭരണകൂടത്തിന്റെ അതിക്രമം. ഭരണകൂടത്തിന്റെ നടപടി വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.
എന്നാല്‍ തളിച്ചത് ക്ലോറിന്‍ കലക്കിയ വെള്ളമാണെന്ന വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. ഇത് മനുഷ്യത്വരഹിത നടപടി അല്ല. ആളുകള്‍ കൂട്ടമായി എത്തിയതിനാല്‍ അണുവിമുക്തരാക്കേണ്ടത് അനിവാര്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം മനുഷ്യത്വരഹിതമായ നടപടികള്‍ ഒഴിവാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഞെട്ടിപ്പിക്കുന്ന നടപടിയാണ് ഇത്. ഈ തൊഴിലാളികള്‍ ഒരുപാട് സഹിച്ചവരാണ്. അവരുടെ മേല്‍ രാസവസ്തുക്കള്‍ തളിക്കരുത്. അത് അവരുടെ ആരോഗ്യത്തെ നശിപ്പിക്കുകയേ ഉള്ളൂവെന്നും പ്രിയങ്ക ട്വിറ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























