അതിശൈത്യം... അമേരിക്കയിൽ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും... പതിനായിരത്തിലേറെ വിമാനസർവീസുകളും യുഎസിൽ റദ്ദാക്കി

അമേരിക്കയിൽ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും. അതിശൈത്യത്തെത്തുടർന്ന് യുഎസിന്റെ വിവിധഭാഗങ്ങളിലായി ഇതുവരെ 20 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞദിവസങ്ങളിൽ ന്യൂയോർക്കിൽ മാത്രം എട്ടുപേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ആറുപേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയും ഓരോ മരണങ്ങൾ റിപ്പോർട്ട്‌ചെയ്തു.
അതേസമയം, ഈ മരണങ്ങളിൽ അന്വേഷണം നടത്തിവരികയാണെന്നും അതിശൈത്യവുമായി ബന്ധപ്പെട്ടാണ് ഈ മരണങ്ങൾ സംഭവിച്ചതെന്ന് ഇപ്പോൾ പറയാനാകില്ലെന്നുമാണ് ന്യൂയോർക്ക് പോലീസിന്റെ പ്രതികരണം.
ന്യൂയോർക്കിലെ ഹഡ്‌സൺ വാലി, മാസച്യുസെറ്റ്‌സ്, ഇലിനോയ്, മിസൗരി, ബോസ്റ്റൺ, ഒഹിയോ വാലി തുടങ്ങിയ മേഖലകളിൽ കനത്ത മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയത്.
മഞ്ഞുവീഴ്ച അവസാനിച്ചിട്ടില്ലെന്നും ഇന്നും ഒന്നുമുതൽ അഞ്ച് ഇഞ്ച് വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായും മാസച്യുസെറ്റ്‌സ് ഗവർണർ മൗറ ഹീലി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ യാത്രകൾ വെല്ലുവിളിയാണെന്നും കഴിയുമെങ്കിൽ എല്ലാവരും വീടുകളിൽ തന്നെ തുടരണമെന്നും ഗവർണർ അഭ്യർത്ഥിക്കുകയും ചെയ്തു.
അതേസമയം കനത്ത മഞ്ഞുവീഴ്ച കാരണം യുഎസിലെ ഏഴുലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് വൈദ്യുതി തടസപ്പെട്ടതായാണ് റിപ്പോർട്ടുകളുള്ളത്. ടെന്നസിയിലാണ് വൈദ്യുതിതടസ്സം ഏറ്റവും കൂടുതൽ ബാധിച്ചത്. ടെന്നസിയിൽ മാത്രം 2.47 ലക്ഷം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസപ്പെട്ടെന്നും മിസിസിപ്പി, ടെക്‌സസ്, വിർജിനിയ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി സമാനമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും കാരണം പതിനായിരത്തിലേറെ വിമാനസർവീസുകളും യുഎസിൽ റദ്ദാക്കിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























