ലോക്ക്ഡൗണ്‍ നീട്ടിയതിനു പിന്നാലെ തൊഴിലാളികള്‍ക്ക് കൈത്താങ്ങുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യമാകെ 20 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; തൊഴിലാളികള്‍ക്ക് പരാതി ഉന്നയിക്കാം.

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. തൊഴിലാളികളുടെ വേതനം ഉള്‍പ്പെടെയുളള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ജീവനക്കാരുടെ പരാതികള്‍ കേള്‍ക്കാന്‍ രാജ്യമൊട്ടാകെ 20 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് കേസുകള്‍ അനുദിനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടാനുളള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. തൊഴില്‍ നഷ്ടപ്പെട്ടതോടെ ദിവസവേതനക്കാര്‍ ഉപജീവനമാര്‍ഗം കണ്ടെത്താന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഭക്ഷണം, മരുന്ന് എന്നി അവശ്യവസ്തുക്കള്‍ ഉറപ്പുവരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. എങ്കിലും തൊഴില്‍ സംബന്ധമായ പ്രയാസങ്ങള്‍ തൊഴിലാളികള്‍ നേരിടുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
അതിനിടെ, കോവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നീട്ടിയതു സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ പ്രധാനമായും ഏഴ് കാര്യങ്ങളാണ് നിര്‍ദേശിച്ചത്. സ്ഥാപനങ്ങള്‍ ജീവനക്കാരെ പിരിച്ചുവിടരുത്, സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുക തുടങ്ങിയ പ്രധാന കാര്യങ്ങളാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് പിന്തുടരാന്‍ ആവശ്യപ്പെട്ടത്.
അതേസമയം, അപ്രതീക്ഷിതമായി എത്തിയ കൊറോണയില്‍ സ്തംഭിച്ച് നില്‍ക്കുകയാണ് ഇന്ത്യയുടെ സമ്പദ് രംഗം. പൊതുവേ മാന്ദ്യത്തിലായിരുന്ന സാമ്പത്തിക രംഗം തിരിച്ചു വരവിന്റെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയതിന് പിന്നാലെയാണ് കൊറോണയുടെ വരവ്. ഇതോടെ സാമ്പത്തിക വളര്‍ച്ചാ മുരടിപ്പ് നീണ്ടുനില്‍ക്കുമെന്നാണ് വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ മൂലം രാജ്യത്തെ പ്രധാന ബിസിനസ് സ്ഥാപനങ്ങളും ഫാക്ടറി ഔട്ട്‌ലെറ്റുകളും എല്ലാം അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗത സംവിധാനം ഉള്‍പ്പെടെ പ്രവര്‍ത്തിയ്ക്കുന്നില്ല. ഏകദേശം 8 ലക്ഷം കോടി രൂപയാണ് 21 ദിവസം കൊണ്ട് മാത്രം ഇന്ത്യയ്ക്ക് നഷട്മായതന്നാണ് കരുതുന്നത്. ലോക്ക് ഡൗണ്‍ കാലാവധി കൂട്ടിയതോടെ നഷ്ടത്തിന്റെല തോത് ഇനിയും ഉയരുമെന്നും ഉറപ്പായി.
അതേസമയം, കോവിഡ്-19 രോഗബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രകാരം ഇതുവരെ 32 കോടിയാളുകള്‍ക്കായി 29,500 കോടിയോളം രൂപയുടെ സഹായധനം വിതരണം ചെയ്‌തെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയില്‍ 5.29 കോടി ഗുണഭോക്താക്കള്‍ക്ക് സൗജന്യറേഷനും ഉജ്ജ്വല പദ്ധതി പ്രകാരം ഒരു കോടിയോളം സൗജന്യ പാചകവാതക സിലിണ്ടറും നല്‍കി. പി.എം. കിസാന്‍ പദ്ധതിയുടെ ആദ്യഗഡു 7.47 കോടി പേര്‍ക്കു നല്‍കി. 14,946 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ജന്‍ധന്‍ അക്കൗണ്ടുള്ള 19.86 കോടി സ്ത്രീകള്‍ക്കായി 9,930 കോടി രൂപ വിതരണം ചെയ്തു. മുതിര്‍ന്നപൗരന്മാര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി 1,400 കോടി രൂപയാണ് നല്‍കിയത്. 2.82 കോടി ആളുകള്‍ക്കു പ്രയോജനം ലഭിച്ചു. 2.17 കോടി കെട്ടിട നിര്‍മാണതൊഴിലാളികള്‍ക്കായി 3,071 കോടി രൂപ വിതരണം ചെയ്തു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് 2.1 ലക്ഷം അംഗങ്ങള്‍ക്കായി നോണ്‍ റീഫണ്ടബിള്‍ അഡ്വാന്‍സായി 510 കോടി രൂപയും വിതരണം ചെയ്തുവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























