ലോക്ഡൗണ്‍ നീട്ടിയത് വലിയ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുമെന്ന് പഠനം. വളര്‍ച്ച വട്ടപ്പൂജ്യമാകും. നഷ്ടം 17.8 ലക്ഷം കോടി. ഇന്ത്യ ഇനിയും അനുഭവിക്കാന്‍ കിടക്കുന്നത്...?

അപ്രതീക്ഷിതമായി എത്തിയ കൊറോണയില്‍ സ്തംഭിച്ച് നില്‍ക്കുകയാണ് ഇന്ത്യയുടെ സമ്പദ് രംഗം. പൊതുവേ മാന്ദ്യത്തിലായിരുന്ന സാമ്പത്തിക രംഗം തിരിച്ചു വരവിന്റെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയതിന് പിന്നാലെയാണ് കൊറോണയുടെ കടുന്നുവരവ്. ഇതോടെ സാമ്പത്തിക വളര്‍ച്ചാ മുരടിപ്പ് നീണ്ടുനില്‍ക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ മൂലം രാജ്യത്തെ പ്രധാന ബിസിനസ് സ്ഥാപനങ്ങളും ഫാക്ടറി ഔട്ട്‌ലെറ്റുകളും എല്ലാം അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗത സംവിധാനം ഉള്‍പ്പെടെ പ്രവര്‍ത്തിയ്ക്കുന്നില്ല. ഇതിനിടെയാണ് കോവിഡ് വ്യാപനത്തില്‍ ശമനം കാണാത്തതിനെ തുടര്‍ന്ന് ഏപ്രില്‍ 14ന് അവസാനിക്കേണ്ട രാജ്യവ്യപക ലോക്ക് ഡൗണ്‍ 19 ദിവസം കൂടി നീട്ടയത്. ഇതോടെ സമ്പദ്ഘടനയിലെ നഷ്ടത്തിന്റെ തോത് ഇനിയും ഉയരുമെന്നും ഉറപ്പായി. ഇതിനെ ശരിവയ്ക്കുന്ന നിഗമനങ്ങളുമായാണ് ബ്രിട്ടിഷ് ബ്രോക്കറേജ് സ്ഥാപനമായ ബാര്‍ക്ലേയ്‌സ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
മേയ് 3 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ നീട്ടിയത് ഇന്ത്യയില്‍ വലിയ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുമെന്നു ബാര്‍ക്ലേയ്‌സ് ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക പ്രയാസം ആഭ്യന്തര മൊത്ത ഉത്പാദന സൂചികയിലും പ്രതിഫലിക്കും. ലോക്ഡൗണ്‍ നീട്ടിയെന്നു ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണു ബാര്‍ക്ലേയ്‌സിന്റെ വിലയിരുത്തല്‍. ലോക്ഡൗണ്‍ നീട്ടലിലൂടെ 234 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് രാജ്യത്തുണ്ടാവുക. അതയാത് 17.8 ലക്ഷം കോടി രൂപയുട നഷ്ടം. അതുപോലെ 2020 കലണ്ടര്‍ വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച പൂജ്യമായിരിക്കും. സാമ്പത്തിക വര്‍ഷം കണക്കാക്കുമ്പോള്‍ 2021ല്‍ 0.8 ശതമാനമായിരിക്കും വളര്‍ച്ചയെന്നും ബാര്‍ക്ലേയ്‌സ് ചൂണ്ടിക്കാട്ടി. ആദ്യം മൂന്നാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയ്ക്ക് 120 ബില്യന്‍ ഡോളര്‍ അഥവാ 8.6 ലക്ഷം കോടി രൂപയുടെ നഷ്ടവും ജിഡിപിയില്‍ 4 ശതമാനം ഇടിവുണ്ടാകുമെന്നുമായിരുന്നു ബാര്‍ക്ലേയ്‌സിന്റെ പ്രവചനം. അതേസമയം, ലോക്ഡൗണ്‍ നീട്ടി കോവിഡ് പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു.
അതിനിടെ, സൂക്ഷ്മ ചെറുകിട സംരംഭകര്‍ക്കുള്‍പ്പെടെ കൈത്താങ്ങാകുന്ന രണ്ടാം സാമ്പത്തിക പാക്കേജ് കേന്ദ്ര ക സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും എന്നു സൂചന പുറത്തുവന്നിട്ടുണ്ട്. ഒരു ലക്ഷം കോടി രൂപയുടേതാകും പാക്കേജ് എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. പ്രതിസന്ധിയിലായ എംഎസ്എംഇ മേഖലയ്ക്ക് കൈത്താങ്ങാകുന്നതായിരിക്കും പുതിയ പാക്കേജ്. ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ വന്‍കിട കമ്പനികളുടെയും കോര്‍പ്പറേറ്റുകളുടെയും നഷ്ടം പഠിച്ചതിനു ശേഷം വന്‍കിട കമ്പനികള്‍ക്ക് മാത്രമായും പ്രത്യക പാക്കേജ് പ്രഖ്യാപിച്ചേക്കും. അടുത്തിടെ 1.7 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് പൊതുവായി പ്രഖ്യാപിച്ച പാക്കേജില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും മുന്‍തൂക്കം നല്‍കിയിരുന്നു. ഇന്ത്യന്‍ ജിഡിപിയ്ക്ക് നിര്‍ണായക സംഭാവനയാണ് ചെറുകിട വ്യവസായ മേഖല നല്‍കുന്നത്. 50 കോടിയിലധികം ആളുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്തെ കൊറോണ പ്രതിസന്ധി ഈ രംഗത്തെ നിരവധി സംരംഭങ്ങളെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.
അതേസമയം, കോവിഡ്-19 രോഗബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രകാരം ഇതുവരെ 32 കോടിയാളുകള്‍ക്കായി 29,500 കോടിയോളം രൂപയുടെ സഹായധനം വിതരണം ചെയ്‌തെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയില്‍ 5.29 കോടി ഗുണഭോക്താക്കള്‍ക്ക് സൗജന്യറേഷനും ഉജ്ജ്വല പദ്ധതി പ്രകാരം ഒരു കോടിയോളം സൗജന്യ പാചകവാതക സിലിണ്ടറും നല്‍കിയിട്ടുണ്ട്. പി.എം. കിസാന്‍ പദ്ധതിയുടെ ആദ്യഗഡു ഏഴരക്കോടി പേര്‍ക്കു നല്‍കി. 15000ഓളം കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ജന്‍ധന്‍ അക്കൗണ്ടുള്ള 20 കോടിയോളം സ്ത്രീകള്‍ക്കായി 10000 കോടി രൂപയും വിതരണം ചെയ്തു. മുതിര്‍ന്നപൗരന്മാര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി 1,400 കോടി രൂപയാണ് നല്‍കിയത്. 2.82 കോടി ആളുകള്‍ക്കു പ്രയോജനം ലഭിച്ചു. 2.17 കോടി കെട്ടിട നിര്‍മാണതൊഴിലാളികള്‍ക്കായി 3,071 കോടി രൂപ വിതരണം ചെയ്തു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് 2.1 ലക്ഷം അംഗങ്ങള്‍ക്കായി നോണ്‍ റീഫണ്ടബിള്‍ അഡ്വാന്‍സായി 510 കോടി രൂപയും വിതരണം ചെയ്തുവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, ഇന്നു രാവിലെ പത്തുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടുന്നതായി പ്രഖ്യാപിച്ചത്. നിയന്ത്രണം കര്‍ശനമായി തുടരും. എല്ലാവരും സഹകരിക്കണം. കോവിഡ് പടരുമ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗമാണ്. അനുസരണയുള്ള പടയാളികളെ നമിക്കുന്നു. കോവിഡിനെതിരായ ഇതുവരെയുള്ള യുദ്ധം വിജയകരമാണെന്നും പ്രശ്‌നം സങ്കീര്‍ണമാകാന്‍ രാജ്യം കാത്തുനിന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നില വികസിത രാജ്യങ്ങളെക്കാള്‍ മെച്ചമാണ്. അതേസമയം, ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങള്‍ക്കുണ്ടായ പ്രയാസം മനസിലാക്കുന്നു. സാമ്പത്തിക തകര്‍ച്ച ഉണ്ട്, പക്ഷേ, അത് ജീവനേക്കാള്‍ വലുതല്ലന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി കോവിഡിനെതിരായ പോരാട്ടം നയിക്കുന്നവരെ ബഹുമാനിക്കണമെന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha
























