കോവിഡിനിടെ ഭീതി പരാതി കശ്‍മീരിൽ താഴ്വരയിലൊരു മരം; വെട്ടിക്കളയാൻ ഉത്തരവിട്ട് കോടതി; വിചിത്രമായ വാദങ്ങൾ

കോവിഡ് ഭീതി പരാതി മുന്നേറുമ്പോൾ കശ്‍മീരി താഴ്വരയിൽ ഭയത്തിന്റെ നിഴല് വിരിച്ചുകൊണ്ട് ഒരു മരം പടർന്നു പന്തലിച്ചു നില്കുന്നു. ഒരു തരം പൈൻ മരമാണ് അത് ; പോപ്ലർ മരങ്ങൾ എന്നു വിളിക്കപ്പെടുന്ന അവയ്ക്ക് മലയാളത്തിൽ വെള്ളിലമരം എന്നും പേരുണ്ട്. അപ്പൂപ്പൻ താടിയും പഞ്ഞിയും പോലുള്ള നാരുകള്‍ ചേർന്ന വിത്തുകളാണ് ഇവയുടെ പ്രത്യേകത. അവയുണ്ടായിക്കഴിഞ്ഞാൽ കാറ്റിൽ ചുറ്റിലും പടരുന്നതും സ്വാഭാവികം. കശ്മീരിൽ ഈ മരങ്ങൾ നിരവധിയാണ് . എന്നാൽ കൊറോണക്കാലത്ത് ഇവ കൂട്ടത്തോടെ വെട്ടിമാറ്റുകയാണ് കശ്മീർ നിവാസികൾ. കാരണം മറ്റൊന്നുമല്ല, ഭയന്നിട്ടാണ്. ഈ മരങ്ങളില്‍നിന്നുള്ള അപ്പൂപ്പൻതാടി പോലുള്ള ഭാഗങ്ങളും പഞ്ഞിയും പരാഗരേണുക്കളും മൂക്കിൽ കയറിയാൽ അലർജിയുണ്ടാക്കുമെന്നാണു പറയപ്പെടുന്നത്. ശ്വാസകോശ പ്രശ്നങ്ങളും ചിലർക്കുണ്ടാകുമെന്നും പറയപ്പെടുന്നു. എന്നാൽ വിദഗ്ധര്‍ ഇതെല്ലാം തള്ളിക്കളയുന്നുമുണ്ട്. എന്നിട്ടും എന്തിനാണു വ്യാപകമായി മരങ്ങൾ മുറിച്ചു മാറ്റുന്നത് എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം .
കൊറോണ ഇതിനോടകം കശ്മീരിൽ മൂന്നൂറോളം പേരെ ബാധിച്ചുകഴിഞ്ഞു. നാലു മരണവും സംഭവിച്ചു. ഈ സാഹചര്യത്തിൽ ശ്വാസകോശ സംബന്ധിയായ പ്രശ്നങ്ങൾ പരമാവധി കുറയ്ക്കാനാണ് പോപ്ലര്‍ മരങ്ങൾ വെട്ടിമാറ്റുന്നതെന്ന് അധികൃതർ പറയുന്നു. സംഭവത്തെപ്പറ്റി അന്വേഷിച്ച തോസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷൻ പക്ഷേ രസകരമായ ചില കാര്യങ്ങളാണു കണ്ടെത്തിയത്. കശ്മീരിലെ മൊത്തം വനപ്രദേശത്തിൽ മൂന്നിലൊന്നും പോപ്ലർ മരങ്ങളാണ്. ആയിരത്തോളം മരങ്ങളാണ്ഇതിനോടകം വെട്ടിവീഴ്ത്തിയത്. അതിനു കാരണമായത് ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ഒരു നിർദേശമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകർ ചൂണ്ടിക്കാണിക്കുന്നു.
ഏപ്രിൽ ആദ്യവാരമായിരുന്നു സംഭവം. പോപ്ലർ മരങ്ങളിൽനിന്നുള്ള പരാഗരേണുക്കൾ ഏതെങ്കിലും വിധത്തിലുള്ള അലർജിയുണ്ടാക്കുന്നതായി പരിശോധിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശിച്ചത്. കോവിഡ് ബാധ ഗുരുതരമാകാനും ശ്വാസകോശ പ്രശ്നങ്ങൾ കൂട്ടാനും പോപ്ലർ മരങ്ങളിലെ പരാഗരേണുക്കൾ കാരണമാകുമെന്ന പൊതുതാൽപര്യ ഹർജിയിന്മേലായിരുന്നു നിർദേശം. എന്തായാലും ആ നിർദേശം ചെറുതല്ലാത്ത ഭീതിയാണ് താഴ്‌വരയിൽ സൃഷ്ടിച്ചത്. പെൺ പോപ്ലർ മരങ്ങളാണ് പരാഗരേണുക്കൾ ഉൽപാദിപ്പിക്കുന്നതെന്നു കരുതി അവ കൂട്ടത്തോടെ വെട്ടിമാറ്റാൻ ആരംഭിച്ചു. എന്നാൽ അലർജിയുണ്ടാക്കുന്നതിൽ ഈ മരങ്ങളുടെ അപ്പൂപ്പൻതാടി/പഞ്ഞി പോലുള്ള ഭാഗങ്ങളോ പരാഗരേണുക്കളോ യാതൊരു പങ്കും വഹിക്കുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. മാത്രവുമല്ല ആൺ മരങ്ങളാണ് പരാഗരേണുക്കൾ ഉൽപാദിപ്പിക്കുന്നതും.
വസന്തകാലത്ത് പൂവിടുന്ന മറ്റെല്ലാ മരങ്ങളും സൃഷ്ടിക്കുന്ന അലർജി പ്രശ്നങ്ങൾ മാത്രമേ പോപ്ലർ മരങ്ങളുമുണ്ടാക്കുന്നുള്ളൂവെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മരങ്ങൾ കൂട്ടത്തോടെ വെട്ടുന്നത് പരിസ്ഥിതിക്കു വൻ നാശമാണുണ്ടാക്കുകയെന്നും അവർ വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിക്കു കത്തെഴുതുകയും ചെയ്തു. എന്നാൽ പുൽവാമ ജില്ലാ മജിസ്ട്രേറ്റ് ഉൾപ്പെടെ ഉത്തരവിട്ടിരിക്കുന്നത് ഒരാഴ്ചയ്ക്കകം പെൺ പോപ്ലർ മരങ്ങളെല്ലാം വെട്ടിമാറ്റണമെന്നാണ്. മരംവെട്ടിന് പൊലീസ് സുരക്ഷയും ഉറപ്പുവരുത്തി. നടപ്പാക്കിയില്ലെങ്കിൽ ദുരന്തനിവാരണ നിയമ പ്രകാരം നടപടിയെടുക്കും.
അലർജി കാരണമുണ്ടാകുന്ന ചുമയും തുമ്മയും കൊറോണയാണെന്ന തെറ്റിദ്ധാരണയുണ്ടാക്കുമെന്നും അത് അനാവശ്യ ഭീതിയിലേക്കു നയിക്കുമെന്നുമായിരുന്നു കോടതി നിരീക്ഷണം. ഗ്രാമവാസികളും ഇതോടെ സ്വകാര്യ ഭൂമിയില്‍വരെ കയറി മരം അറുത്തുമാറ്റുകയാണ്. വളരെ പെട്ടെന്നു വളരുന്നവയാണ് പോപ്ലർ മരങ്ങൾ. ജമ്മു കശ്മീരിൽ മാത്രം ഇവ 1–1.5 കോടി എണ്ണമുണ്ടാകും. 1980കളിൽ യുഎസിൽനിന്നും ഓസ്ട്രേലിയയിൽനിന്നും ഇറക്കുമതി ചെയ്തതാണിവ. പ്ലൈവുഡും പെൻസിലും മരപ്പെട്ടികളുമെല്ലാം നിർമിക്കാൻ ഇതിന്റെ തടി ഉപയോഗിക്കുന്നു. എന്നാലും ഇപ്പോഴും പലരും കരുതുന്നത് പോപ്ലർ മരം ശ്വാസകോശ അലർജിയുണ്ടാക്കുമെന്നാണ്. പലപ്പോഴും അവ പൂവിടുന്നതിനു മുൻപ് വെട്ടിമാറ്റുന്നതാണു പതിവ്.
അയൽവീട്ടിലെ പോപ്ലർ മരം തന്റെ കുടുംബത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നു കാണിച്ച് 2014ൽ ജമ്മു കശ്മീർ കോടതിയിൽ ഒരാളുടെ ഹർജിയെത്തിയിരുന്നു. അങ്ങനെ ഈ മരം നടുന്നതും വിൽക്കുന്നതും വാങ്ങുന്നതും തൊട്ടടുത്ത വർഷം കോടതി നിരോധിച്ചു. അന്ന് ലക്ഷക്കണക്കിനു മരങ്ങളിലാണു മഴുകൊണ്ടത്. എന്നാല്‍ പരിസ്ഥിതി പ്രവർത്തകർ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് 2016ൽ ഇതിനെക്കുറിച്ചു പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. പ്രദേശത്തെ മറ്റു പൈൻമരങ്ങളും സിക്കമോർ എന്ന പേരുള്ള മരവുമെല്ലാം സൃഷ്ടിക്കുന്ന അലർജി പ്രശ്നങ്ങൾ പോലും പോപ്ലറുണ്ടാക്കുന്നില്ലെന്നും കണ്ടെത്തി. അതിനു പിന്നാലെ മരം നടീൽ വീണ്ടും ആരംഭിച്ചു. ചില പുൽച്ചെടികളും വൻതോതിൽ പരാഗരേണുക്കളെ വായുവിൽ പരത്തുന്നുണ്ട്. അവയും വെട്ടിമാറ്റി കശ്മീരിനെ മരുഭൂമിയാക്കാനാണോ നീക്കമെന്നാണു പരിസ്ഥിതിവാദികൾ ചോദിക്കുന്നത്. സംഭവത്തെപ്പറ്റി വിശദമായി പഠിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതർ ഇപ്പോൾ.
https://www.facebook.com/Malayalivartha
























