രാഷ്ട്രപതി ഭവന്‍: 115 ജീവനക്കാരുടെ കുടുംബങ്ങള്‍ നിരീക്ഷണത്തില്‍

രാഷ്ട്രപതി ഭവന്‍ എസ്റ്റേറ്റിലും പാര്‍ലമെന്റ് സമുച്ചയത്തിലുമായി 2 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ അതിസുരക്ഷാ മേഖലയില്‍പെടുന്ന രാഷ്ട്രപതി ഭവനിലെ ശുചീകരണത്തൊഴിലാളിയുടെ ബന്ധുവിനും ലോക്‌സഭാ സെക്രട്ടേറിയറ്റില്‍ സിസിടിവി വിഭാഗത്തില്‍ ജോലി ചെയ്തിരുന്നയാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ 13-ന് കോവിഡ് ബാധിച്ച് മരിച്ചയാളുമായി ഇയാളുടെ ബന്ധു സമ്പര്‍ക്കത്തില്‍ വന്നതിനാല്‍ രാഷ്ട്രപതി ഭവനിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ശുചീകരണത്തൊഴിലാളിയെയും കുടുംബത്തെയും നേരത്തെ തന്നെ ക്വാറന്റീനിലാക്കിയിരുന്നു. ഈ ബന്ധുവിനാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാരന് കോവിഡ് നെഗറ്റീവാണെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു.
മുന്‍കരുതലിന്റെ ഭാഗമായി 115 കുടുംബങ്ങളെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. 340 മുറികളും ഉദ്യാനവും ഹാളുകളുമുള്ള രാഷ്ട്രപതി ഭവനിലെ ജീവനക്കാരുടെ ആയിരത്തോളം കുടുംബങ്ങളും റെയ്‌സിന കുന്നിലെ 330 ഏക്കറില്‍ തന്നെയാണ് താമസം.
സിസിടിവി വിഭാഗം ജീവനക്കാരന്‍ , ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ ഭാഗമായ ജിആര്‍ജി റോഡിലെ ഓഫിസിലാണ് ജോലി നോക്കിയിരുന്നത്. മാര്‍ച്ച് 23-ന് സമ്മേളനം അവസാനിച്ച ശേഷം ഇയാള്‍ ജോലിക്കു പോയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha
























