ലോക്ക് ഡൗണിലും അതിര്‍ത്തിയില്‍ സംഹാര താണ്ഡവമായി ഇന്ത്യന്‍ സൈന്യം; നാല് മാസത്തിനിടെ ചുട്ടെരിച്ചത് 50 ഭീകരരെ; അതിര്‍ത്തികടന്നും ആക്രമണം

ലോക്ക് ഡൗണായിട്ടും പാകിസ്താന്റെയും ഭീകരരുടെയും നിരന്തര പ്രകോപനം കാരണം സൈന്യത്തിന് വിശ്രമമില്ല. ജമ്മു കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ സുരക്ഷാ സേന വധിച്ചത് 50 ഭീകരരെയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം മാത്രം 18 പേരെ വധിച്ചു. 17 സേനാംഗങ്ങള്‍ ഈ വര്‍ഷം വീരമൃത്യു വരിച്ചു. 9 പ്രദേശവാസികളെ ഭീകരര്‍ കൊലപ്പെടുത്തി. ജയ്ഷെ മുഹമ്മദ് കശ്മീര്‍ മേധാവി ഖരി യാസിര്‍, ജയ്ഷ് കമാന്‍ഡര്‍ സജാദ് നവാബ് ദര്‍, ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ഹരൂണ്‍ വാനി, ലഷ്‌കര്‍ കമാന്‍ഡര്‍ മുസഫര്‍ അഹമ്മദ് എന്നിവരടക്കമുള്ള കൊടും ഭീകരരെ വധിച്ചു. കഴിഞ്ഞ വര്‍ഷമാകെ 109 ഭീകരരെയാണു വധിച്ചത്.
കോവിഡ് പിടിമുറുക്കുമ്പോഴും അതിര്‍ത്തിയിലൂടെ പരമാവധി ഭീകരരെ ഇന്ത്യയിലേക്കു കടത്തിവിടാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുകയാണെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ രണ്ടാഴ്ചയായി നടത്തുന്ന കനത്ത ഷെല്ലാക്രമണത്തിന്റെ മറവിലാണു നുഴഞ്ഞുകയറ്റ ശ്രമം. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള ആരോഗ്യ മുന്‍കരുതലുകള്‍ നിലവിലുണ്ടെങ്കിലും കശ്മീരിലെ ഭീകര വേട്ടയില്‍ നിന്ന് ഒരിഞ്ചു പിന്നോട്ടു പോവരുതെന്നാണു ജവാന്‍മാര്‍ക്കുള്ള നിര്‍ദേശം. കശ്മീരിലേക്കു കൂടുതല്‍ സേനാംഗങ്ങളെ എത്തിക്കാന്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്ന് പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ ദക്ഷിണ കശ്മീരിലെ ഷോപിയനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥനെ സുരക്ഷാ സേന മോചിപ്പിച്ചു. ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സേന നടത്തിയ നീക്കത്തിനൊടുവിലാണ് ശ്രീനഗറില്‍ ഉദ്യോഗസ്ഥനായ ജാവേദ് ജബ്ബാറിനെ മോചിപ്പിച്ചത്.
ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലയായ രജൗരിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു പാക്ക് സേനയുടെ ഷെല്ലാക്രമണം. ഇന്നലെ രാവിലെ 11 മണിയോടെ വ്യാപക ആക്രമണം നടത്തിയ പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ ഭാഗത്ത് ആര്‍ക്കും പരുക്കില്ല. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആക്രമണം നടത്താന്‍ പാകിസ്താന്‍ തയ്യാറായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സിന്ധ് പ്രവിശ്യയിലെ ചെറിയ തുറമുഖങ്ങള്‍ മുഖേന പാകിസ്താനിലെ അധോലോക സംഘങ്ങളെയോ കള്ളക്കടത്ത് സംഘങ്ങളുടെ സഹായത്തോടെയോ പടിഞ്ഞാറന്‍ തീരത്തുകൂടി ആക്രമണം നടത്താനാണ് പാക് പദ്ധതിയെന്നാണ് മുന്നറിയിപ്പ്.
അതേസമയം ഇന്ത്യന്‍ തീരത്തുള്ള നാവികസേനാ ആസ്തികളേയാകും പാക് ചാരസംഘടനയായ ഐഎസ്ഐ ലക്ഷ്യം വെക്കുന്നതെന്നാണ് മുന്നറിയിപ്പ്. സിന്ധ് പ്രവിശ്യയിലെ ചെറിയ തുറമുഖങ്ങള്‍ വഴി ഇന്ത്യന്‍ തീരത്തേക്ക് വളരെ പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കുമെന്നതാണ് ഈ വഴി തിരഞ്ഞെടുക്കാന്‍ കാരണം. കള്ളക്കടത്തുകാരെ ഇതിനായി സഹായിക്കുന്നതിന് പുറമെ അവര്‍ക്ക് ഐഎസ്ഐ ആയുധ പരിശീലനവും നല്‍കുന്നുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.ഈയടുത്ത കാലത്ത് ഈ മേഖലയില്‍ നിന്ന് കള്ളക്കടത്ത് സംഘങ്ങളുടെ പ്രവര്‍ത്തനം വര്‍ധിക്കുന്നത് ഇന്ത്യന്‍ ഏജന്‍സികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സംഘങ്ങളില്‍ നിന്ന് പിടിക്കുന്ന ബോട്ടുകളില്‍ നിന്ന വന്‍തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് പറയുന്നത്.
കശ്മീരിലേക്ക് കൊറോണ ബാധിച്ചവരെ പാകിസ്താന്‍ കടത്തിവിടുന്നുവെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha























