ഡല്‍ഹിയിലെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; രോഗിയുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചത് അഞ്ച് ദിവസം കഴിഞ്ഞ്: രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വാര്‍ഡിലെ മറ്റ് രോഗികളും നഴ്‌സുമാരും രോഗഭീഷണിയിലാണ്

ഡല്‍ഹിയിലെ ഒരു ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചത് അഞ്ച് ദിവസം കഴിഞ്ഞാണെന്നും രോഗം സ്ഥിരീകരിച്ച ശേഷവും ആശുപത്രി അധികൃതര്‍ രോഗിയെ വാര്‍ഡില്‍ തന്നെ ഒരു ദിവസം കിടത്തുകയാണ് ചെയ്തതെന്നുമാണ് ആരോപണം ഉയരുന്നത്.
രോഗി കൊവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായി നിരവധി തവണ തങ്ങള്‍ ആശുപത്രി അധികൃതരോടും ഡോക്ടര്‍മാരോടും പറഞ്ഞിട്ടും സാംപിളുകള്‍ പരിശോധിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും ആശുപത്രിയിലെ നഴ്‌സ് ചൂണ്ടിക്കാട്ടുന്നു. ഒടുവില്‍ ഇരുപതാം തീയതി രാത്രിയാണ് സാംപിളുകള്‍ പരിശോധിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായതെന്നും ക്ഷീണിതമായ സ്വരത്തില്‍ നഴ്‌സ് പറയുന്നു. ഈ മാസം പതിനഞ്ചിനാണ് ശസ്ത്രക്രിയാ വിഭാഗത്തില്‍ കൊവിഡ് രോഗി ചികിത്സയ്ക്കായി എത്തിയത്. ഇരുപത്തിയഞ്ചാം തീയതിയോടെ ഇയാള്‍ക്ക് കൊവിഡ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടും രോഗിയെ സര്‍ജറി ജനറല്‍ വാര്‍ഡില്‍ കിടത്തുകയായിരുന്നു.
വാര്‍ഡിലെ മറ്റ് രോഗികളും നഴ്‌സുമാരും ഇതോടെ രോഗഭീഷണിയിലായിരിക്കുകയാണ്. നാല് മലയാളി നഴ്‌സുമാര്‍ അടക്കം 24 നഴ്‌സുമാരെ നിരീക്ഷണത്തില്‍ പ്രവേശിക്കണം എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചുവെങ്കിലും അതിനുള്ള നടപടികള്‍ ഇന്ന് മാത്രമാണ് ആശുപത്രി ആരംഭിച്ചത്. നഴ്‌സുമാര്‍ക്ക് അവധിയും രോഗികളെ പരിചരിക്കാന്‍ സി.പി.സി കിറ്റും നല്‍കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. രോഗിയെ ഇന്നലെ ലേഡി ഹാര്‍ഡിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ആശുപത്രിയിലെത്തിയതെന്നും വിവരമുണ്ട്.
https://www.facebook.com/Malayalivartha























