തബ്‌ലീഗ് ജമാത്ത് തലവനായ മൗലാനാ സഅദ് കാന്ധൽവിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

തബ്‌ലീഗ് ജമാത്ത് തലവനായ മൗലാനാ സഅദ് കാന്ധൽവിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോർട്ട്. കാന്ധൽവിയുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പരിശോധന നടത്തണമെന്ന് ഇദ്ദേഹത്തിനോട് ഡൽഹി പൊലീസ് നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അദ്ദേഹം ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകുമെന്നും വിവരമുണ്ട്.
ലോകമെമ്പാടുമായി കോടിക്കണക്കിനു പേർ ആരാധനയോടെ പിന്തുടരുന്ന ഒരു വ്യക്തിത്വമാണ് മൗലാനാ സഅദ് കാന്ധൽവി എന്ന തബ്‌ലീഗ് ജമാഅത്ത് അമീർ. കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേയിൽ മൗലാന സഅദ് കാന്ധൽവിയുടേത് എന്നപേരിൽ പള്ളിക്കുള്ളിൽ നടന്ന ഒരു പ്രഭാഷണത്തിന്റെ ക്ലിപ്പിംഗ് പ്രചരിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥയെപ്പറ്റി ദില്ലി പൊലീസ് ഇപ്പോഴും അന്വേഷണം തുടരുകയാണ്. സർക്കാരിന്റെയോ ആരോഗ്യപ്രവർത്തകരുടെയോ നിർദേശങ്ങൾ മാനിക്കേണ്ടതില്ല എന്നാണ് ഓഡിയോ ക്ലിപ്പിങ്ങിൽ കേൾക്കുന്ന പ്രഭാഷണത്തിൽ പ്രസംഗകൻ സദസ്സിനോട് പറയുന്നത്. "പള്ളിയിൽ ഒത്തുകൂടിയതിന്റെ പേരിൽ നിങ്ങൾ മരിച്ചു പോകും എന്ന് അവർ പറയുന്നുണ്ട് അല്ലേ? എങ്കിൽ നിങ്ങളോർക്കേണ്ടത്, മരിക്കാൻ ഒരു പള്ളിയേക്കാൾ നല്ല ഒരിടമുണ്ടോ എന്നാണ്. ഡോക്ടർമാർ പറയുന്നതും കേട്ട് പ്രാർത്ഥന പാതി വഴിക്ക് നിർത്തേണ്ട സമയമല്ല ഇത്. ഇങ്ങനെ ഒരു അസുഖം ദൈവം ഭൂമിയിലേക്ക് വിട്ടിട്ടുണ്ടെങ്കിൽ അതിനുള്ള ചികിത്സയും അദ്ദേഹം വിട്ടിട്ടുണ്ടാകും "എന്ന് പ്രഭാഷകൻ പറയുന്നുണ്ട്. "ഇപ്പോൾ പള്ളിയിലേക്ക് പോകരുത് എന്ന് ആരെങ്കിലും പറയുമ്പോൾ, അതും വിശ്വസിച്ച് വീട്ടിലിരിക്കുന്നവരോട് എനിക്ക് സഹതാപമേയുള്ളൂ. പേടിച്ച്, പലവഴി പിരിഞ്ഞ്, പള്ളിയിൽ നിന്നും ഇറങ്ങിപ്പോകേണ്ട സമയമല്ല ഇത്. നമ്മൾ പള്ളികളിൽ ഒത്തുചേർന്നത് ദൈവം ഭൂമിയിൽ സമാധാനമുണ്ടാക്കും" എന്ന് പ്രഭാഷകൻ തുടരുന്നുണ്ട്.
മൗലാന സഅദ് കാന്ധൽവിയുടേത് തന്നെയാണോ ഈ പ്രസംഗം എന്ന കാര്യം ഇനിയും ദില്ലി പൊലീസ് സ്ഥിരീകരിക്കാനിരിക്കുന്നതേയുള്ളൂ.
എന്തായാലും താൻ കൊവിഡ് പരിശോധന നടത്തിയതായും ഫലം വരാനായി കാത്തിരിക്കുയാണെന്നും കഴിഞ്ഞ ദിവസം കാന്ധൽവി മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. മാർച്ച് രണ്ടാംവാരമായിരുന്നു തബ്‌ലീഗ് ജമാത്ത് മർക്കസിൽ ആയിരങ്ങൾ പങ്കെടുത്ത മതസമ്മേളനം നടന്നത് സമ്മേളനത്തിൽ പങ്കെടുത്ത നിരവധി വിശ്വാസികൾക്ക് കൊവിഡ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.
തബ്‌ലീഗ് സമ്മേളനം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരാൻ കാരണമായെന്ന് കേന്ദ്ര സർക്കാർ പ്രസ്താവന നടത്തിയിരുന്നു. സംഭവത്തിൽ മർക്കസിലെ മതാദ്ധ്യപകർക്കെതിരെയും മൗലവിമാർക്കെതിരെയും പൊലീസ് കേസുകൾ ചാർജ് ചെയ്യുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























