മുംബൈ ആശുപത്രികള്‍ കോവിഡെന്ന് കരുതി ചികിത്സ നിഷേധിച്ച മലയാളി വീട്ടമ്മ മരിച്ചു

നവി മുംബൈ ഉള്‍വ നിവാസിയായ ആലപ്പുഴ അവലൂക്കുന്ന് കൈതവളപ്പില്‍ ഗോപാലന്‍ നിവാസിലെ വിമലയ്ക്ക് (53) കോവിഡ് ആണെന്ന് സംശയിച്ച് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്നു വീട്ടമ്മ മരിച്ചു.
ഭര്‍ത്താവ് എഴുപുന്ന സ്വദേശി സോമന്‍, താല്‍കാലിക ജോലി ആവശ്യത്തിനായി ദുബായില്‍ പോയിരിക്കയാണ്. വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് അവിടെ കുടുങ്ങി.
വിമല മൂന്നാഴ്ച മുന്‍പ് വീണു പരുക്കേറ്റതിനെ തുടര്‍ന്ന് നവിമുംബൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 10 ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവിമുംബൈയിലെ 5 ആശുപത്രികളില്‍ എത്തിച്ചെങ്കിലും കോവിഡ് പരിശോധനാഫലം ഉണ്ടെങ്കിലേ പ്രവേശിപ്പിക്കൂ എന്നു പറഞ്ഞു തിരിച്ചയച്ചു.
ഒടുവില്‍ ഡി.വൈ. പാട്ടീല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സ്ഥിതി വഷളായി. ഇതിനിടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും മലയാളി സംഘടനാപ്രവര്‍ത്തകര്‍ അറിയിച്ചു. ഏകമകള്‍: സൗമ്യ. വിമലയുടെ സംസ്‌കാരം ഇന്ന്.
https://www.facebook.com/Malayalivartha























