മദ്യ വിൽപനയ്ക്ക് ഓൺലൈൻ ടോക്കൺ ഏർപ്പെടുത്താൻ ബെവ്‌കോ ; വെർച്ചൽ ക്യുവും പരീക്ഷിക്കും; മികച്ച സോഫ്റ്റ് വെയർ നിർമ്മിക്കുന്ന കമ്പനിയെ കണ്ടെത്താൻ സ്റ്റാർട്ട് അപ്പ്മിഷന് ബെവ്കോയുടെ നിർദ്ദേശം

മദ്യ വിൽപനയ്ക്ക് ഓൺലൈൻ ടോക്കൺ ഏർപ്പെടുത്താനുള്ള ആലോചനയുമായി ബെവ്കോ. ഔട്ട്ലെറ്റുകളിൽ ഓൺലൈൻ രജിസ്ട്രേഷൻ വഴി മദ്യ വിൽപ്പന നടത്തുന്നതിനെ കുറിച്ചാണ് ബെവ്കോ ആലോചിക്കുന്നത്. ഇതിനായി മികച്ച സോഫ്റ്റ് വെയർ നിർമ്മിക്കുന്ന കമ്പനിയെ കണ്ടെത്താൻ സ്റ്റാർട്ട് അപ്പ്മിഷന് ബെവ്കോ നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് ബെവ്കോ എംഡി സ്റ്റാർട്ട് അപ്പ്മിഷന് കത്ത് നൽകിയിട്ടുണ്ട് .ഓൺലൈൻ ക്യൂ സംവിധാനം നടപ്പിലാക്കാൻ പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്.വെർച്വൽ ക്യൂ സംവിധാനം വിജയകരമായി നടപ്പിലാക്കിയ അനുഭവ സമ്പത്തുള്ളത്തിനാലാണ് പൊലീസിന്റെ സഹായം തേടിയത്. വെർച്വൽ ക്യൂവുമായി ബന്ധപ്പെട്ട് ആപ്ലിക്കേഷനുകൾ തയാറാക്കിയിട്ടുള്ള സ്റ്റാർട്ട് അപ്പുകളിൽനിന്നാണ് സ്റ്റാർട്ട്അപ് മിഷൻ വഴി അപേക്ഷ ക്ഷണിച്ചത്
വെർച്ചൽ ക്യു മാതൃകയിൽ തിരക്ക് നിയന്ത്രിച്ച് കൊണ്ട് മുൻകൂറായി പണം അടച്ചും സമയം നിശ്ചിയിച്ചും മദ്യം വാങ്ങുന്ന രീതിയാണ് ബെവ്കോ ആലോചിക്കുന്നത്. അതേസമയം, കള്ള് ഷാപ്പിലെ പാഴ്സൽ സംവിധാനത്തിൽ ചട്ടഭേദഗതി വേണ്ടെന്നാണ് നിയമോപദേശം. ഒരാൾക്ക് ഒന്നര ലിറ്റർ കളള് കൈവശം വെയ്ക്കാൻ അബ്കാരി ചട്ടത്തിൽ അനുമതിയുണ്ട്. കള്ള് ഷാപ്പുകളിൽ നിന്ന് മാത്രമേ വിൽപ്പന പാടുള്ളൂയെന്നതിനാൽ പ്രത്യേക ഭേദഗതി വേണ്ടന്നാണ് നിയമോപദേശം.
തിരക്ക് ഒഴിവാക്കാൻ പല വഴികളും ആലോചിക്കുന്നുണ്ടെന്നും അതിലൊന്നാണ് ഓൺലൈൻ സംവിധാനമെന്നും ബവ്കോ എംഡി സ്പർജൻ കുമാർ പറഞ്ഞു. മദ്യശാലകൾ തുറന്നാൽ വലിയ തിരക്ക് ഉണ്ടാകാനിടയുണ്ട്. അതൊഴിവാക്കാനാണ് ഓൺലൈൻ അടക്കമുള്ള മാര്‍ഗങ്ങൾ തേടുന്നത്. സർക്കാരിന്റെ നിർദേശമനുസരിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്.
ലോക്ക്ഡൗൺ കഴിഞ്ഞ ശേഷമേ മിക്കവാറും ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കാൻ സാധ്യതയുള്ളൂ . എന്തങ്കിലും ബാറുകൾ ഉടനീയൊന്നും തുറക്കാനിടയില്ല.
ഈ സാഹചര്യത്തിൽ ഓൺലൈൻ വില്പന ചർച്ച ചെയ്യാൻ എക്സൈസ്, ബിവറേജസ് കോർപ്പറേഷൻ, ധനകാര്യ വകുപ്പു മേധാവികളുടെ യോഗം കഴിഞ്ഞ ആഴ്ച വിളിച്ചിരുന്നു. പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് സേനകളുടെ സേവനം പ്രയോജനപ്പെടുത്തി ഓൺലൈൻ വില്പന രൂപപ്പെടുത്താമെന്ന അഭിപ്രായമായിരുന്നു അന്നത്തെ യോഗത്തിൽ ഉയർന്നത്. ഓൺലൈനിൽ ടോക്കൺ നൽകി വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാമെന്ന അഭിപ്രായവും ഉയർന്നിരുന്നു.
ചില്ലറ വില്പനശാലകൾക്കൊപ്പം ബാറുകളിൽ നിന്ന് പാഴ്സൽ നൽകിയാൽ തിരക്ക് കുറയ്ക്കാമെന്നും അമിത വില ഈടാക്കാതെ ബാറുകൾക്ക് മിനിമം മാർജിൻ നൽകിയാൽ മതിയെന്നും എക്സൈസ് നിർദ്ദേശിച്ചെങ്കിലും സർക്കാർ ഈ അഭിപ്രായം പരിഗണിച്ചിരുന്നില്ല. മാർജിൻ വില മാത്രം ഈടാക്കി പാഴ്സൽ നൽകുന്നതിനോട് ബാറുടമകൾക്കും യോജിപ്പില്ല. ബാറുകൾ അടഞ്ഞു കിടക്കുന്നതിനാൽ ലൈസൻസ് ഫീസ് കുറയ്‌ക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ അവർക്കുമുണ്ട്. പുതിയ മദ്യനയത്തിൽ ബാർലൈസൻസ് ഫീസ് 28ൽ നിന്ന് 30 ലക്ഷമാക്കിയിരുന്നു.സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഓൺലൈൻ മദ്യവില്പനയ്ക്ക് അനുകൂലമായ നിലപാടാണ് സുപ്രീംകോടതിയുടേത്. ഉടൻ മദ്യശാലകൾ തുറക്കുന്നതിനോട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന് വിയോജിപ്പാണെങ്കിലും അധികകാലം മദ്യവില്പന നിറുത്തിവയ്ക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് സർക്കാർ നിലപാട്.
സംസ്ഥാനത്തെ മദ്യവില്പനശാലകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.ഇതിലൂടെ കോടികളാണ്സംസ്ഥാനത്തിന് നഷ്ടമാകുന്നത്.ഈ സാഹചര്യത്തിലാണ് ബെവ്കോ ഒാൺലൈനാവാനുള്ള ആലോചനയുമായി മുന്നോട്ടു വരുന്നത്. .ഓൺലൈൻ രജിസ്ട്രേഷൻ വഴി മദ്യംവിൽക്കാനുള്ള വഴിയാണ് ബെവ്കോ ഇപ്പോൾ ആലോചിക്കുന്നത്. വെർച്വൽ ക്യൂ മാതൃകയാണ് ഇതിനായി പരിഗണിക്കുന്നത്.ഇതിനുള്ള സോഫ്ട് വെയർ തയ്യാറാക്കാനുള്ള കമ്പനികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
മദ്യം വാങ്ങാനുള്ള ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഇതിനായി വിവിധ സമയങ്ങൾ മുൻകൂട്ടി നിശ്ചയിച്ചു നൽകും. ടോക്കണിലെ ക്യൂആർ കോഡ് ബവ്റിജസ് ഷോപ്പിൽ സ്കാൻ ചെയ്തശേഷം മദ്യം നൽകും.
നിശ്ചിത അളവ് മദ്യം മാത്രമേ വാങ്ങാൻ സാധിക്കൂ. മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്താൽ അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഷോപ്പുകളും തിരഞ്ഞെടുക്കാൻ സൗകര്യമുണ്ടാകും. സ്മാർട്ട് ഫോണില്ലാത്തവർക്ക് എസ്എംഎസ് സംവിധാനത്തിലൂടെ മദ്യം നൽകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താനും ആലോചനയുണ്ട്.
267 ഷോപ്പുകളാണ് ബവ്കോയ്ക്കുള്ളത്. ഒരു ദിവസം ശരാശരി 7 ലക്ഷം പേരാണ് ബവ്കോ ഷോപ്പുകളിലെത്തുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 10.5 ലക്ഷം വരെയെത്തും. ഒരുദിവസം ശരാശരി 40 കോടിരൂപയുടെ കച്ചവടമാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha























