ക്വാറന്റീൻ സൗകര്യങ്ങൾ കുറഞ്ഞെന്ന പേരിൽ മാലിദ്വീപിൽ നിന്നെത്തിയ പ്രവാസികളുടെ പ്രതിഷേധം

ക്വാറന്റീൻ സൗകര്യങ്ങൾ കുറഞ്ഞെന്ന പേരിൽ മാലിദ്വീപിൽ നിന്നെത്തിയ പ്രവാസികളുടെ പ്രതിഷേധം. തുടർന്നു ജില്ലാ ഭരണകൂടം കണ്ടെത്തിയ ക്വാറന്റീൻ സെന്ററിൽ താമസിക്കാൻ 23 പേരടങ്ങിയ സംഘത്തിലെ 13 പേർ തയാറാവുകയും 10 പേർ മറ്റൊരു ഹോട്ടലിലേക്കു മാറുകയുമായിരുന്നു. കപ്പലിൽ കൊച്ചിയിലെത്തിയ സംഘം ഇന്നലെ വൈകിട്ടോടെയാണു കൊല്ലത്ത് എത്തിയത്.
ഇവരുടെ ക്വാറന്റീൻ സെന്ററായ ഹോട്ടലിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന പേരിലായിരുന്നു പ്രതിഷേധം. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു മുന്തിയ ഹോട്ടലുകൾ നൽകുന്നുവെന്നും മാലിദ്വീപിൽ നിന്നെത്തിയ തങ്ങൾക്കു സൗകര്യം കുറവുള്ള ഹോട്ടലുകൾ ക്വാറന്റീൻ സെന്ററായി നൽകുന്നുവെന്നുമായിരുന്നു ഇവരുടെ പരാതി. ജില്ലാ ഭരണകൂടം സൗജന്യമായി കണ്ടെത്തിയ ക്വാറന്റീൻ സെന്ററാണിത്.
മാലിദ്വീപിൽ നിന്നെത്തിയതിൽ 23 പേർക്കാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിർദേശിച്ചത്. എന്നാൽ ഇവർക്കായി കണ്ടെത്തിയ സെന്ററിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന പേരിൽ ഇവർ ഹോട്ടലിൽ കയറാൻ കൂട്ടാക്കാതെ പുറത്തു നിന്നു പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന്, കോർപറേഷൻ സെക്രട്ടറി, തഹസിൽദാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ സ്ഥലത്തെത്തി.
പ്രതിഷേധത്തെ തുടർന്ന്, ജില്ലാ ഭരണകൂടം കണ്ടെത്തിയ ക്വാറന്റീൻ സെന്ററിൽ സൗജന്യമായി താമസിക്കാൻ താൽപര്യമുള്ളവർക്ക് അവിടെ തങ്ങാം എന്നും അല്ലാത്തവർക്കു വാടക നൽകി ഹോട്ടൽ നാണിയിൽ താമസിക്കാം എന്നും കലക്ടർ നിർദേശിച്ചു. എന്നാൽ വാടക കൂടുതലാണെന്ന പേരിൽ ഇവർ ഹോട്ടൽ നാണിയിൽ തങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് ഇവരോടു കലക്ടർ നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ക്വാറന്റീൻ സൗകര്യമൊരുക്കാം എന്നു നിർദേശിച്ചു.
അവിടെ വാടക വീണ്ടും കൂടുമെന്നതിനാൽ നാണിയിൽ തന്നെ ക്വാറന്റീനിൽ കഴിയാമെന്ന് ഇവർ സമ്മതിക്കുകയായിരുന്നു. തർക്കത്തെ തുടർന്ന് 13 പേർ ആദ്യമെത്തിച്ച ഹോട്ടലിൽ താമസിക്കാൻ തയാറാവുകയും 10 പേർ ഹോട്ടൽ നാണിയിലേക്കു മാറുകയുമായിരുന്നു. ശാസ്താംകോട്ട, ആയൂർ, പൂയപ്പള്ളി, പരവൂർ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ സംഘത്തിലുണ്ട്. വീടിരിക്കുന്ന പരിധിയിൽ ക്വാറന്റീൻ സൗകര്യമുള്ളപ്പോൾ ഇവരെ നഗരത്തിൽ തന്നെ ക്വാറന്റീൻ ചെയ്യിക്കുന്നതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha























