സഹാറാ മരുഭൂമിയിൽ കുടുങ്ങി 150 ഇന്ത്യക്കാർ... 50 പേർ മലയാളികൾ ..അൾജീറിയയിൽ സഹാറ മരുഭൂമിയിൽ പ്രവർത്തിക്കുന്ന ജപ്പാൻ ഗ്യാസ് കമ്പനി കോർപ്പറേഷന്റെ ഓയിൽ റിഫൈനറിയിൽ ജോലി ചെയ്യുന്ന 150 അംഗസംഘമാണ് കേന്ദ്രനുമതിക്കായി കാത്തു കഴിയുന്നത്

കോവിഡ് സാഹചര്യത്തിൽ നാട്ടിലെത്താനാകാതെ വിഷമിക്കുന്നവർ ഏറെയാണ് . ഇപ്പോൾ സഹാറ മരുഭൂമിയിൽ അകപ്പെട്ടുപോയ 150 അംഗ സംഘമാണ് കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്.
അൾജീറിയയിൽ സഹാറ മരുഭൂമിയിൽ പ്രവർത്തിക്കുന്ന ജപ്പാൻ ഗ്യാസ് കമ്പനി കോർപ്പറേഷന്റെ ഓയിൽ റിഫൈനറിയിൽ ജോലി ചെയ്യുന്നവരാണ് കോവിഡ് കാരണം നാട്ടിലെത്താൻ കഴിയാതെ ദുരിതം അനുഭവിക്കുന്നത്
നാട്ടിലേക്കു വരാനുള്ള അവസരവും കാത്ത് കഴിയുകയാണ് 50 മലയാളികൾ ഉൾപ്പെടുന്ന 150 അംഗ ഇന്ത്യൻ സംഘം. ജോലി ചെയ്യുന്ന സ്ഥാപനം വിമാനം ചാർട്ടർ ചെയ്തെങ്കിലും ഇന്ത്യയിൽ ഇറങ്ങാൻ അനുമതി ലഭിച്ചിട്ടില്ലെന്നതാണ് ഇവർക്ക് തിരിച്ചടിയായിരിക്കുന്നത്. . നാട്ടിൽവന്നാൽ ക്വാറന്റീനിൽ പോകാനുള്ള ഹോട്ടൽ റൂമുകൾ വരെ ബുക്കു ചെയ്തവരാണ് സംഘത്തിലുള്ളത്
ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന മറ്റെല്ലാ രാജ്യക്കാരും ഇതിനകം വിമാനം ചാർട്ടർ ചെയ്ത് സ്വന്തം നാടുകളിലേക്ക് പോയിക്കഴിഞ്ഞു.. പാക്കിസ്ഥാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർക്കൊപ്പം ഉണ്ടായിരുന്നത് . അവരെയെല്ലാം അതാത് രാജ്യങ്ങളിലേക്ക് കൊണ്ടു പോയെങ്കിലും ഇന്ത്യയിൽനിന്നു മാത്രം അനുകൂലമായ ഒരു മറുപടിയും ലഭിച്ചില്ലെന്ന് സംഘത്തിലുള്ള നിലമ്പൂർ കാട്ടിച്ചിറ സ്വദേശി ബിജി അബ്രഹാം പറയുന്നു
കഴിഞ്ഞ ഏപ്രിൽ പത്തു മുതൽ അൾജീറിയയിൽ ലോക്ഡൗൺ തുടങ്ങിയിരുന്നു. ഇതോടെ നാട്ടിൽ പോകാനുള്ള എല്ലാ രേഖകളും തയാറാക്കി. വിമാനവും ചാർട്ടർ ചെയ്തു. പക്ഷേ ഇന്ത്യയിൽ വിമാനം ഇറങ്ങാനുള്ള അനുമതി മാത്രം ലഭിച്ചില്ല. അതിനുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് ഒരു മാസത്തിലേറെ പിന്നിട്ടിരിക്കുന്നു. ഈ ആവശ്യം കാണിച്ച് വ്യോമയാന ഡയറക്ടര്‍ ജനറലിന് (ഡിജിസിഎ) അപേക്ഷ നൽകിയെങ്കിലും ഇതുവരെ മറപടിയൊന്നും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിക്കും വിദേശകാര്യ വകുപ്പിനും കത്തുകളയച്ചു. മലയാളി വിദേശകാര്യ കേന്ദ്രമന്ത്രി എന്ന നിലയിൽ വി. മുരളീധരനുമായി ബന്ധപ്പെടാൻ പലതവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
ഇതേ ആവശ്യവുമായി അൾജീറിയയിലെ ഇന്ത്യൻ എംബസിയും ജപ്പാൻ എംബസിയും ശ്രമിക്കുന്നുണ്ടെങ്കിലും യാതൊരു പ്രതികരണവും ലഭിക്കുന്നില്ലെന്നാണ് ബിജി ഏബ്രഹാം പറയുന്നത്. ജോലി ചെയ്യുന്ന റിഫൈനറിയിൽ നിന്ന് 80 കിലോമീറ്റർ അകലയാണ് സിറ്റി. അവിടെനിന്നു വേണം ഭക്ഷണ സാധനങ്ങൾ ഉൾപ്പടെ എത്തിക്കാൻ. അത്രതന്നെ ദൂരെയാണ് ആശുപത്രി പോലുമുള്ളത്. ഇതെല്ലാം ഇവിടെ ജീവനു ഭീഷണിയാകുന്നുണ്ട്.
വീസ കാലാവധി കഴിഞ്ഞവരാണ് പലരും. കോവിഡ് 19 രോഗ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. എല്ലാവരും സിംഗിൾ റൂമുകളിൽ താമസിക്കുന്നതിനാൽ കാര്യമായി ഇടപഴകുന്നതുമില്ല. നഗരവുമായി ബന്ധമില്ലാത്തതിനാൽ ഇവിടെ കുടുങ്ങിക്കിടക്കുന്നവർക്ക് രോഗസംക്രമണം ഉണ്ടാകാനുള്ള സാധ്യതയുമില്ല.
സ്വന്തം ചെലവിൽ നാട്ടിൽ വന്ന് ക്വാറന്റീനിൽ പോകാൻ തയാറാണെന്ന് അറിയിച്ചിട്ടും യാതൊരു നടപടിയും ഇല്ലാത്തതിന്റെ വിഷമത്തിലാണ് എല്ലാവരും. കമ്പനിക്ക് ഇവരെ താമസിപ്പിക്കുന്നതിന്റെയും മറ്റും അധിക ചെലവ് വേറെയും. ഇതിനിടയിൽ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതും ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു . തിരിച്ചു നാട്ടിലെത്താൻ വേണ്ട നടപടികൾക്ക് കേന്ദ്രം അനുകൂല നിലപാട് എടുക്കണമെന്നാണ് ഇവരുടെ ആവശ്യം
https://www.facebook.com/Malayalivartha























