അര്‍ണബിന് 'കോവിഡ് കുരുക്ക്'? മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത മുംബൈ പൊലീസ് ഉദ്യോഗസ്ഥരിലൊരാള്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത മുംബൈ പൊലീസ് ഉദ്യോഗസ്ഥരിലൊരാള്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. അര്‍ണബിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീം കോടതിയില്‍ നടത്തിയ വാദത്തിനിടെയാണ് ഇക്കാര്യം പരാമര്‍ശിച്ചത്. അര്‍ണബിന്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടിവിയില്‍ പാല്‍ഘര്‍ ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ചും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെക്കുറിച്ചും നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തെത്തുടര്‍ന്നാണ് ചോദ്യം ചെയ്തത്
മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു അര്‍ണബിനെ ചോദ്യം ചെയ്തത്. ഇവരിലൊരാള്‍ക്കാണ് കോവിഡ് എന്നാണ് വിവരം. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഏപ്രില്‍ 28ന് 12 മണിക്കൂറോളമാണ് അര്‍ണബിനെ ചോദ്യം ചെയ്തത്. സോണിയ ഗാന്ധിയെക്കുറിച്ചു നടത്തിയ പരാമര്‍ശത്തിനെതിരെ മഹാരാഷ്ട്ര, തെലങ്കാന, ഛത്തിസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിലും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. സുപ്രീം കോടതി ഇടപെടലിനുശേഷമാണ് എല്ലാ എഫ്‌ഐആറുകളും ഒരുമിച്ചാക്കി മുംബൈയിലേക്ക് അന്വേഷണം നീക്കിയത്. ഇതിനുപിന്നാലെ എന്‍.എം. ജോഷി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനു ഹാജരായി. ദിവസങ്ങള്‍ക്കുശേഷം മുംബൈയില്‍ ബാന്ദ്രയിലെ പള്ളിക്കുനേരെ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്നെന്ന ആരോപണങ്ങളും അര്‍ണബ് ചാനല്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിയിരുന്നു.
എന്നാല്‍ ഇതു തെറ്റാണെന്നു തെളിഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അര്‍ണബ് ചാനലിലൂടെ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയാണെന്നും അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി മുംബൈ പൊലീസ് ഡപ്യൂട്ടി കമ്മിഷണറുടെ പേരില്‍ മേയ് 4ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഏപ്രില്‍ 28ന് ചോദ്യം ചെയ്യലിനു ഹാജരായ ശേഷം ചാനല്‍ സംഘത്തെക്കൊണ്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും അര്‍ണബ് ശ്രമിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു. അതേസമയം, പാല്‍ഘര്‍ സംഭവത്തില്‍ കേസ് സിബിഐക്കു കൈമാറുന്നതിനു വിരോധമില്ലെന്ന് ഹരീഷ് സാല്‍വെ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇതിനെ എതിര്‍ത്തു.
https://www.facebook.com/Malayalivartha























