കൊവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തേണ്ടിവന്ന മൂന്ന് ലോക്ക് ഡൗണുകള്‍ മൂലം രാജ്യത്തിനുണ്ടാകുന്ന നഷ്ടം 20 ലക്ഷം കോടി

കൊവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തേണ്ടിവന്ന മൂന്ന് ലോക്ക് ഡൗണുകള്‍ മൂലം രാജ്യത്തിനുണ്ടാകുന്ന നഷ്ടം 20 ലക്ഷം കോടി രൂപയെങ്കിലും വരും. മഹാമാരിക്ക് മുന്‍പുതന്നെ താഴ്ന്ന് പൊയ്ക്കൊണ്ടിരുന്ന രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് വീണ്ടും ഇടിഞ്ഞ്, ഇതിന് മുന്‍പത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1.1 ശതമാനത്തിന് സമീപമെത്താന്‍ സാദ്ധ്യതയുണ്ട്. ഈ ദുരവസ്ഥയില്‍ നിന്നുള്ള ഒരു പ്രധാന മോചനമാര്‍ഗം, ഉപഭോഗച്ചെലവും, നിക്ഷേപ മുതല്‍ മുടക്കും ഉയര്‍ത്താനായി കേന്ദ്ര സര്‍ക്കാര്‍ നേരത്തേ തന്നെ നടപ്പിലാക്കിവരുന്ന യജ്ഞങ്ങളുടെ ആക്കം പലമടങ്ങ് വര്‍ദ്ധിപ്പിക്കുക എന്നതാണ്.
ഉദാഹരണമായി തൊഴിലുറപ്പ് പദ്ധതിക്കായി ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ വകകൊള്ളിച്ചിട്ടുള്ളത് 61,500 കോടി രൂപയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍, കൂടുതല്‍ പ്രവൃത്തി ദിനങ്ങള്‍ ഇതിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിച്ചും, അന്യസംസ്ഥാനങ്ങളില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിവരുന്ന തൊഴിലാളികള്‍ക്ക് കൂടി ഇതില്‍ ഇടം കൊടുത്തും പദ്ധതി വിപുലീകരിക്കേണ്ടതുണ്ട്. ഈ വികസിത രൂപം പ്രാവര്‍ത്തികമാക്കണമെങ്കില്‍ ഇപ്പോള്‍ നീക്കിവച്ചിട്ടുള്ള തുകയുടെ ഇരട്ടിയെങ്കിലും, ചെലവിടേണ്ടിവരും. അതുപോലെ തന്നെ, 'പ്രധാനമന്ത്രി കിസാന്‍' പദ്ധതിയില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന ധനസഹായം വര്‍ദ്ധിപ്പിച്ചും, കര്‍ഷക തൊഴിലാളികളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുമുള്ള നവീകരണം കൂടുതല്‍ ഗുണകരമാകും. ഇപ്പോള്‍, ഈ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ള 75,000 കോടി രൂപയെന്ന വിഹിതം ഇരട്ടിയായി മാറ്റേണ്ടതുണ്ട്. കനത്ത ആഘാതത്തിന് വിധേയമാകേണ്ടിവന്ന സൂക്ഷ്മ - ചെറുകിട മേഖലയിലെ 6.3 കോടി സംരംഭങ്ങളുടെ ഉയിര്‍ത്തെഴുന്നേല്പിനായി 75,000 കോടി രൂപയെങ്കിലും വേണ്ടിവരും. കാര്യമായി തൊഴില്‍ നല്‍കാന്‍ ഉതകുന്ന പശ്ചാത്തലവികസന രംഗങ്ങളില്‍ സര്‍ക്കാരിന്റെ നിക്ഷേപം കാര്യമായി വര്‍ദ്ധിപ്പിക്കേണ്ടതും അനിവാര്യമാകുന്നു.
ഇപ്രകാരമുള്ള കാര്യങ്ങള്‍ക്ക് പുറമേ, കൊവിഡ് കാരണം ധനസ്ഥിതി തകര്‍ന്നുപോയ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സഹായം കൂടാതെ പിടിച്ചുനില്‍ക്കാനാവില്ല. ചുരുക്കത്തില്‍, വമ്പനൊരു സംഖ്യ ചെലവിടാതെ മഹാമാരിയുടെ കെടുതികള്‍ മറികടക്കാനാവില്ല. സാമ്പത്തികസ്ഥിതി ഇനിയും മോശമായാല്‍ കുറച്ചു കാലമായി ചെയ്യാതിരുന്ന ആ സൂത്രം കേന്ദ്രം പ്രയോഗിച്ചേക്കും പ്രകൃതിക്ഷോഭം പോലുള്ള ദുരന്തങ്ങളില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ രക്ഷയ്ക്കായി ഹെലികോപ്ടറിലൂടെ അവശ്യസാധനങ്ങള്‍ ചൊരിഞ്ഞു കൊടുക്കുന്നതുപോലെ, ചാക്ക് കണക്കിന് പണം വര്‍ഷിച്ചുകൊണ്ടേ മഹാമാരിയില്‍ കുടുങ്ങിപ്പോയ സാധാരണക്കാരെയും സമ്പദ്ഘടനയെയും മോചിപ്പിക്കാനാവൂ. കൊവിഡ് മൂലം വരുമാനമാര്‍ഗങ്ങളെല്ലാം വരണ്ടുപോയിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്വന്തം ആവനാഴിയിലെ മറ്റ് അസ്ത്രങ്ങള്‍ കൂടി വിനിയോഗിച്ചാലേ കാശിന്റെ ക്ഷാമം തീര്‍ക്കാനാവൂ. കേന്ദ്ര ബാങ്കില്‍ നിന്നുള്ള കടം വാങ്ങലിന് പുറമേ അന്താരാഷ്ട്ര കമ്പോളങ്ങളേയും, ആഭ്യന്തര കട വിപണിയേയും ആശ്രയിക്കേണ്ടിവരും. സമ്പന്നരായ പ്രവാസികളെയും സമീപിക്കാവുന്നതാണ്. റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള വന്‍ സ്വര്‍ണ ശേഖരത്തിന്റെ ഒരു പങ്ക് വായ്പയായി വാങ്ങാവുന്നതാണ്. വിദേശ നാണയ ശേഖരത്തിന്റെ ചെറിയൊരു ഭാഗം, പ്രതിസന്ധി തരണം ചെയ്യുന്നതിനായി വിനിയോഗിക്കുന്നതിന്റെ സാദ്ധ്യതകളും ആരായാവുന്നതാണ്. ഇതൊന്നും തികയാതെ വന്നാല്‍ കൈവശമുള്ള കമ്മട്ടം തന്നെ ആശ്രയം. പണ്ടൊക്കെ കേന്ദ്ര സര്‍ക്കാരിന്റെ കമ്മിയുടെ നല്ലൊരു പങ്ക്, പണം അടിച്ചിറക്കിക്കൊണ്ട് നേരിട്ടിരുന്നു. വിലക്കയറ്റം പോലുള്ള ദോഷഫലങ്ങളെ പേടിച്ച്, അടുത്ത കാലത്തായി ഈ മാര്‍ഗം ഉപയോഗിക്കാതെയായി. പക്ഷേ ഇപ്പോഴത്തെ അസാധാരണ സാഹചര്യത്തില്‍ ഈ രക്ഷാവഴിക്ക് തീണ്ടല്‍ കല്പിക്കേണ്ടതില്ല.(അഭിപ്രായം വ്യക്തിപരം
https://www.facebook.com/Malayalivartha























