ഇന്ത്യാക്കാരനോടാണോടാ കളി; മേജറുടെ മൂക്കിന്റെ പാലം തകര്‍ക്കുന്ന ഊക്കനൊരിടി; ഇന്ത്യന്‍ ലെഫ്റ്റനന്റ് ചൈനീസ് മേജറിന്റെ മൂക്കിടിച്ച് പരത്തി

അതിര്‍ത്തിയില്‍ ഇങ്ങനെ ഇന്ത്യന്‍ മണ്ണിലേക്ക് അതിക്രമിച്ചു കയറിവന്ന്, നമ്മുടെ സൈനിക പട്രോള്‍ സംഘങ്ങളോട് മനഃപൂര്‍വം ഇടഞ്ഞ്, അതില്‍ തന്നെ ഓഫീസര്‍മാരെ തിരഞ്ഞുപിടിച്ച് വ്യക്തിപരമായി അധിക്ഷേപം ചൊരിഞ്ഞ്, അവരെ പ്രകോപിപ്പിക്കുക എന്നത് ചൈന കുറേക്കാലമായി ചെയ്തുപോരുന്ന ഒരു തന്ത്രമാണ്. അതിനോട് എന്തായാലും അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പ്രതികരിക്കാന്‍ ഇന്നോളം ഇന്ത്യന്‍ സൈന്യം തയ്യാറായിട്ടില്ല. ആദ്യമായിട്ടാണ്, ഒട്ടും വിചാരിച്ചിരിക്കാതെ ഇങ്ങനെ ഒരു സംഭവം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അങ്ങനെ ഒന്നുണ്ടാകാന്‍ പാടില്ല എന്നതാണ് ഇന്ത്യന്‍ സൈന്യത്തിന്റെ അതിര്‍ത്തിയിലെ നയം. പ്രസ്തുത നയത്തിന്റെ ഭാഗമാണ് ഓഫീസറുടെ പേരുപോലും പുറത്തുവിടാത്തതിന് പിന്നില്‍.
ഇന്ത്യക്കാരെ സംബന്ധിച്ച് ഏതായാലും ആവേശമായി മാറിയിരിക്കുകയാണ് ഈ യുവ ഓഫീസര്‍. ഇന്ത്യന്‍ ചൈനീസ് പട്രോള്‍ സംഘങ്ങള്‍ തമ്മില്‍ കഴിഞ്ഞയാഴ്ച സിക്കിമിലെ ഇന്‍ഡോ-സിനോ അതിര്‍ത്തിഗ്രാമമായ മുഗുതാങ്ങില്‍ നടന്ന ഉരസലിനിടെയാണ് അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുവന്ന ചൈനീസ് സൈന്യത്തിന്റെ ഒരു മേജര്‍ക്ക് കണക്കിന് കൊടുത്തു ഇന്ത്യയിലെ ചുണക്കുട്ടി. ഇത് നിങ്ങളുടെ മണ്ണല്ല. ഇത് ഇന്ത്യന്‍ ടെറിട്ടറി അല്ല. ചൈനയാണ്. മര്യാദയ്ക്ക് തിരിച്ചു പോകുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. ആ പറഞ്ഞതുമാത്രമാണ് ചൈനീസ് മേജറുടെ തലച്ചോറില്‍ അവസാനത്തെ ഓര്‍മ്മ. അതിനു ശേഷമുള്ളത് ശക്തമായൊരു മൂളക്കം മാത്രമാണ്.
സ്വന്തം യൂണിറ്റിനൊപ്പം ഇന്ത്യന്‍ മണ്ണിലൂടെ അതിര്‍ത്തി കാക്കാന്‍ പട്രോളിംഗ് നടത്തുന്നതിനിടെ, നുഴഞ്ഞുകയറി ഇപ്പുറം വന്ന് വെല്ലുവിളിക്കുക. അതിനി ഏത് ചൈനീസ് മേജറാണെന്നു പറഞ്ഞാലും നമ്മുടെ ലെഫ്റ്റനന്റിന് അതൊരു വിഷയമല്ലായിരുന്നു. 'തെറിക്കുത്തരം മുറിപ്പത്തല്‍' എന്ന മാതൃകയില്‍ ആ പറഞ്ഞതിനുള്ള മറുപടി തല്‍ക്ഷണം ലെഫ്റ്റനന്റ് ആ മേജറുടെ മൂഖമടച്ചുതന്നെ കൊടുത്തു. മേജറുടെ മൂക്കിന്റെ പാലം തകര്‍ക്കുന്ന ഊക്കനൊരിടിയായിരുന്നു ലെഫ്റ്റനന്റിന്റെ മറുപടി. നിന്ന നില്‍പ്പിന് ചൈനീസ് കമ്മിസ്സാര്‍ മറിഞ്ഞുവീണു. സൈനിക യൂണിഫോമില്‍ നിന്ന് അയാളുടെ നെയിം പ്‌ളേറ്റ് പറിഞ്ഞിളകിവന്നു.
അപ്പോഴേക്കും ഇരുപക്ഷത്തുനിന്നും പിടിച്ചു മാറ്റാന്‍ സൈനികര്‍ വന്നു. സംഗതി കൂടുതല്‍ അക്രമത്തിലേക്ക് നീങ്ങാതെ, കാര്യം കൂടുതല്‍ വഷളാകാതെ അവര്‍ ശ്രദ്ധിച്ചു. ഇരു സംഘങ്ങളും അവരവരുടെ വഴിക്ക് പട്രോള്‍ തുടര്‍ന്നു. ലെഫ്റ്റനന്റ് ചെയ്ത കാര്യത്തില്‍ ഉള്ളില്‍ അതിയായ ആഹ്ലാദം അദ്ദേഹത്തിന്റെ സീനിയര്‍ ഓഫീസര്‍മാര്‍ക്കും തോന്നിയെങ്കിലും, തല്‍ക്കാലത്തേക്ക് ആ യുവ 'തീപ്പൊരി' ഓഫീസറെ അതിര്‍ത്തിയില്‍ നിന്ന് പിന്‍വലിച്ച് പ്രശ്‌നത്തിന് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ഇന്ത്യന്‍ സേന. കാരണം, തങ്ങളുടെ മേജറിന്റെ മൂക്കിന്റെ പാലം പൊളിച്ചുകൊണ്ടുള്ള ഇന്ത്യന്‍ ലെഫ്റ്റനന്റിന്റെ ഊക്കനിടി ചൈനക്കാരുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേല്പിച്ചിട്ടുള്ളത്. ഇനി അതിന്റെ പേരില്‍ ഇന്ത്യന്‍ സൈന്യം ആഘോഷിക്കുക കൂടി ചെയ്താല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ പിടിച്ചേടത്ത് നിന്നെന്നു വരില്ല. ചൈന എന്ന ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയോട് അത്രയ്ക്ക് ഗതികെട്ടല്ലാതെ ഇടയുന്നത് ബുദ്ധിയല്ല എന്ന നയമാണ് അതിര്‍ത്തിയില്‍ തത്ക്കാലം നമ്മുടെ സൈന്യത്തിനുളളത്.
ചെറുപ്പം തൊട്ടേ സൈനിക പശ്ചാത്തലത്തിലാണ് ആ യുവ ലെഫ്റ്റനന്റ് വളര്‍ന്നുവന്നത്. ആദ്യം റോയല്‍ എയര്‍ ഫോഴ്‌സിലും, പിന്നീട് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലും ഫൈറ്റര്‍ പൈലറ്റ് ആയിരുന്ന ഒരു 'ഡെക്കറേറ്റഡ്' ഓഫീസര്‍ ആണ് അദ്ദേഹത്തിന്റെ മുത്തച്ഛന്‍. അച്ഛനാകട്ടെ ഇന്ത്യന്‍ ആര്‍മിയിലെ ആസാം റെജിമെന്റില്‍ നിന്ന് കേണല്‍ റാങ്കില്‍ വിരമിച്ച മറ്റൊരു ഓഫീസറും. അന്ന് ജനറല്‍ ജെ സുന്ദര്‍ജിയുടെ ഓപ്പറേഷന്‍ ഫാല്‍ക്കണിന്റെ ഭാഗമായിരുന്ന കേണലിന്റെ ടീം സുംഡെറോങ് ച്യുവിലെ ഒരു ഹില്‍ടോപ് കീഴടക്കിയിരുന്നു. ആ ഹില്‍ ടോപ്പ് ഇന്ന് കേണലിന്റെ പേര്‍ക്കാണ് അറിയപ്പെടുന്നത്.കേണലിന്റെ മകളും സൈന്യത്തില്‍ ഒരു ലീഗല്‍ ഓഫീസര്‍ ആയിത്തന്നെയാണ് ജോലി ചെയ്യുന്നത്. അടുത്തിടെ മകള്‍ സ്വന്തം അച്ഛന്റെ പേരിലുള്ള ഹില്‍ടോപ്പ് സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ലോക്കല്‍ കമാന്‍ഡിങ് ഓഫീസര്‍ അപ്പോള്‍ തന്നെ താന്‍ സംരക്ഷിക്കുന്ന ഹില്‍ടോപ്പിന്റെ പേരിന്റെ ഉടമസ്ഥനെ ഫോണില്‍ വിളിച്ച് അഭിമാനപൂര്‍വം സംസാരിക്കയുമുണ്ടായി.
എന്തായാലും ഇനിയും ആ 'ഇടി'യെപ്പറ്റി അധികം വിശദാംശങ്ങള്‍ പുറത്തുവിട്ട് മകന് ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നാണ് കേണലിന്റെ അഭിപ്രായം. തല്‍ക്കാലത്തേക്ക് ആ സംഘര്‍ഷബാധിത പ്രദേശത്തുനിന്ന് പ്രസ്തുത ഓഫീസറെ മാറ്റിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. പട്രോളിംഗിനിടെ ഇനിയും അതേ ചൈനീസ് മേജറും നമ്മുടെ ലെഫ്റ്റനന്റും തമ്മില്‍ കണ്ടുമുട്ടിയാല്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ പിടിച്ചേടത്ത് നിന്നെന്നു വരില്ല. അതുകൊണ്ട്, തത്ക്കാലം ഇന്ത്യന്‍ പക്ഷത്തുനിന്ന് യാതൊരുവിധ പ്രകോപനങ്ങളും വേണ്ടെന്നു കരുതിയാണ് ലെഫ്റ്റനന്റിനെ പിന്‍വലിക്കാനും, മറ്റൊരു ഫോര്‍വേര്‍ഡ് ബേസിലേക്ക് അദ്ദേഹത്തെ നിയോഗിക്കാനും തീരുമാനമായത്.
പുറമേക്ക് താക്കീതും, അണ്‍ഒഫീഷ്യല്‍ ആയി അഭിനന്ദനങ്ങളും മറ്റും ഏറ്റുവാങ്ങുന്ന നമ്മുടെ ലെഫ്റ്റനന്റിന് ആകെയുള്ള സങ്കടം തന്റെ ഇഷ്ടവിഹാരകേന്ദ്രമായ അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ഈയൊരു സംഭവത്തിന് ശേഷം നിര്‍ബന്ധപൂര്‍വം മാറിനില്‍ക്കേണ്ടി വരുന്നു എന്നതാണ്. എന്നാലും, ഇങ്ങോട്ട് അകാരണമായി കോര്‍ക്കാന്‍ വന്ന കമ്മിസ്സാറിന്റെ മൂക്കിടിച്ചു പരത്തി, ചൈനീസ് പട്ടാളത്തെ ഒരു പാഠം പഠിപ്പിച്ചതിന്റെ പേരില്‍ സ്വന്തം യൂണിറ്റിലെ ജവാന്മാര്‍ക്ക് തന്നോടുള്ള ഇഷ്ടവും ബഹുമാനവും ഇരട്ടിച്ചു എന്നതിന്റെ അതിരറ്റ സന്തോഷവും ലെഫ്റ്റനന്റിനുണ്ട്.
https://www.facebook.com/Malayalivartha























