ഇന്ത്യയുടെ ആ പരീക്ഷണം വിജയം ; കോവിഡ് പരിശോധനയ്ക്ക് ചെലവ് കുറഞ്ഞതും വേഗതയും കൃത്യതയാര്‍ന്നതുമായ ഫെലൂദ സ്ട്രിപ് ടെസ്റ്റ് നാലാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് ലഭ്യമാകും

കോവിഡ് പരിശോധനയ്ക്ക് ചെലവ് കുറഞ്ഞതും വേഗതയും കൃത്യതയാര്‍ന്നതുമായ ഫെലൂദ സ്ട്രിപ് ടെസ്റ്റ് നാലാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് ലഭ്യമാകും. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത ഈ പേപ്പര്‍ ബേസ്ഡ് സ്ട്രിപ്പിലൂടെ ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കും. സത്യജിത് റേയുടെ സാങ്കല്‍പിക ഡിറ്റക്ടീവ് കഥാപാത്രത്തിന്റെ പേരാണ് ടെസ്റ്റിന് നല്‍കിയിരിക്കുന്നത്. ടെസ്റ്റിന്റെ ശാസ്ത്രനാമമായ FNCAS9 എഡിറ്റര്‍ ലിങ്ക്ഡ് യൂണിഫോം ഡിറ്റന്‍ഷന്‍ അസ്സേയുടെ ചുരുക്കെഴുത്ത് കൂടിയാണ് FELUDA.
കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്-ഇന്‍സ്റ്റിട്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി(CSIR-IGBI) യിലെ മുതിര്‍ന്ന ഗവേഷകരായ ഡോ. ദേബജ്യോതി ചക്രബര്‍ത്തിയും ഡോ. സൗവിക് മൈതിയും സംയുക്തമായാണ് ഫെലൂദ ടെസ്റ്റ് വികസിപ്പിച്ചെടുത്തത്. കോവിഡ്-19 ന് കാരണമാകുന്ന Sars-CoV2 ന്റെ ജനിതകപദാര്‍ഥം വേര്‍തിരിച്ചറിയാനായി CRISPR ജീന്‍ എഡിറ്റിങ് ടെക്‌നോളജിയാണ് ഫെലൂദയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
ഗര്‍ഭപരിശോധനയ്ക്കുപയോഗിക്കുന്ന സ്ട്രിപ്പിനോട് രൂപസാദൃശ്യമുള്ള ഫെലൂദയില്‍ CRISPR ജൈവശാസ്ത്രവും പേപ്പര്‍ സ്ടിപ്പിന്റെ രസതന്ത്രവും സംയുക്തമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. CRISPR ലടങ്ങിയിരിക്കുന്ന Cas9 പ്രോട്ടീന്‍ രോഗിയുടെ ജനിതകപദാര്‍ഥത്തില്‍ കാണപ്പെടാവുന്ന Sars-CoV2 ശ്രേണിയുമായി സമ്പര്‍ത്തിലാവുന്നതോടെ വൈറസ് സാന്നിധ്യത്തിന്റെ വേര്‍തിരിച്ചറിയല്‍ സാധ്യമാവും. Cas9 ഉം രോഗബാധ സംശയിക്കുന്ന വ്യക്തിയില്‍ നിന്ന് ശേഖരിച്ച സാംപിളും പേപ്പര്‍ സ്ട്രിപ്പില്‍ പകര്‍ത്തുന്നതോടെ വരയിലൂടെ പരിശോധനാഫലം തെളിയും.
ഭൂരിഭാഗം ലാബുകളിലും PCR അടിസ്ഥാനമാക്കിയുള്ള പരിശോധനയാണ് നടത്തുന്നതെന്നും ഇത് ചെലവേറിയതും പൂര്‍ണസജ്ജീകരണങ്ങളോട് കൂടിയ ഒരു ലാബിന്റെ ആവശ്യമുണ്ടെന്നും സിഎസ്‌ഐആര്‍-ഐജിഐബി ഡയറക്ടര്‍ അനുരാഗ് അഗര്‍വാള്‍ പറഞ്ഞു. അതേസമയം പേപ്പര്‍ സ്ട്രിപ്പിന് ലെവല്‍-2, ലെവല്‍-3 ലാബുകളുടെ ആവശ്യകതയില്ലെന്നും ഏത് പാത്തോളജി ലാബിലും പരിശോധന സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പേപ്പര്‍ സ്ട്രിപ് പരിശോധനയ്ക്ക് ലളിതമായ പരിശീലനം മാത്രം ആവശ്യമായതിനാല്‍ നിരവധിപേരെ പരിശോധനപ്രക്രിയയില്‍ രാജ്യവ്യാപകമായി ഉപയോഗപ്പെടുത്താമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ICMR) മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. നിര്‍മല്‍ കെ ഗാംഗുലി പറഞ്ഞു. കൃത്യതയാര്‍ന്നതും കൂടുതല്‍ മെച്ചപ്പെട്ടതുമാണ് ഈ ടെസ്റ്റ് കിറ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫെലൂദ കോവിഡ് പരിശോധനയ്ക്കായി വികസിപ്പിച്ചെടുത്തതല്ലെന്നും DNA-RNA മാറ്റങ്ങള്‍ തിരിച്ചറിയാനായി ഫെലൂദ ടെസ്റ്റ് വികസിപ്പിച്ചെടുക്കുന്നതിനായി രണ്ട് കൊല്ലമായി ഗവേഷണം നടത്തുകയായിരുന്നുവെന്നും കോവിഡ്-19 ലേക്ക് ടെസ്റ്റ് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും ഡോ. ചക്രബര്‍ത്തി വ്യക്തമാക്കി. നിലവില്‍ കോവിഡ് നിര്‍ണയത്തിന് നിലവില്‍ ഉപയോഗിക്കുന്ന RT-PCR ടെസ്റ്റിന് 4,500 രൂപ ചെലവ് വരുമ്പോള്‍ ഫെലൂദയ്ക്ക് 500 രൂപ മാത്രമാണ് ആവുക. ഇത് കോവിഡ് പരിശോധനാചെലവില്‍ ഗണ്യമായ കുറവ് വരുത്തുമെന്ന് കണക്കാക്കുന്നു.
https://www.facebook.com/Malayalivartha
























