കുടിയേറ്റ തൊഴിലാളികള്‍ക്ക് 1000 കോടി; മൊത്തം 3100 കോടി പി.എം. കെയേഴ്സ് ഫണ്ടില്‍നിന്ന് അനുവദിച്ച് പ്രധാനമന്ത്രി

കോവിഡ്19 നെതിരായ പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ണായകമായ വിവരം അറിയിച്ചിരുക്കുകയാണ്. പി.എം. കെയേഴ്സ് ഫണ്ട് ട്രസ്റ്റില്‍ നിന്ന് 3100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ 3100 കോടിയില്‍ ഏകദേശം 2000 കോടിയോളം രൂപ വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനായി മാറ്റിവെയ്ക്കും. കുടിയേറ്റ തൊഴിലാളികളുടെ പരിചരണത്തിനായി 1000 കോടിയും കോവിഡ് വാക്സിന്‍ കണ്ടെത്തുന്നതിന് 100 കോടി രൂപയും നീക്കിവെക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിങും അംഗങ്ങളാണ്.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം നിര്‍മിച്ച 50,000 വെന്റിലേറ്ററുകളാണ് വാങ്ങുന്നത്. 2000 കോടിയോളമാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെ ആശുപത്രികളിലേക്കും വെന്റിലേറ്ററുകള്‍ വിതരണം ചെയ്യും. കുടിയേറ്റതൊഴിലാളികളുടേയും ദരിദ്രരുടേയും ക്ഷേമത്തിനായി നിലവിലുള്ള നടപടികള്‍ ശക്തിപ്പെടുത്തുന്നതിനാണ് ആയിരം കോടി അനുവദിച്ചിട്ടുള്ളത്. അവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഭക്ഷ്യ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ചികിത്സസഹായത്തിനും കുടിയേറ്റ തൊഴിലാളികളുടെ ഗതാഗത ക്രമീകരണത്തിനുമായി സംസ്ഥാനങ്ങളിലേക്ക് ഈ തുക കൈമാറും. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ കമ്മീഷണര്‍മാര്‍ മുഖേന ജില്ലാ കളക്ടര്‍മാര്‍, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ക്കാകും പണം കൈമാറുക.
അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരാഴ്ചക്കുളളില്‍ ഒരു ലക്ഷം കടന്നേക്കുമെന്നാണ് വിലയിരുത്തല്‍.ലോക്ക് ഡൗണ്‍ തുടങ്ങി 50 ദിവസം പിന്നിടുമ്പോള്‍ രോഗബാധിതരുടെ എണ്ണത്തില്‍ 143 ഇരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രോഗബാധ നിരക്ക് സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഇന്ത്യ പന്ത്രണ്ടാമതെത്തി. മഹാരാഷ്ട്ര, ദില്ലി, അഹമ്മദാബാദ്, ചെന്നൈ നഗരങ്ങളിലെ രോഗബാധ നിരക്കിലെ വര്‍ധനയാണ് കണക്കിലെ കുതിപ്പിന് പിന്നില്‍. പന്ത്രണ്ട് ദിവസത്തിനിടെ കേസുകള്‍ ഇരട്ടിക്കുന്നുവെന്നാണ് പുതിയ കണക്ക് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























