കോവിഡ്: മഹാരാഷ്ട്ര, സായുധ പൊലീസിന്റെ സഹായം തേടുന്നു

കോവിഡ് രോഗികളുടെ എണ്ണം 13 ദിവസത്തിനിടെ ഇരട്ടിയിലേറെയായ ( 10,498 ല്‍ നിന്ന് 24,427 ) സാഹചര്യത്തില്‍ മഹാരാഷ്ട്ര കേന്ദ്ര സായുധപൊലീസിന്റെ സഹായം തേടി. രാപകലില്ലാതെ അധ്വാനിക്കുന്ന സംസ്ഥാന പൊലീസിനു വിശ്രമം നല്‍കാനായി 2000 കേന്ദ്ര സായുധപൊലീസ് അംഗങ്ങളെ (സിഎപിഎഫ്) അയയ്ക്കണമെന്ന് അഭ്യര്‍ഥിച്ചു. മൂവായിരത്തിലേറെ സിആര്‍പിഎഫ് ജവാന്‍മാര്‍ നിലവില്‍ പൊലീസിനെ സഹായിക്കുന്നുണ്ട്. മുംബൈ കോര്‍പറേഷനു കീഴിലുള്ള സ്‌കൂളുകളിലെ എല്ലാ അധ്യാപകരോടും കോവിഡ് ഡ്യൂട്ടിക്കു ഹാജരാകാന്‍ നിര്‍ദേശിച്ചു. ആയിരത്തിലേറെ പൊലീസുകാര്‍ക്കു കോവിഡ് ബാധിച്ചതില്‍ 8 പേര്‍ മരിച്ചു.
പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലാത്ത ജോലികള്‍ക്ക് അവധിയിലുള്ള റവന്യു ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും നടന്നുപോകുന്ന അതിഥിതൊഴിലാളികളെയും മറ്റുള്ളവരെയും കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനും യാത്രാ സൗകര്യം ഏര്‍പ്പെടുത്താനും മഹാരാഷ്ട്ര സര്‍ക്കാരിനു ബോംബെ ഹൈക്കോടതി നിര്‍ദേശം നല്‍കി. അതേസമയം, മഹാരാഷ്ട്രയില്‍ മദ്യത്തിന്റെ ഹോം ഡെലിവറി നാളെ ആരംഭിക്കും.
തമിഴ്‌നാട്ടിലേക്ക് 31-വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. ഇന്നും 14-നും ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസ് മാത്രം നടത്തും. ചെന്നൈയ്ക്കു പുറമെ, സെറ്റില്‍മെന്റ് കോളനികളിലും കോവിഡ് പടരുന്നതിന്റെ ആശങ്കയിലാണു സംസ്ഥാനം. കേരള അതിര്‍ത്തി ജില്ലയായ കോയമ്പത്തൂര്‍ കോവിഡ് മുക്തമായതായി റിപ്പോര്‍ട്ട് ചെയ്തു.
ലണ്ടനില്‍ നിന്നെത്തിയ 24-വയസ്സുകാരന്‍ ഉള്‍പ്പെടെ 34 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കര്‍ണാടകയിലെ കോവിഡ് ബാധിതര്‍ 959. മരണം 33.
ഡല്‍ഹിയില്‍ കോവിഡ് മരണം 106 ആയെന്നു സര്‍ക്കാര്‍ അറിയിച്ചു. രോഗികള്‍: 7998. അതേസമയം, 200-ല്‍ ഏറെപ്പേര്‍ മരിച്ചെന്നാണ് ആശുപത്രികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























