ആദ്യ പൂജ മോദിക്കു വേണ്ടി; ബദരീനാഥ് ക്ഷേത്രം തുറന്നു, കേരളത്തിൽ നിന്നുള്ള പൂജാരിയെ എത്തിച്ചത് ഡെറാഡൂണിൽ നിന്നും ഹെലികോപ്റ്ററില്‍

ബദരിനാഥ് ക്ഷേത്രത്തിലെ ആദ്യ പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി. രാജ്യത്തെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായ ബദരിനാഥ് ക്ഷേത്രം തുറന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് ക്ഷേത്രം തുറക്കുന്നത്. നേരത്തെ കേദാര്‍നാഥ് ക്ഷേത്രവും ലോക്ഡൗണിനു ശേഷം തുറന്നപ്പോള്‍ ആദ്യപൂജ പ്രധാനമന്ത്രിയ്ക്ക് വേണ്ടിയായിരുന്നു നടത്തിയത്. അന്ന് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനടക്കം 16 പേരെയാണ് ഇവിടെ അനുവദിച്ചത്.
പ്രധാന പൂജാരിയും ദേവസ്ഥാനം ബോര്‍ഡ് അധികൃതരും ഉള്‍പ്പെടെ വളരെ കുറച്ചുപേരാണ് ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലരയ്ക്ക് നടന്ന പൂജയില്‍ പങ്കെടുത്തത്.. സർക്കാർ നിബന്ധനകൾ പ്രകാരം പൂജാരിമാർ അടക്കം 27 പേരേ ഉണ്ടായിരുന്നുള്ളൂ.
ക്ഷേത്രത്തിലെ മുഖ്യപൂജാരി കണ്ണൂര്‍ ചെറുതാഴം ചന്ദ്രമന ഈശ്വര്‍ പ്രസാദ് കേരളത്തിലായിരുന്നു. ക്ഷേത്രം തുറക്കാനായി ഇദ്ദേഹത്തിന് ബദരീനാഥിലേക്ക് പോകാനാതെ കുടങ്ങി. കേരള സര്‍ക്കാര്‍ അധികൃതരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും കാര്യമായ സഹായം ലഭിക്കാത്ത പശ്ചാത്തലത്തില്‍ കര്‍ണാടക അടക്കം മറ്റു സംസ്ഥാനങ്ങള്‍ വിഷയത്തില്‍ ഇടപെട്ടു. കര്‍ണാടക,യുപി സര്‍ക്കാരുകളാണ് പൂജാരിയെ ബദരീനാഥില്‍ എത്തിക്കാനുള്ള യാത്രാസൗകര്യം ഒരുക്കിയത്. ഉത്തര്‍പ്രദേശില്‍ എത്തിയപ്പോള്‍ ഈശ്വര്‍പ്രസാദിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് സന്ദര്‍ശിച്ചിരുന്നു. പിന്നീട് ഡെറാഡൂണില്‍ നിന്ന് ഹെലികോപ്റ്ററില്‍ സൈന്യമാണ് പൂജാരിയെ ബദരിനാഥിലെത്തിച്ചത്. അങ്ങനെയാണ് നടതുറക്കാനായത്. ബദരീനാഥ് റാവലിനു ഉത്തരാഖണ്ഡ് സംസ്ഥാനം കാബിനറ്റ് പദവിയാണ് നല്‍കിയിട്ടുള്ളത്. അവിടെ എത്തിയാല്‍ അതനുസരിച്ചുള്ള സ്വീകരണവും വരവേല്‍പും പതിവുണ്ട്.
ക്ഷേത്രം ഏപ്രിൽ 30ന് തുറക്കേണ്ടതായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മൂലമാണ് മേയ് 15 ലേക്ക് നീട്ടിയത്. ഇത് ആദ്യമായാണ് ഭക്തർക്ക് പ്രവേശനം നൽകാതെ ബദരീനാഥ് ക്ഷേത്രം തുറക്കുന്നത്. ഉത്തരാഖണ്ഡില്‍ ഹിമാലയൻ പർവത നിരകള്‍ക്കരികില്‍ അളകനന്ദാ നദിക്കരയിലായി സ്ഥിതി ചെയ്യുന്ന മനോഹര ക്ഷേത്രമാണ് ബദരീനാഥ്. മറ്റു ഹിമാലയ ക്ഷേത്രങ്ങളായ ഗംഗോത്രി, യമുനോത്രി എന്നിവ പോലെ എല്ലാ വര്‍ഷവും ഒക്ടോബര്‍-നവംബര്‍ സമയത്ത് ശൈത്യകാലം തുടങ്ങുന്നതോടെ ബദരീനാഥ് ക്ഷേത്രവും അടയ്ക്കുന്നു. മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ബദരിനാഥിലെ തീര്‍ഥാടന കാലം. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തു നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
ഏപ്രിൽ അവസാനം മുതൽ കാർത്തിക പൂർണിമ വരെയുള്ള സമയത്ത് മാത്രം ഭക്തര്‍ക്കായി തുറന്നു കൊടുക്കുന്ന ഇവിടെ പ്രതിവര്‍ഷം ലക്ഷക്കണക്കിന് ആളുകളാണ് ദര്‍ശനത്തിനായി എത്തുന്നത്. കേരളത്തിലെ നമ്പൂതിരി സമുദായത്തിൽപ്പെട്ടവരാണ് മുഖ്യപൂജാരി എന്നൊരു പ്രത്യേകത കൂടി ഈ ക്ഷേത്രത്തിനുണ്ട്.
ആറുമാസം റാവൽജിയും പിന്നീടുള്ള ആറു മാസം നാരദനും ദേവതകളും ബദരീനാഥിൽ പൂജ നടത്തുന്നു എന്നാണ് വിശ്വാസം. ആരും ദർശനത്തിനില്ലെങ്കിലും നട തുറക്കുന്നതിന്‍റെ ഭാഗമായി ക്ഷേത്രത്തിൽ പുഷ്പാലങ്കാരം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























