നാലാംഘട്ടം തുടങ്ങുമ്പോള്‍ ഹോട്ട്സ്‌പോട്ടുകളിലൊഴികെ തീവണ്ടി, ആഭ്യന്തരവിമാനം എന്നിവയുള്‍പ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ പുനരാരംഭിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍

നാലാംഘട്ടം തുടങ്ങുമ്പോള്‍ ഹോട്സ്‌പോട്ടുകളിലൊഴികെ തീവണ്ടി, ആഭ്യന്തരവിമാനം എന്നിവയുള്‍പ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ പുനരാരംഭിക്കണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹോട്സ്‌പോട്ടുകള്‍ തീരുമാനിക്കാനുള്ള അധികാരം പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായിരിക്കുമെന്ന് അധികൃതര്‍ വെള്ളിയാഴ്ച പറഞ്ഞു. സ്‌കൂള്‍, കോളേജ്, മാള്‍, സിനിമാതിയേറ്റര്‍ എന്നിവ രാജ്യത്തൊരിടത്തും തുറക്കാന്‍ അനുവദിക്കില്ല. സലൂണ്‍, ബാര്‍ബര്‍ഷോപ്പ്, കണ്ണടക്കട എന്നിവ ചുവപ്പുമേഖലകളിലും തുറക്കാന്‍ അനുവദിച്ചേക്കും. എന്നാല്‍, അതിതീവ്രമായ കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങളില്‍ ഇവ തുറക്കാന്‍ സമ്മതിക്കില്ല.
മൂന്നാംഘട്ട അടച്ചിടല്‍ നാളെ അവസാനിക്കാനിരിക്കേ ഇനി എങ്ങനെ മുന്നോട്ടുപോകണമെന്നതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരോട് നിര്‍ദേശിച്ചിരുന്നു. ഒരു സംസ്ഥാനവും അടച്ചിടല്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ പടിപടിയായി തുടങ്ങാന്‍ ആഗ്രഹമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറഞ്ഞു. തമിഴ്നാട്ടില്‍ കടകളിലും സ്വകാര്യസ്ഥാപനങ്ങളിലുംമറ്റും തൊഴില്‍സമയം ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ചു.
ഗുജറാത്ത് പ്രധാന നഗരങ്ങളുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. തീവണ്ടിയോട്ടവും ആഭ്യന്തര വിമാനസര്‍വീസുകളും പൂര്‍ണമായും പുനരാരംഭിക്കുന്നതിനോട് ബിഹാര്‍, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് യോജിപ്പില്ല. ഈ മാസം അവസാനംവരെയെങ്കിലും ഇവ പുനരാരംഭിക്കരുതെന്നാണ് അവ ആവശ്യപ്പെട്ടിരിക്കുന്നത്. റസ്‌റ്റോറന്റുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























