ശ്രീശ്രീ രവിശങ്കറിന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐ. എസ്.) വധഭീഷണി

ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐ. എസ്.) വധഭീഷണി. മലേഷ്യയിലെ പെനാംഗില്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഭീഷണിക്കത്ത് ലഭിച്ചത്.
ഭീഷണിയെത്തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ശനിയാഴ്ച പെനാംഗില്‍ ആര്‍ട്ട് ഓഫ് ലിവിങ് യോഗ പരിപാടി നടന്നത്. യോഗത്തില്‍ പതിനായിരത്തിലധികം പേര്‍ പങ്കെടുത്തു. വൈകുന്നേരം നടന്ന ആര്‍ട്ട് ഓഫ് ലിവിങ് സമ്മേളനത്തില്‍ പങ്കെടുത്ത 70000ത്തോളം പേരെ ശ്രീശ്രീ രവിശങ്കര്‍ അഭിസംബോധന ചെയ്തു.
ശ്രീശ്രീ രവിശങ്കറും സംഘവും താമസിക്കുന്ന പെനാംഗിലെ ഹോട്ടല്‍ ജനറല്‍ മാനേജര്‍, ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഡയറക്ടര്‍ അംബികാ മേനോന്‍, ആര്‍ട്ട് ഓഫ് ലിവിങ് പരിശീലകന്‍ എന്നിവര്‍ക്കാണ് മൂന്നുദിവസം മുമ്പ് ഭീഷണി ക്കത്ത് ലഭിച്ചത്. മുസ്ലിം രാജ്യങ്ങളില്‍ ശ്രീശ്രീ രവിശങ്കര്‍ സംഘടിപ്പിക്കുന്ന യോഗ ധ്യാന പരിപാടികള്‍ക്ക് ഹൈന്ദവ താത്പര്യങ്ങളുണ്ടെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഭീഷണി.
ഇത്തരം പരിപാടികള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ കഴുത്തറത്ത് കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ട്. ഇതോടൊപ്പം പടിയിലായവരെ കഴുത്തറത്ത് കൊലപ്പെടുത്തുന്ന ചിത്രവും നല്‍കി. ഭീഷണിക്കത്ത് ആര്‍ട്ട് ഓഫ് ലിവിങ് അധികൃതര്‍ മലേഷ്യന്‍ പോലീസിന് കൈമാറി. കത്ത് ഇസ്ലാമിക് സ്‌റ്റേറ്റിന്റേതാണെന്ന് മലേഷ്യന്‍ ഫെഡറല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ എംബസിയെയും വിവരം അറിയിച്ചു.
ജപ്പാന്‍, കംബോഡിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് ശ്രീശ്രീ രവിശങ്കര്‍ മലേഷ്യയിലെത്തിയത്. മലേഷ്യയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രീശ്രീ രവിശങ്കറെ അനുവദിച്ചാല്‍ അദ്ദേഹത്തെയും പരിപാടിയില്‍ പങ്കെടുക്കുന്നവരെയും കൊലപ്പെടുത്തുമെന്നും ഹോട്ടല്‍ ജനറല്‍ മാനേജര്‍ക്ക് ലഭിച്ച ഭീഷണിക്കത്തില്‍ പറയുന്നു. ശ്രീശ്രീ രവിശങ്കര്‍ മതമില്ലെന്നാണ് പറയുന്നത്. എന്നാല്‍, ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലെ മുസ്ലിം സമുദായത്തിന്റെ വിശ്വാസങ്ങളില്‍ ഇടപെടുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പറയുന്നു.
ഭീഷണിക്കത്ത് ഗൗരവമായാണ് കാണുന്നതെന്നും ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും മലേഷ്യന്‍ അധികൃതര്‍ ആര്‍ട്ട് ഓഫ് ലിവിങ് അധികൃതരെ അറിയിച്ചു. കഴിഞ്ഞവര്‍ഷം ജൂണില്‍ പാകിസ്താനിലെ ആര്‍ട്ട് ഓഫ് ലിവിങ് വളണ്ടിയര്‍മാര്‍ക്ക് താലിബാനില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു. ഇസ്ലാമാബാദിലെ ആര്‍ട്ട് ഓഫ് ലിവിങ് കേന്ദ്രം തീവെച്ച് നശിപ്പിക്കുകയും ചെയ്തു.
പാകിസ്താനില്‍ നടത്തിവരുന്ന യോഗ ധ്യാനം പരിപാടികള്‍ ഉപേക്ഷിക്കണമെന്നായിരുന്നു താലിബാന്‍ ഭീകരരുടെ ഭീഷണി. പാകിസ്താനില്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന് പതിനായിരത്തിലധികം പ്രവര്‍ത്തകരുണ്ട്. ഇതിനുശേഷമാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരില്‍ നിന്ന് ഭീഷണിയുയരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















