മകനെ അവസാനമായി കാണാൻസാധിച്ചില്ല; അന്ത്യചുംബനം പോലും നൽകിയില്ല; മാനസികാഘാതത്തിൽ തളർന്നു വീണ അമ്മ ഡൽഹിയിൽ നേരിട്ടത് അവഗണന ; നോക്കുകുത്തിയായി ജനങ്ങളും പോലീസും; കാണാതിരിക്കാനാവില്ല ഈ കണ്ണുനീർ

മരിച്ചു പോയ മകനെ അവസാനമായി ഒരു നോക്ക് കാണാനായില്ല, വീട്ടിലേക്കുള്ള യാത്രയും മുടങ്ങി. ഈ സാഹചര്യത്തിൽ സഹായിക്കേണ്ട പോലീസും നോക്കി നിന്ന്.ഡൽഹിയിലാണ് സംഭവം . പത്തനംതിട്ട ഇരവിപേരൂർ പടിപ്പുരയ്ക്കൽ ജെയിൻ സാമുവൽ (76) എന്ന വീട്ടമ്മയ്ക്കാണ് ഈ ദുരനുഭവം.
ജെയിനിന്റെ മകനും ടൈറ്റാനിയത്തിന്റെ മുൻ ഫുട്ബോൾ താരവുമായ തോമസ് സാമുവൽ (സന്തു–50) വെള്ളിയാഴ്ച ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു . ഇളയ മകൻ സുരേഷിന്റെ ഭാര്യ ഷൈനിക്കൊപ്പം ഡൽഹി രോഹിണി സെക്ടർ 6ൽ താമസിക്കുന്ന 'അമ്മ ജെയിൻ സംസ്കാരച്ചടങ്ങിനായി നാട്ടിലേക്കു പോകാൻ ശ്രമിച്ചെങ്കിലുംആ ശ്രമം വിഫലമായി.ഒടുവിൽ സന്തുവിന്റെ സംസ്കാരം തിങ്കളാഴ്ച കഴിഞ്ഞെങ്കിലും ബുധനാഴ്ചത്തെ പ്രത്യേക ട്രെയിനിൽ നാട്ടിലേക്കു പോകാൻ ഇവർ തീരുമാനിച്ചു.
രോഹിണി സെക്ടർ 24ലെ ഡൽഹി പബ്ലിക് സ്കൂളിലാണ് ഇവർക്കു നാട്ടിലേക്കുമടങ്ങാനുള്ള മെഡിക്കൽ സ്ക്രീനിങ് ഒരുക്കിയിരുന്നത്. അമ്മയെയും മൂന്നും രണ്ടും വയസ്സു വീതം പ്രായമുള്ള കുട്ടികളെയും വഴിയരികിൽ നിർത്തി പരിശോധനയുമായി ബന്ധപ്പെട്ട നടപടികൾക്കായി ഷൈനി സ്കൂളിലേക്കു പോയി.
മടങ്ങിവന്നപ്പോൾ കണ്ടതു കനത്ത ചൂടിൽ തളർന്നു വീണ അമ്മയെയാണ്.ജനം കാഴ്ചക്കാരായി നില്കുന്നു . സഹായത്തിനായി പൊലീസുകാരെയടക്കം സമീപിച്ചെങ്കിലും കോവിഡ് പേടി കാരണം ആരുമെത്തിയില്ല. നോർക്ക ഓഫിസറെത്തിയെങ്കിലും സുഖമില്ലാത്തവരെ ട്രെയിനിൽ കൊണ്ടുപോകാൻ സാധിക്കില്ലെന്ന മറുപടി നൽകി മടങ്ങി. അമ്മയുടെ നില മോശമാകുന്നതു കണ്ട ഷൈനി നാട്ടിൽ ബന്ധുക്കളെ വിളിച്ചു. അവിടെ നിന്നാണു രോഹിണിയിൽ താമസിക്കുന്ന കാർട്ടൂണിസ്റ്റ് സുധീർനാഥിനു ഫോൺ സന്ദേശം ലഭിക്കുന്നത്. ഉടൻ അദ്ദേഹം സ്ഥലത്തെത്തി സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു
105 ഡിഗ്രി പനിയുള്ള ജെയിനെ പ്രവേശിപ്പിക്കാൻ ആദ്യം അധികൃതർ തയാറായില്ലെങ്കിലും മലയാളി നഴ്സുമാരുടെ ഇടപെടലിനെ തുടർന്ന് അനുവദിച്ചു.
മുൻ ടൈറ്റാനിയം ഫുട്ബാൾ താരമാണ് അന്തരിച്ച സാമുവൽ എന്ന സന്തു. തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയത്തിൽ ലൈബ്രറി സൂപ്രണ്ടായി ജോലി നോക്കുകയായിരുന്നു.
നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തോമസ് സാമുവൽ വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. എം.ജി യൂനിവേഴ്സിറ്റി താരമായിരിക്കെ 1991ലാണ് ടൈറ്റാനിയം ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
https://www.facebook.com/Malayalivartha
























