കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഭർത്താവിനെ കാണാനില്ലെന്ന ആരോപണവുമായി വീട്ടമ്മ; രോഗി മരിച്ചെന്നും മൃതദേഹം പ്രോട്ടോകോൾ പ്രകാരം മറവുചെയ്‌തെന്നും ആശുപത്രി അധികൃതർ; ഹൈദരാബാദിലാണ് സംഭവം

ചൈനയിൽ കോവിഡ് പടർന്നു പിടിച്ചപ്പോൾ നമ്മളെല്ലാം നിരവധി തവണ കേട്ട വാർത്തകളാണ് പ്രിയപെട്ടവരുടെ മൃതദേഹങ്ങൾ പോലും നഷ്ടപെട്ട ബന്ധുക്കളുടെ വേദനകളെ കുറിച്ച്. ഇപ്പോഴിതാ നമ്മുടെ രാജ്യത്തും സമാനമായ വാർത്തകൾ ഉയർന്നു വരുന്നു.
കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തന്‍റെ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈദരാബാദിലെ ഒരു വീട്ടമ്മ . എന്നാൽ, ഇവരുടെ ഭർത്താവ് അസുഖം ബാധിച്ച് മരിച്ചെന്നും വീട്ടുകാരെ വിവരമറിയിച്ച ശേഷം മൃതദേഹം സംസ്കരിച്ചതായും അവകാശപെട്ട് ആശുപത്രി അധികൃതരും രംഗത്തെത്തി
ഹൈദരാബാദ് നഗരത്തിലെ വനസ്തലിപുരം മേഖലയിൽ താമസിക്കുന്ന മാധവി എന്ന 42കാരിയാണ് കോവിഡ് ചികിത്സയിലായിരുന്ന തന്‍റെ ഭർത്താവ് മധുസൂദനനെ (42) കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. മാധവിയും ഇവരുടെ രണ്ട് പെൺകുട്ടികളും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. രോഗമുക്തി നേടിയതിനെ തുടർന്ന് മാധവിയെയും മക്കളെയും മേയ് 16ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. എന്നാൽ, ചികിത്സിയിലായിരുന്ന ഭർത്താവിനെ കുറിച്ച് ഇവർക്ക് വിവരമുണ്ടായിരുന്നില്ല.
മേയ് 16ന് മക്കളും താനും ആശുപത്രി വിട്ടപ്പോൾ ഭർത്താവ് ഒപ്പമുണ്ടായിരുന്നില്ലെന്നും അതിന് ശേഷം ഭർത്താവിനെ കുറിച്ച് വിവരമില്ലെന്നും കാട്ടി ഇവർ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.. ഇവരുടെ ഭർത്താവ് മധുസൂദനനെ കോവിഡ് ബാധിച്ച് ഏപ്രിൽ 27ന് കിങ് കോത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 30ന് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. എന്ന് മേധാവി പറയുന്നു.
എന്നാൽ, മേയ് ഒന്നിന് മധുസൂദനൻ മരിച്ചതായാണ് ആശുപത്രി അധികൃതർ അവകാശപ്പെടുന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കുടുംബാംഗങ്ങളെ വിവരമറിയിച്ച ശേഷം മൃതദേഹം പൊലീസിന് കൈമാറിയെന്നും ഹൈദരാബാദ് നഗരസഭ അധികൃതർ സംസ്കാരം നടത്തുകയായിരുന്നു എന്നും ആശുപത്രി സൂപ്രണ്ട് എം. രാജറാവു പ്രസ്താവനയിൽ പറഞ്ഞു. നടപടിക്രമങ്ങൾ ആശുപത്രി കൃത്യമായി പാലിച്ചതായും അധികൃതർ അവകാശപ്പെട്ടു.
മേയ് 16ന് താനും മക്കളും ആശുപത്രി വിടുമ്പോൾ ഭർത്താവിനെ കുറിച്ച് ചോദിച്ചിരുന്നെന്നാണ് മാധവി പറയുന്നത് . എന്നാൽ അപ്പോഴൊന്നും കൃത്യമായ മറുപടി ആശുപത്രി അധികൃതർ നൽകിയില്ല. അദ്ദേഹം വെന്‍റിലേറ്ററിലാണെന്നാണ് ആദ്യം തങ്ങളോട് പറഞ്ഞത്. പിന്നീടാണ് മരിച്ചെന്ന് പറഞ്ഞത് . മരിച്ചതിന്‍റെ തെളിവായി ചിത്രങ്ങളോ സംസ്കാര ചടങ്ങുകളുടെ വിഡിയോ ദൃശ്യങ്ങളോ കാണിക്കാൻ താൻ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതരുടെ കൈയിൽ അവയൊന്നും ഇല്ല. ഭർത്താവ് ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും ഇവർ പറഞ്ഞു.
മരണവിവരം കുടുംബത്തെ അറിയിച്ചെന്ന ആശുപത്രി അധികൃതരുടെ വാദം ഇവർ തള്ളി. അങ്ങനെയെങ്കിൽ ആരെയാണ് അറിയിച്ചതെന്നും ആരാണ് ആശുപത്രി അധികൃതർ പറയുന്ന പ്രകാരം തുടർനടപടികൾക്ക് അനുവാദം നൽകിയതെന്നും വ്യക്തമാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്
https://www.facebook.com/Malayalivartha
























