കൊവിഡ് ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേന, ഭാര്യയുടെ കാമുകനെന്ന് സംശയിക്കുന്നയാളെ കൊല്ലാന്‍ സ്ത്രീകളെ അയച്ചയാള്‍ അറസ്റ്റില്‍

ഡല്‍ഹിയിലെ ആലിപൂരില്‍ കൊവിഡ് ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ രണ്ട് സ്ത്രീകള്‍ നല്‍കിയ ദ്രാവകം കുടിച്ച് ഹോം ഗാര്‍ഡും രണ്ട് കുടുംബാംഗങ്ങളും അവശനിലയിലായി. സംഭവുമായി ബന്ധപ്പെട്ട് പ്രദീപ് എന്ന 42-കാരന്‍ അറസ്റ്റിലായി. പ്രദീപിന്റെ ഭാര്യയ്ക്ക് ഹോം ഗാര്‍ഡുമായി അടുപ്പമുണ്ടെന്ന് സംശയിച്ചാണ് അയാളെ അപായപ്പെടുത്താന്‍ പ്രദീപ് ക്രൂരകൃത്യം ആസൂത്രണം ചെയ്തത്.
ഇയാള്‍ ഇതിനായി രണ്ട് സ്ത്രീകളെ വാടകയ്ക്ക് എടുക്കയായിരുന്നു. തുടര്‍ന്ന് വിഷദ്രാവകം നല്‍കി ആലിപൂരിലെ ഹോം ഗാര്‍ഡിന്റെ വീട്ടിലേക്ക് അയച്ചു. ഞായറാഴ്ച രാത്രി ഇവരുടെ വീട്ടിലെത്തിയ സ്ത്രീകള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തിയ ശേഷം വിഷദ്രാവകം നല്‍കുകയായിരുന്നു.
പ്രതിരോധ മരുന്നെന്ന് പറഞ്ഞ് സ്ത്രീകള്‍ നല്‍കിയ വിഷദ്രാവകം കുടിച്ചതോടെ ഹോം ഗാര്‍ഡും കുടുംബാംഗങ്ങളും അവശനിലയിലായി. ഉടന്‍ തന്നെ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് സ്ത്രീകളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























