14 പേര്‍ കൊല്ലപ്പെട്ട തൂത്തുക്കുടി വെടിവയ്പിന്റെ രണ്ടാം വാര്‍ഷികത്തിലും ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല, ഇരകള്‍ക്ക് നീതി അകലെ!

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റിന്റെ ചെമ്പ് സംസ്‌കരണ ഫാക്ടറിയിലെ മലിനീകരണത്തിനെതിരെ സമരം നടത്തിയവര്‍ക്കു നേരെ 2018 മേയ് 22-ന് വൈകിട്ട് ഉണ്ടായ വെടിവയ്പില്‍ 14 പേര്‍ക്കാണ് ജീവഹാനി ഉണ്ടായത്. തൂത്തുക്കുടി വെടിവയ്പിന്റെ രണ്ടാം വാര്‍ഷികം കടന്നുപോകുമ്പോഴും പൊലീസ് വെടിവയ്പിനെ കുറിച്ചു അന്വേഷിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. വാര്‍ഷികം കണക്കിലെടുത്ത് തൂത്തുക്കുടിയില്‍ നിരോധനാജ്ഞയാണ്.
നീതി വൈകുന്നത് നീതി നിഷേധിക്കലിനു തുല്യമാണെന്ന് തിരിച്ചറിഞ്ഞിട്ടും, പൊലീസിന്റെ തോക്കുകളില്‍ നിന്ന് തീ തുപ്പിയിട്ട് രണ്ടുവര്‍ഷം തികഞ്ഞ ഇന്നലെ ലോക്ഡൗണ്‍ നിബന്ധനകള്‍ക്കുള്ളില്‍ നിന്ന് നിശ്ബദമായി പ്രതിഷേധിച്ചു. നീറുന്ന ഓര്‍മകളുമായി അവര്‍ ഒരിക്കല്‍കൂടി സമരപന്തലില്‍ ഒത്തുകൂടി, പൂക്കളര്‍പ്പിച്ചു.
സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് അരുണ ജഗദീഷന്‍ കമ്മിഷന്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. സാക്ഷികളുടെ വിസ്താരം തീരാത്തതാണു കാരണം. നാനൂറിലധികമുള്ള സാക്ഷികളില്‍ മുന്‍ തൂത്തുക്കുടി കലക്ടര്‍, ഐജി, ഡിഐജി, എസ്പി, നടന്‍ രജനീകാന്ത് തുടങ്ങിയ പ്രമുഖരെയാണ് ഇനി വിസ്തരിക്കേണ്ടത്. ലോക്ഡൗണില്‍ സിറ്റിങ് മുടങ്ങിയിരിക്കുകയാണ്. ജൂലൈയില്‍ സിറ്റിങ് പുനരാരംഭിച്ചാല്‍ തന്നെ എപ്പോള്‍ തീര്‍ക്കാനാവുമെന്ന് ഏകാംഗ കമ്മീഷന് ഉറപ്പില്ല. ഫെബ്രുവരിയില്‍ നേരിട്ടു ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടും കൂട്ടാക്കാതിരുന്ന രജനികാന്തിനെ സിറ്റിങ് പുനരാരംഭിച്ച ഉടനെ വിളിച്ചുവരുത്തുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha