കോവിഡ്: വായ്പകളുടെ തിരിച്ചടവിനുള്ള മൊറട്ടോറിയം ഓഗസ്റ്റ്-31 വരെ നീട്ടി

ബാങ്ക് വായ്പകളുടെ തിരിച്ചടവിനുള്ള മൊറട്ടോറിയം കോവിഡ് പ്രതിസന്ധി തുടരുന്ന സ്ഥിതിയില്‍, ഓഗസ്റ്റ് 31-വരെ നീട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. സംരംഭങ്ങളുടെ പ്രവര്‍ത്തന മൂലധന വായ്പയുടെ മൊറട്ടോറിയം കാലയളവിലെ പലിശയടയ്ക്കാന്‍ ബാങ്കുകള്‍ക്ക് കാലാവധി വായ്പ അനുവദിക്കാം. ഈ വായ്പ അടുത്ത മാര്‍ച്ച് 31-നകം പൂര്‍ണമായി തിരിച്ചടയ്ക്കണം.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ച മറ്റു പ്രധാന തീരുമാനങ്ങള്‍ ഇവയൊക്കെയാണ്. റിസര്‍വ് ബാങ്ക്, വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ 4.40 ശതമാനത്തില്‍നിന്ന് 4 ശതമാനമാക്കി. റിപ്പോ കുറയുന്നതിന് ആനുപാതികമായി, ബാങ്ക് വായ്പകളുടെ പലിശ നിരക്ക് കുറയും. കഴിഞ്ഞ മാര്‍ച്ച് 1-ന് നിലവിലുണ്ടായിരുന്ന വായ്പകള്‍ക്കാണ് ആനുകൂല്യം.
റിവേഴ്‌സ് റിപ്പോ (ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന മിച്ച പണത്തിനു നല്‍കുന്ന പലിശ നിരക്കായ) 3.75 ശതമാനത്തില്‍നിന്ന് 3.35 ശതമാനമാക്കി. റിവേഴ്‌സ് റിപ്പോ കുറയുമ്പോള്‍ കൂടുതല്‍ പണം വായ്പയായി നല്‍കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിക്കപ്പെടും. ഇത് പണലഭ്യത വര്‍ധിപ്പിക്കും. എന്നാല്‍, ബാങ്കുകള്‍ സ്വീകരിക്കുന്ന നിപേക്ഷങ്ങള്‍ക്കുള്ള പലിശ കുറയാം.
പ്രവര്‍ത്തന മൂലധനച്ചെലവിനായി നല്‍കുന്ന വായ്പ, ഓവര്‍ ഡ്രാഫ്റ്റ് എന്നിവയ്ക്കുള്ള പലിശ തിരിച്ചടവും ഓഗസ്റ്റ് 31-വരെ മാറ്റിവയ്ക്കാം. പലിശ ഒരുമിച്ച് അതിനുശേഷം അടച്ചാല്‍ മതി. മൊറട്ടോറിയം ബാധകമാക്കുമ്പോള്‍ വായ്പയുടെ തിരിച്ചടവു മുടങ്ങിയതായി കണക്കാക്കി കിട്ടാക്കട ഗണത്തില്‍ പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാവില്ല.
കോര്‍പറേറ്റുകള്‍ക്ക് ബാങ്കുകളുടെ മൂലധന അടിസ്ഥാനത്തിന്റെ 30% വരെ വായ്പ നല്‍കാം. ഇതു നേരത്തെ 40% വരെ ആയിരുന്നത് കഴിഞ്ഞ ജൂണിലാണ് 25% ആക്കിയത്. കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ക്കുള്ള ആനുകൂല്യമാണിത്.
കയറ്റിറക്കുമതി മേഖലയെ സഹായിക്കാനായി എക്‌സിം ബാങ്കിന് 15,000 കോടിയുടെ വായ്പയാണ് അനുവദിച്ചിരിക്കുന്നത്. ജൂലൈ 31-വരെ നല്‍കുന്ന കയറ്റുമതി വായ്പകള്‍ക്കുള്ള തിരിച്ചടവു കാലാവധി 12 മാസത്തില്‍ നിന്ന് 15 മാസമാക്കി. ഇറക്കുമതിയുടെ അടിസ്ഥാനത്തിലുള്ള വായ്പയുടെ തിരിച്ചടവ് കാലാവധി 6 മാസത്തില്‍ നിന്ന് 12 മാസമാക്കി.
https://www.facebook.com/Malayalivartha
























