കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗം സംബന്ധിച്ച മാര്‍ഗരേഖ പരിഷ്‌കരിച്ചു

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗം സംബന്ധിച്ച മാര്‍ഗരേഖ പരിഷ്‌കരിച്ചു. ഇപ്പോള്‍ ഇത് കഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു പുറമേ, കൂടുതല്‍ പേര്‍ക്ക് ഇതു പ്രതിരോധ മരുന്നായി നല്‍കാന്‍ നിര്‍ദേശിച്ചു. ഫലപ്രാപ്തി സംബന്ധിച്ച സംശയത്തെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേത് ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മരുന്നു പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയ ശേഷമാണു മാര്‍ഗരേഖ പരിഷ്‌കരിച്ചത്.
ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഇതു കഴിക്കാവൂ. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മരുന്നു ഗുണം ചെയ്യുമെന്നാണു വിലയിരുത്തല്‍. അതേസമയം, ഇതു കഴിച്ചതു കൊണ്ടു മാത്രം കോവിഡില്‍ നിന്നു പൂര്‍ണ സുരക്ഷ ലഭിക്കില്ല. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വിപരീതഫലം ഉണ്ടാകാമെന്ന മുന്നറിയിപ്പുമുണ്ട്.
കോവിഡ് പ്രതിരോധരംഗത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് ഇതര ആശുപത്രിയിലും ചികിത്സാ ബ്ലോക്കിലും പ്രവര്‍ത്തിക്കുന്ന രോഗലക്ഷണമില്ലാത്തവര്‍, കര്‍ശന നിയന്ത്രണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസുകാരടക്കം ഫീല്‍ഡ് ജീവനക്കാര്‍, കോവിഡ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ രോഗലക്ഷണമില്ലാത്തവര്‍ എന്നിവര്‍ക്ക് ഇത് കഴിക്കാം.
കാഴ്ച പ്രശ്‌നം, അലര്‍ജി, ഹൃദ്രോഗം എന്നിവയുള്ളവര്‍, ജി6പിഡി എന്‍സൈം കുറവു മൂലം ചുവന്ന രക്താണുക്കള്‍ നശിക്കുന്നവര്‍, 15 വയസ്സിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍ എന്നിവര്‍ക്ക് ഇത് കഴിക്കുന്നതിന് വിലക്കുണ്ട്.
https://www.facebook.com/Malayalivartha
























