ഉദ്യോഗസ്ഥര്‍ക്കു നേരെ കേന്ദ്രമന്ത്രിയുടെ ഭീഷണി: 'മുറിയില്‍ പൂട്ടിയിട്ട് ബെല്‍റ്റിന് അടിക്കാന്‍ അറിയാം'!

ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരില്‍ നിന്ന് 400 കിലോമീറ്റര്‍ അകലയെുള്ള ബല്‍റംപുരിലെ ക്വാറന്റീന്‍ കേന്ദ്രം ഞായറാഴ്ച സന്ദര്‍ശിച്ചതിനു പിന്നാലെ കേന്ദ്ര സഹമന്ത്രി രേണുക സിങ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി ആരോപണം. ആളുകളെ മുറിയില്‍ കൊണ്ടുപോയി പൂട്ടിയിട്ട് ബെല്‍റ്റിന് അടിക്കാന്‍ തനിക്ക് അറിയാമെന്നു ഉദ്യോഗസ്ഥരോടു പറയുന്ന വിഡിയോയാണ് പുറത്തുവന്നത്.
നേരത്തേ ഡല്‍ഹിയില്‍ നിന്നെത്തിയ ദിലീപ് ഗുപ്ത എന്നയാള്‍ ബല്‍റംപുരിലെ ക്വാറന്റീന്‍ കേന്ദ്രത്തിന്റെ യോചനീയാവസ്ഥയെക്കുറിച്ചും മോശം ഭക്ഷണത്തെക്കുറിച്ചും പ്രതികരിച്ചു സമൂഹമാധ്യമത്തില്‍ വിഡിയോ ഇട്ടിരുന്നു. വിഡിയോ ഇട്ടതിനു പിന്നാലെ ജില്ലാ പഞ്ചായത്തിലെ ഉദ്യോഗസ്ഥനും തഹസില്‍ദാറും തന്നെ മര്‍ദ്ദിച്ചതായി ദിലീപ് ഗുപ്ത ആരോപിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഛത്തീസ്ഗഡില്‍ നിന്നുള്ള എംപിയായ രേണുക സിങ് സ്ഥലം സന്ദര്‍ശിച്ചത്. ദിലീപ് ഗുപ്തയുമായും മന്ത്രി സംസാരിച്ചു. ഇതിനു തൊട്ടുപുറകെയാണ് രേണുക ഉദ്യോഗസ്ഥരോടു കയര്‍ത്തതെന്നാണു വിവരം. ഉദ്യോഗസ്ഥരുടെ മര്‍ദ്ദനത്തെ തുടര്‍ന്നു ദിലീപ് ഗുപ്തയ്ക്ക് പറ്റിയ പരുക്കിന്റെ ഉള്‍പ്പെടെ ചിത്രങ്ങള്‍ രേണുക സിങ് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
'ഞങ്ങളുടെ സര്‍ക്കാര്‍ ഇനിയും അധികാരത്തിലില്ലെന്ന് ആരും കരുതരുത്. ഞങ്ങള്‍ 15 വര്‍ഷം ഭരിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മതിയായ പണം കേന്ദ്ര സര്‍ക്കാരിനുണ്ട്. ആളുകള്‍ക്ക് ആവശ്യമായ തുക ലഭിക്കുമെന്നു ഞാന്‍ ഉറപ്പാക്കും. കാവിയണിഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ ദുര്‍ബലരാണെന്ന് കരുതരുത്.' - രേണുക സിങ് ഉദ്യോഗസ്ഥരോടു പറയുന്നു. ഇതിനു പിന്നാലെയാണ് ആളുകളെ എങ്ങനെ മുറിയില്‍ പൂട്ടിയിട്ട് ബെല്‍റ്റിന് അടിക്കുന്നതെന്നും തനിക്ക് അറിയാമെന്നു മന്ത്രി പറഞ്ഞത്.
https://www.facebook.com/Malayalivartha
























