കോവിഡ് സ്ഥിരീകരിച്ച 28 ശതമാനം പേർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്

രാജ്യത്ത് ഏപ്രിൽ 30 വരെ കോവിഡ് സ്ഥിരീകരിച്ച 40,185 പേരിൽ 28 ശതമാനം പേർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് ഐ.സി.എം.ആർ റിപ്പോർട്ട്.. അതുകൊണ്ടുതന്നെ ഇവരിൽനിന്ന് കൂടുതൽ പേരിലേക്ക് രോഗം പടർന്നിട്ടുണ്ടോയെന്നത് ആശങ്ക ഉയർത്തുകയാണ്.
കോവിഡ്രോഗം സ്ഥിരീകരിച്ചവരിൽ 5.2 ശതമാനം പേരും ആരോഗ്യ പ്രവർത്തകരാണെന്ന് ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു.
രോഗലക്ഷണമില്ലാതിരുന്ന 28.1 ശതമാനം പേരിൽ 25.3 ശതമാനം പേരും രോഗികളുമായി അടുത്ത സമ്പർക്ക പട്ടികയിലുള്ളവരാണ്. മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ ജോലി ചെയ്ത ആരോഗ്യ പ്രവർത്തകരാണ് ഇതിൽ 2.8 ശതമാനം പേർ. ജനുവരി 22 മുതൽ ഏപ്രിൽ 30 വരെ രാജ്യത്ത് 10,21,518 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. കോവിഡ് രോഗം ഗുരുതരമാകുന്നത് പത്തുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളിലും പ്രായമായവരിലുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 41.6ശതമാനം പുരുഷൻമാരും 24.3 ശതമാനം സ്ത്രീകളുമാണെന്നും ഐ.സി.എം.ആർ റിപ്പോർട്ടിൽപറയുന്നു.
രാജ്യത്തെ മൊത്തം 736 ജില്ലകളിൽ 523 ജില്ലകളിലാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗികൾ. 10.6 ശതമാനം രോഗികളാണ് മഹരാഷ്ട്രയിൽ. ഡൽഹി 7.8, ഗുജറാത്ത് 6.3, മധ്യപ്രദേശ് 6.1, പശ്ചിമബംഗാൾ 5.8 എന്നിങ്ങളെയാണ് രോഗബാധിതരുടെ എണ്ണം.
രോഗലക്ഷണമുള്ള 12810 സാമ്പിളുകൾ പരിശോധിച്ചതിൽ എല്ലാവർക്കും ചുമയും പനിയുമുണ്ടായിരുന്നു. ചിലരിൽ തൊണ്ടവേദനയും ശ്വാസതടസവും റിപ്പോർട്ട് െചയ്തു. അഞ്ചുശതമാനത്തിൽ താഴെപേർക്ക് ഛർദ്ദി, വയറിളക്കം, വയറുവേദന, തലകറക്കം എന്നിവയും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























