വിമത എം.എല്‍.എമാരെ കാണാനുള്ള രണ്ടാം ശ്രമവും പാളി രാജസ്ഥാന്‍ അന്വേഷണസംഘം; ഹോട്ടലിന് മുന്നില്‍ വീണ്ടും തടഞ്ഞ് ഹരിയാന പൊലീസ്; ശര്‍മ്മയെ ചോദ്യം ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു

സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്ന എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ പ്രവേശിക്കുന്നതില്‍നിന്നും രാജസ്ഥാന്‍ പൊലീസിനെ തടഞ്ഞ് വീണ്ടും ഹരിയാന പൊലീസ്. രണ്ടുദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് മുന്നില്‍ രാജസ്ഥാന്‍ പൊലീസിനെ തടയുന്നത്.
മുഖ്യമന്ത്രി അശോക് ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചിലര്‍ കുതിരക്കച്ചവടത്തിന് ശ്രമിച്ചെന്ന് പരാതിപ്പെട്ടതിന് പിന്നാലെ പുറത്തായ ഓഡിയോ ക്ലിപ്പില്‍ പൈലറ്റിനൊപ്പമുള്ള ഒരു എം.എല്‍.എയുടെ ശബ്ദമുണ്ടെന്നാണ് കരുതുന്നത്. ഇത് തെളിയിക്കാനാണ് പൊലീസ് ഹോട്ടലില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഹരിയാന പൊലീസ് രണ്ടാം തവണയും രാജസ്ഥാനില്‍നിന്നുള്ള അന്വേഷണ സംഘത്തെ തടഞ്ഞെന്ന് എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച അന്വേഷണ സംഘം ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നെങ്കിലും എം.എല്‍.എമാരെ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇവര്‍ വെറും കയ്യോടെ മടങ്ങുകയായിരുന്നു.
ഹരിയാന മനേസറിലെ രണ്ട് ഹോട്ടലുകളിലായിട്ടാണ് പൈലറ്റ് ക്യാമ്പിലെ 18 എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം. ഇവരുമായി ബന്ധപ്പെടാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
രാജസ്ഥാനില്‍നിന്നുള്ള അന്വേഷണ സംഘത്തെ ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ പൊലീസ് തടയുന്നത് പൈലറ്റുമായുള്ള ബി.ജെ.പിയുടെ ബന്ധത്തിന് തെളിവാണെന്നാണ് അശോക് ഗെലോട്ട് ആരോപിക്കുന്നത്.
അതേസമയം, സ്‌പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരെ സച്ചിൻ പൈലറ്റ് ഉൾപ്പെടെ 19 എം.എൽ.എമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വാദം പുനഃരാരംഭിക്കും. അതിനിടെ 102 എം.എൽ.എമാരുടെ പിന്തുണ അവകാശപ്പെടുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ട് ഈയാഴ്‌ച നിയമസഭ വിളിച്ച് വിശ്വാസവോട്ട് തേടിയേക്കും. വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















