35 വര്‍ഷങ്ങള്‍ നീണ്ട വാദത്തിനു ശേഷം രാജാ മാന്‍സിങ് വധക്കേസില്‍ ശിക്ഷാവിധി ഇന്ന്

മൂന്നരപ്പതിറ്റാണ്ടിലേറെ നീണ്ട വാദത്തിനൊടുവില്‍ രാജസ്ഥാനിലെ ഭരത്പുര്‍ രാജവംശത്തില്‍പ്പെട്ട രാജാ മാന്‍സിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന്് ശിക്ഷ വിധിക്കും. കേസില്‍ 11 പോലീസുകാര്‍ കുറ്റക്കാരാണെന്ന് ഉത്തര്‍പ്രദേശിലെ മഥുര കോടതി കണ്ടെത്തി.
രാജാ മാന്‍സിങ് 1985 ഫെബ്രുവരി 21-നാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനില്‍ കോളിളക്കമുണ്ടാക്കിയ സംഭവത്തേത്തുടര്‍ന്ന് രണ്ടുദിവസത്തിനകം അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ശിവചരണ്‍ മാത്തുറിനു രാജിവയ്ക്കേണ്ടിവന്നു.
1985-ലെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍, ദീഗ് മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥി ആയിരുന്നു രാജാ മാന്‍സിങ്ങ്. അദ്ദേഹത്തിനെതിരേ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ബ്രിജേന്ദ്ര സിങ്ങായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
ഭരത്പുര്‍ രാജവംശത്തിന്റെ പതാകയെ പ്രചാരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപമാനിച്ചത് രാജാ മാന്‍സിങ്ങിനെ കുപിതനാക്കി. അതേ തുടര്‍ന്ന് ഫെബ്രുവരി 20-ന് മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന റാലിയുടെ വേദിയിലേക്ക് അദ്ദേഹം ജീപ്പ് ഓടിച്ചുകയറ്റി. മുഖ്യമന്ത്രി സഞ്ചരിക്കേണ്ടിയിരുന്ന ഹെലികോപ്ടറിനു കേടുപാട് വരുത്തി. പിറ്റേന്ന് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ എത്തിയ മാന്‍സിങ്ങിനെയും രണ്ട് അനുയായികളെയും ഡെപ്യൂട്ടി സൂപ്രണ്ട് കാന്‍ സിങ് ഭാട്ടിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
കോടതി ഇന്നു ശിക്ഷ വിധിക്കുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ അന്നത്തെ ഡെപ്യൂട്ടി സൂപ്രണ്ട് കാന്‍ സിങ് ഭാട്ടിയയുമുണ്ട്. ഫെബ്രുവരി 28-നു കേസ് സി.ബി.ഐക്കു കൈമാറി. ആദ്യ വാദം കേട്ടതു രാജസ്ഥാനിലെ കോടതിയാണെങ്കിലും പിന്നീടു സുപ്രീം കോടതി നിര്‍ദേശപ്രകാരം യു.പിയിലെ മധുര കോടതിയിലേക്കു മാറ്റുകയായിരുന്നു. 35 വര്‍ഷത്തിനിടെ 1700 തവണയാണു കേസില്‍ വാദം കേട്ടത്.
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള 18 വിമത എം.എല്‍.എമാരില്‍ ഒരാളായ വിശ്വേന്ദ്ര സിങ്ങിന്റെ മാതുലനാണ് കൊല്ലപ്പെട്ട രാജാ മാന്‍സിങ്.
https://www.facebook.com/Malayalivartha






















