കോവിഡ് സ്ഥിരീകരിച്ച 3,338 പേരെ ബെംഗളൂരുവില്‍ കാണാനില്ല, ഇവര്‍ പരിശോധനയ്ക്ക് തെറ്റായ മൊബൈല്‍ നമ്പറും വിലാസവും നല്‍കി

ബെംഗളൂരുവില്‍ പരിശോധനയ്ക്കായി സ്രവം നല്‍കിയ 3,338 പേരെ ഇതുവരെ കണ്ടെത്താനായില്ലെന്നും, തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍. 'പോസിറ്റീവ് രോഗികളില്‍ ചിലരെ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താന്‍ കഴിഞ്ഞു. പക്ഷേ 3,338 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. നഗരത്തിലെ ആകെ രോഗബാധിതരുടെ 7 ശതമാനമാണ് ഈ സംഖ്യ. അവരില്‍ ചിലര്‍ പരിശോധനയില്‍ തെറ്റായ മൊബൈല്‍ നമ്പറും വിലാസവും നല്‍കി. പരിശോധന ഫലം ലഭിച്ചതിന് ശേഷം അവര്‍ അപ്രത്യക്ഷരായി'- ബിബിഎംപി കമ്മിഷണര്‍ എന്‍. മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.
ബെംഗളൂരുവില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോവിഡ് കേസുകളില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കര്‍ണാടകയില്‍ പകുതിയോളം കേസുകളും ബെംഗളൂരുവില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തവയാണ്. പരമാവധി ശ്രമിച്ചിട്ടും കാണാതായ രോഗികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. പരിശോധന ഫലം പോസിറ്റീവായവര്‍ ക്വാറന്റീനിലായതായും വിവരമില്ല.
കോവിഡ് പോസിറ്റീവായ എല്ലാവരേയും കണ്ടെത്തുകയും ക്വാറന്റീനിലാക്കുന്നത് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും, രോഗബാധിതരെ കണ്ടെത്തുന്നതിനും, ഐസലേഷനിലാക്കുന്നതിനും മുന്‍ഗണന നല്‍കുമെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന്, കോവിഡ് പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിക്കുന്നതിനു മുന്‍പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യപ്പെടാനും മൊബൈല്‍ നമ്പറുകള്‍ പരിശോധിക്കാനും അധികാരികള്‍ തീരുമാനിച്ചു.
കര്‍ണാടകയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും 5,000 പുതിയ കോവിഡ് കേസുകള്‍ റിപ്പാര്‍ട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരുവില്‍ മാത്രം 2,036 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ 43,503 കേസുകള്‍ ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 72 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു, ഇതില്‍ 30 പേര്‍ ബെംഗളൂരുവിലാണ്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 1,796 ആയി.
https://www.facebook.com/Malayalivartha























