വിദേശ സംഭാവന നിയന്ത്രണ ബില്‍ ഭേദഗതി ലോക്‌സഭ പാസാക്കി, കേന്ദ്രസര്‍ക്കാരിന്റെ ഗൂഢ അജന്‍ഡകള്‍ നടപ്പാക്കാനും താല്‍പര്യമില്ലാത്ത വിഭാഗങ്ങളുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഒതുക്കാനുമാണ് ഭേദഗതിയെന്ന് പ്രതിപക്ഷം

സന്നദ്ധ സംഘടനകളും മറ്റും വിദേശത്തു നിന്നു സംഭാവനകള്‍ സ്വീകരിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന വിദേശ സംഭാവന നിയന്ത്രണ ബില്‍ ഭേദഗതി ലോക്‌സഭ പാസാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഗൂഢ അജന്‍ഡകള്‍ നടപ്പാക്കാനും താല്‍പര്യമില്ലാത്ത വിഭാഗങ്ങളുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഒതുക്കാനുമാണ് ഭേദഗതിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിട്ട് ചര്‍ച്ച നടത്തണമെന്നും സര്‍ക്കാരിന് താല്‍പര്യമില്ലാത്ത വിഭാഗങ്ങളെ നിയന്ത്രിക്കലാണ് ഉദ്ദേശ്യമെന്നും കോണ്‍ഗ്രസ് അംഗം ഗൗരവ് ഗൊഗോയ് പറഞ്ഞു. സര്‍ക്കാരിന്റെ ഗൂഢ അജന്‍ഡകളാണ് ഭേദഗതികള്‍ക്കു പിന്നിലെന്ന് ഇ.ടി. മുഹമ്മദ് ബഷീറും കുറ്റപ്പെടുത്തി. വിദ്യാഭ്യാസ രംഗത്തും മറ്റും സേവനങ്ങള്‍ ചെയ്യുന്ന ക്രിസ്ത്യന്‍ സംഘടനകളെ നിയന്ത്രിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എഐഎംഐഎം അംഗം സയ്യിദ് ഇംതിയാസ് ജലീല്‍ പറഞ്ഞു.
സേവനത്തിന്റെ പേരില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആക്ഷേപം ശക്തമാണെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു. പലയിടത്തും ഇതുപോലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ കൂടിയായ ബിജെപി അംഗം സത്യപാല്‍ സിങ് പറഞ്ഞു.സര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് എന്‍സിപി അംഗം സുപ്രിയ സുലെ പറഞ്ഞു.
എന്‍ജിഒകള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ എതിരല്ല സര്‍ക്കാരെന്ന് ചര്‍ച്ചകള്‍ക്കു മറുപടി പറഞ്ഞ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. രാജ്യത്തേക്കു വരുന്ന വിദേശ സഹായം അതതു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഭേദഗതി.
പാവപ്പെട്ടവന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബില്ലിന്റെ ചര്‍ച്ചയില്‍ ആന്റോ ആന്റണി പറഞ്ഞു. 3 വര്‍ഷം കൊണ്ട് 6,600 എന്‍ജികളുടെ എഫ്‌സിആര്‍എ ലൈസന്‍സാണ് റദ്ദു ചെയ്തത്. മതന്യൂനപക്ഷങ്ങളുടെ ട്രസ്റ്റുകളാണെന്നതു കൊണ്ടു മാത്രമാണ് ഇവ റദ്ദാക്കിയത്. കംപാഷന്‍ ഇന്റര്‍നാഷനല്‍ എന്ന സന്നദ്ധ സംഘടന പ്രതിവര്‍ഷം 300 കോടി രൂപ 1,45,000 കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും മറ്റുമായി നല്‍കിയിരുന്നു. ഇതു നിര്‍ത്തലാക്കിയ സര്‍ക്കാര്‍ ഈ കുട്ടികളുടെ ക്ഷേമത്തിനായി പകരം ഒന്നും ചെയ്തില്ല.
മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം തെറ്റാണ്. രാജ്യത്തെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ സഹായിച്ചവരില്‍ 99% ഇതര മതവിഭാഗങ്ങളില്‍പ്പെട്ടവരാണെന്നും ആന്റോ പറഞ്ഞു
പുതിയ ഭേദഗതികള്‍ പ്രകാരം:
എസ്ബിഐയുടെ ന്യൂഡല്‍ഹിയിലെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ശാഖയില്‍ എഫ്‌സിആര്‍എ അക്കൗണ്ട് തുറന്ന് അതിലൂടെ മാത്രമേ വിദേശ സംഭാവനകള്‍ സ്വീകരിക്കാനാവൂ. ആവശ്യമെങ്കില്‍ മറ്റിടങ്ങളില്‍ തുറക്കുന്ന എഫ്‌സിആര്‍എ അക്കൗണ്ടുകളിലേക്ക് ഡല്‍ഹി അക്കൗണ്ടില്‍ വരുന്ന പണം മാറ്റാം. ഡല്‍ഹിയിലെ അക്കൗണ്ട് വിവരങ്ങളും ഇടപാടുകളും അധികൃതരെ അറിയിക്കണം. എഫ്‌സിആര്‍എ അക്കൗണ്ടില്‍ വരുന്ന പണം ആ സംഘടന മാത്രമേ ഉപയോഗിക്കാവൂ. കൈമാറരുത്.
എന്‍ജിഒകളുടെ മാനേജ്‌മെന്റിലുള്ള എല്ലാ വ്യക്തികളുടെയും ആധാര്‍ വിവരങ്ങള്‍ എഫ്‌സിആര്‍എ റജിസ്‌ട്രേഷന്‍ സമയത്ത് കേന്ദ്രസര്‍ക്കാരിനു നല്‍കണം. വിദേശ പണം സ്വീകരിക്കാന്‍ അനുമതിയില്ലാത്തവരില്‍ 'പൊതു സേവകന്‍' എന്ന വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തി. ഐപിസി 21-ാം വകുപ്പിലുള്ള പൊതുസേവകന്റെ പരിധിയിലുള്ളവര്‍ (പൊലീസ് ഉദ്യോഗസ്ഥര്‍, അധികാര സ്ഥാനത്തുള്ളവര്‍ തുടങ്ങിയവര്‍) ഇതില്‍ വരും.
ചട്ടലംഘനം കണ്ടാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് 180 ദിവസത്തില്‍ നിന്ന് അതില്‍ കൂടുതല്‍ സമയത്തേക്കും നീട്ടി.
https://www.facebook.com/Malayalivartha
























