ഇന്ത്യയില്‍ ലഹരിമരുന്ന് എത്തിക്കുന്നത് രാജ്യാന്തര റാക്കറ്റ്, കന്നഡ ലഹരി റാക്കറ്റിന് തീവ്രവാദ ബന്ധവും

ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ചൂതാട്ടകേന്ദ്രങ്ങളുടെ ഭാഗമായ രാജ്യാന്തര റാക്കറ്റാണ് ഇന്ത്യയില്‍ ലഹരിമരുന്ന് എത്തിക്കുന്നതെന്നും കന്നഡ സിനിമയുമായി ബന്ധപ്പെട്ട ലഹരി റാക്കറ്റ് കേസിന് ഹവാല, തീവ്രവാദ ബന്ധങ്ങളുണ്ടെന്നും കര്‍ണാടക പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം കണ്ടെത്തി.
കന്നഡ സീരിയല്‍ താരങ്ങളായ അഭിഷേക് ദാസ്, ഗീത ഭാരതി ഭട്ട് എന്നിവരെയും പൊലീസ് വിളിച്ചുവരുത്തി. നടന്‍ യോഗേഷ്, ക്രിക്കറ്റ് താരം എന്‍.സി അയ്യപ്പ എന്നിവരെ വീണ്ടും ചോദ്യം ചെയ്‌തേക്കും. അതിനിടെ, കന്നഡ നടന്‍ ദിഗന്ത് മഞ്ചാലെയെ വീണ്ടും ചോദ്യം ചെയ്തു. 5 വര്‍ഷം മുന്‍പ് കാഴ്ച ശക്തി ഭാഗികമായി നഷ്ടപ്പെട്ടതിനെ തുടര്‍ന്നു താന്‍ ലഹരി ഉപയോഗം ആരംഭിച്ചെന്നു സമ്മതിച്ച ദിഗന്തിന്, എവിടെ നിന്നാണു ലഹരി ലഭിക്കുന്നതെന്ന വിവരമാണു പൊലീസ് തേടുന്നത്.
ലഹരി പാര്‍ട്ടി സംഘാടകന്‍ വിരേന്‍ ഖന്നയുടെ മൊബൈലില്‍ നിന്ന് ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ ഫോണ്‍ നമ്പരുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. നടിമാരായ രാഗിണി ദ്വിവേദിക്കും സഞ്ജന ഗല്‍റാണിക്കുമൊപ്പം അറസ്റ്റിലായതാണ് വിരേന്‍ ഖന്ന.
ബെംഗളൂരു നഗരപരിധിയിലെ ഒരു എംഎല്‍എയുടെ മകനുമായി വിരേന് അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു.
https://www.facebook.com/Malayalivartha
























